തളിപ്പറമ്പ്: ആവശ്യമായ പ്രതിരോധ മുന്‍കരുതലുകള്‍ ഇല്ലാത്തതാണ് സഹകരണ ആശുപത്രിയില്‍ തീപ്പിടിക്കാനുണ്ടായ കാരണമെന്ന് ആരോപണം. കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തില്‍ ഒരുകോടിരൂപയോളം നഷ്ടമുണ്ടായതായാണ് പ്രാധമിക നിഗമനം.
താഴത്തെ നില ഉള്‍പ്പെടെ ആറ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അഗ്നിപ്രതിരോധത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ഒരുവിധത്തിലുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. ബഹുനില കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട അഗ്നിപ്രതിരോധ മുന്‍കരുതലുകള്‍ ഇല്ലാത്തതിന്റെ ദുരന്തഫലമാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ട 85ഓളം രോഗികളും അവരുടെകൂട്ടിരിപ്പുകാരായ നൂറോളം പേരും അനുഭവിച്ചത്. ഭാഗ്യംകൊണ്ടാണ് ആര്‍ക്കും അപായമുണ്ടാകാതിരുന്നത്.
മെഡിക്കല്‍ സ്‌റ്റോറില്‍ ഉണ്ടായ മരുന്നുകള്‍ക്ക് തീപ്പിടിച്ചതോടെ രൂക്ഷമായ ഗന്ധവും പുകയുമാണ് അനുഭവപ്പെട്ടത്. ഇതില്‍നിന്നും സാഹസികമായാണ് രോഗികളുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്. പുറത്തെ ജനല്‍ ചില്ലുകളും ഗ്രില്‍സുകളും തകര്‍ത്ത് ഏണി ഉപയോഗിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.
വന്‍കിട കെട്ടിടങ്ങളില്‍ അഗ്നിരക്ഷായന്ത്രങ്ങള്‍ സ്ഥാപിക്കാറുണ്ടെങ്കിലും അവയില്‍ പലതും നോക്കുകുത്തികളായി മാറുകയാണ് പതിവ്. ഇത്തരം യന്ത്രങ്ങള്‍ അത്യാവശ്യഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും അറിയുന്നവര്‍ ഇവിടെ ഉണ്ടാകാറില്ല. തളിപ്പറമ്പില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ജില്ലയിലെ കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമാക്കാനും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
















