തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കാനുളള ഊര്‍ജിതമായ കര്‍മപരിപാടിയാണ് സഹകരണവകുപ്പ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് സഹകരണമേഖലയെ മാറ്റുന്നത് കേരളബാങ്ക് രൂപീകരിക്കാനാണ്. സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും ലയിച്ച് ആധുനിക സാങ്കേതികസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും അപേക്ഷ നല്‍കിയത്. ഇതേ കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ കുറേനാളായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
















