വാളയാര്‍: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളടുക്കുന്നതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകുന്നു. ജില്ലയില്‍ തന്നെ ഒമ്പതോളം അതിര്‍ത്തി ചെക്പോസ്റ്റുകളുണ്ടെങ്കിലും ഇവക്കു സമാന്തരമായി നാല്പതിലധികം ഊടുവഴികളും സമാന്തര പാതകളുമുണ്ട്.
മീന്‍, പാല് എന്നിവ കയറ്റിവരുന്ന കണ്ടെയിനറുകളും പച്ചക്കറി, വാഴക്ക, മുട്ട എന്നിവ കയറ്റിവരുന്ന ലോറികളും വഴിയാണ് സംസ്ഥാനത്തേക്ക് സ്പിരിറ്റെത്തുന്നത്. ഗോവ, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വന്‍കിട ഗോഡൗണുകളില്‍ നിന്നുമെത്തുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ പൊള്ളാച്ചി, മധുര, പഴനി, ദിണ്ഢിക്കല് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ചരക്കുവാഹനങ്ങള്ക്കുപുറമെ ആഢംബര കാറുകളില്‍ ചെറിയ തോതിലും കടത്ത് സജീവമാണ്. 35 ലിറ്റര്‍ കൊള്ളുന്ന കന്നാസുകളിലായി 3000 മുതല്‍ 6000 വരെ ലിറ്റര്‍ സ്പിരിറ്റ് കടത്തിവരുന്നുണ്ട്.
ക്രിസ്തുമസ്, പുതുവത്സര വിപണിയെ ലക്ഷ്യമാക്കി തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുന്നു. ചിറ്റൂരില്‍ മാസങ്ങള്‍ക്കുമുമ്പ് കാറില്‍ കടത്തിയ 600 ലിറ്റര്‍ സ്പിരിറ്റടക്കം 9 കേസുകളാണ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയിട്ടുള്ളത്. ഇതില്‍ 6000 ലിറ്റര്‍ സ്പിരിറ്റും 9 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
12 പ്രതികളെ ഇതില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെന്റ് എ. കാര്‍ സംവിധാനത്തിലൂടെയെടുക്കുന്ന ചെറുകിട വാഹനങങളും പൊളിമാര്ക്കറ്റുകളില് നിന്നു സ്ക്രാപ്പു വിലക്കെടുക്കുന്ന ചരക്കുവാഹനങ്ങളുമാണ് കടത്തിനുപയോഗിക്കുന്നതിനാല് പിടിക്കപ്പെട്ടാലും വണ്ടികള്‍ ഉപേക്ഷിക്കുകയാണ് പതിവ്.
സ്റ്റേഷനുകളിലെത്തുന്ന സ്പിരിറ്റ് മാസങ്ങള്‍ക്കുശേഷം രാഷ്ട്രീയ സാമ്പത്തിക സ്വാധീനം മൂലം വെള്ളമാവുന്നതും പതിവാണ്. പിടിക്കപ്പെടുന്നവര്‍ 14 ദിവസത്തെ റിമാന്റിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കടത്തുതുടങ്ങുന്നു. സംസ്ഥാനത്തിനു പുറത്ത് 35-40 രൂപ വിലയുള്ള സ്പിരിറ്റ് തെക്കന്‍ കേരളത്തിലെ മുതലാളിമാരുടെ പക്കലെത്തുമ്പോള്‍ ലിറ്ററിന് 250-300 രൂപയാവും.
ജില്ലയില്‍ എക്സൈസിന്റെ അംഗബലവും ഔദ്യോഗിക പരിമിതികളും കടത്തുകാര്‍ക്ക് ചാകരയാവുമ്പോള് ക്രിസ്തുമസ് പുതുവത്സരം കൊഴിപ്പിക്കല്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകാനുള്ള സാധ്യതയേറെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: