തിരുവനന്തപുരം: കോഫിപെയിന്റിംഗില്‍ തീര്‍ത്ത ചിത്രങ്ങള്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത പത്മനാഭവിഗ്രഹം തുടങ്ങി വ്യത്യസ്തവിഭവങ്ങളുമായി കരകൗശലമേള വിജെടി ഹാളില്‍ ആരംഭിച്ചു. പെയിന്റിംഗ്‌സിന്റെയും ക്രാഫ്റ്റുകളുടെയും പുത്തന്‍രൂപവുമായാണ് മണ്ണന്തലയിലെ ജിഡിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ വിദ്യാര്‍ഥികള്‍ മേളയില്‍ എത്തിയിരിക്കുന്നത്.
പ്രത്യേക താപത്തില്‍ തിളപ്പിച്ച കാപ്പിപ്പൊടി വ്യത്യസ്ത വര്‍ണങ്ങള്‍ കലര്‍ത്തി തടിയില്‍ വരച്ചാണ് കോഫി പെയിന്റിംഗ് ചെയ്യുന്നത്. ഒരു കോഫി പെയിന്റിംഗ് പൂര്‍ത്തിയാക്കുന്നതിന് രണ്ടാഴ്ച വേണ്ടിവരുമെന്ന് ജിഡിഎസ് പ്രിന്‍സിപ്പാള്‍ ജിഷ സനല്‍ പറഞ്ഞു. ഇത് കൂടാതെ ഗ്ലാസ്‌പെയിന്റിംഗ്, ത്രീഡി എംബ്രോയിഡറിവര്‍ക്കില്‍ തീര്‍ത്ത സാരി, ചുരിദാര്‍ മെറ്റീരിയല്‍, വിവിധതരം ജുവലറി ഉത്പന്നങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മുളയില്‍ നിര്‍മിച്ച കപ്പുകള്‍, വാഴനാരില്‍ തീര്‍ത്ത ചവിട്ടികള്‍, കഥകളിയുടെയും ശംഖിന്റെയും രൂപത്തിലുള്ള ഘടികാരങ്ങള്‍, പേരുകേട്ട ബെഹല്‍പൂര്‍ ചുരിദാറുകള്‍, പാനിപട്ട് ബെഡ്ഷീറ്റ്, മുളകൊണ്ട് നിര്‍മിച്ച പുല്‍ക്കൂട്, കളിമണ്‍ഉപകരണങ്ങള്‍ തുടങ്ങി വിവിധതരം വസ്തുക്കളാണ് മേളയില്‍ വിപണനയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. സുരഭി കേരളസ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ്‌സ് അപ്പക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങളും കൈത്തറി തുണിത്തരങ്ങളും ജുവലറി ഉത്പന്നങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്ന മേള 24 സമാപിക്കും.
















