പത്തനംതിട്ട: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പേരൂര്‍ച്ചാല്‍ പാലത്തിന്റെ പണികള്‍ അന്തിമഘട്ടത്തിലേക്ക്. പമ്പാനദിക്കു കുറുകെ പേരൂര്‍ച്ചാലില്‍ 1998ല്‍ പണികള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് പാലം ഇരുകരകള്‍ മുട്ടിയത്. കീക്കൊഴൂര്‍, ഇടപ്പാവൂര്‍ (പേരൂര്‍ച്ചാല്‍) കരകളെ തമ്മില്‍ ബന്ധിപ്പിച്ച് പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തവണ തിരുവാഭരണഘോഷയാത്ര ഇതുവഴി കടന്നുപോകാനാകും.
ജനുവരി ആറിനു മുമ്പ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. പാലത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചുവെങ്കിലും അപ്രോച്ച് റോഡിന്റെയും ബലക്ഷയത്തിലായ തൂണുകളുടെയും പണികള്‍ ബാക്കിയാണ്.
ഇതിനുള്ള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതു പൂര്‍ത്തിയായില്ലെങ്കിലും പാലത്തിലൂടെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകാന്‍ സൗകര്യം ഒരുക്കുമെന്നാണ് സൂചന.
ജനുവരി 13നു പുലര്‍ച്ചെയാണ് ഘോഷയാത്ര ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ പേരൂര്‍കരയോടു ചേര്‍ന്നുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റിംങാണ് കഴിഞ്ഞദിവസം നടന്നത്. കൈവരികളുടെ നിര്‍മ്മാണവും അപ്രോച്ച് റോഡും പൂര്‍ത്തിയാകാനുണ്ട്. കൈവരികളുടെ നിര്‍മാണം ആരംഭിക്കുകയും അപ്രോച്ച് റോഡിനു ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.
പേരൂര്‍ച്ചാലില്‍ പാലം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നതിന് ഇവിടെ കടത്തുവള്ളമായിരുന്നു ആശ്രയം.
അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം വന്നാല്‍ പുതിയൊരു പാതയ്ക്കുള്ള സാധ്യതയും തെളിഞ്ഞിരുന്നു. നിലവില്‍ പുനലൂര്‍ – മൂവാറ്റുപുഴ, മണ്ണാരക്കുളഞ്ഞി – പമ്പ റോഡുകളില്‍ നിന്ന് കീക്കൊഴൂരിലേക്ക് റോഡുണ്ട്. കോഴഞ്ചേരി – റാന്നി റോഡും കീക്കൊഴൂര്‍ വഴിയാണ്.
മറുകരയില്‍ ഇടപ്പാവൂര്‍ കരയിലെ പേരൂര്‍ച്ചാലിലൂടെ ചെറുകോല്‍പ്പുഴ വഴിയുള്ള കോഴഞ്ചേരി – റാന്നി റോഡും കടന്നുപോകുന്നു. പേരൂര്‍ച്ചാലില്‍ നിന്നാരംഭിച്ച് പ്ലാങ്കമണ്‍, മല്ലപ്പള്ളി വഴി കോട്ടയത്തേക്ക് പുതിയൊരു യാത്രാമാര്‍ഗവും ഇതിലൂടെ തുറക്കാനാകും. റാന്നി പാലത്തിന്റെ പുനര്‍നിര്‍മാണം നടക്കുമ്പോഴാണ് പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് പേരൂര്‍ച്ചാലിലും ശിലാസ്ഥാപനം നടത്തിയത്. റാന്നി പാലം സമയബന്ധിതമായി പൂര്‍ത്തീകരിച്ചപ്പോള്‍ പേരൂര്‍ച്ചാലില്‍ തുടക്കത്തിലേ നിര്‍മാണം മന്ദഗതിയിലായി.
മൂന്നുവര്‍ഷത്തിനുശേഷം കരാര്‍ റദ്ദായി. ഇതേ സമയം നദിയില്‍ രണ്ട് കിണറുകള്‍ നിര്‍മിച്ച് കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. സാങ്കേതിക തടസങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം പണികളെ ബാധിച്ചു.
12 വര്‍ഷത്തിനു ശേഷമാണ് വീണ്ടും നിര്മാണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഇതിനിടെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകാനായി നദിയില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചുകൊണ്ടേയിരുന്നു. മൂന്നുവര്‍ഷം മുമ്പ് പാലത്തിന്റെ പണികള്‍ തുടങ്ങിയെങ്കിലും വീണ്ടും നിര്‍ത്തിവച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ കോടതിയെ സമീപിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കണമെന് ഹൈക്കോടതി നിര്‍ദ്ദേശവും നല്കി. കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ജനുവരി ആറുവരെയാണ് അനുവദിച്ച കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: