പനമരം: കുണ്ടാല പ്ലൈവു ഡ് ഫാക്ടറിയ്ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസിനെതിരെ സമരം നടത്തുമെന്ന് പ്രദേശവാസികള്‍. പ്ലൈവുഡ് ഫാക്ടറിക്ക് സമീപത്തെ കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഫാക്ടറിയില്‍ നിന്നും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും ദുര്‍ഗന്ധവും യന്ത്രങ്ങളുടേയും മറ്റും ശബ്ദവും കാരണം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഉറങ്ങുന്നതിനോ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെ ന്നും കുട്ടികള്‍ ശ്വാസതടസം, ചൊറിച്ചില്‍, ഛര്‍ദി പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കടുത്ത പരിസ്ഥിതി ദുരന്തങ്ങളും മാരക രോഗങ്ങളുമുണ്ടാക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, പെന്റാ ക്ലോറോഫിനോള്‍ തുടങ്ങിയ മാരക രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവിടെ പ്ലൈവുഡുകള്‍ നിര്‍മ്മിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം കാരണം പരിസരത്തുള്ള കിണറുകളെല്ലാം മലിനമാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടത അനുഭവിക്കുകയാണ്. ഇതിനെതിരെ നല്കുന്ന പരാതികളില്‍ യാതൊരും നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ല. ഫാക്ടറിഉടമ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായും സംശയിക്കുന്നു. നിലവില്‍ ഫാക്ടറി പ്രവര്‍ത്തിക്കേണ്ട സമയം വൈകുന്നേരം ആറ് വരെയാണ്. എന്നാല്‍ 24 മണിക്കൂറും ഫാക്ടറി പ്രവര്‍ത്തിക്കുകയാണ്.
ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചതായും ഫാക്ടറിയെ എതിര്‍ക്കുന്ന സമീപവാസികള്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും സമീപവാസികള്‍ കുറ്റുപ്പെടുത്തി. വരുംദിവസങ്ങളില്‍ ഫാക്ടറി വൈകുന്നേരം ആറിന് ശേഷം പ്രവര്‍ത്തിച്ചാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമീപവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: