പത്തനംതിട്ട: മാറിയ സാമൂഹ്യ സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന ശൈഥില്യം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്ന് മന്ത്രി മാത്യു ടി.തോമസ്. പത്തനംതിട്ട പ്രസ്ക്ലബ്ബില്‍ ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാല്യകാലത്ത് വാത്സല്യം ലഭിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. വാത്സല്യം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ നിയമ നിര്‍മാണം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നവയല്ല. ബാല്യ കൗമാരങ്ങളില്‍ ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍ പലപ്പോഴും കുട്ടികളെ തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്നു.
ഇത്തരം കുട്ടികള്‍ക്ക് കൈത്താങ്ങാകുവാന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും കഴിയണം. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയും. ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണം പാലിക്കുവാനും കഴിയണം.
ബാലാവകാശ സംരക്ഷണത്തിലും കുട്ടികളുടെ പുരോഗതിക്കുതകുന്ന പദ്ധതികളുടെ നടത്തിപ്പിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
വീണാജോര്‍ജ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ലഘുലേഖകളുടെയും കൈപ്പുസ്തകത്തിന്റെയും വിതരണവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ആര്.ഗിരിജ മുഖ്യപ്രഭാഷണം നടത്തി.
പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന് സ്വാഗതം ആശംസിച്ചു. ബാലാവകാശ സംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്ബോബി എബ്രഹാം ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: