പാലക്കാട്:കെന്നല്‍ ക്ലബ്ബ് കഞ്ചിക്കോട് അസീസി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ശ്വാന പ്രദര്‍ശനത്തില്‍ കേട്ടുകേള്‍വി മാത്രമുള്ള നായകളെ കാണാന്‍ എത്തിയത് ആയിരങ്ങള്‍. ഡോഗ് ഓഫ് ദി ഇയറിനായി പഗ് മുതല്‍ ഗ്രേറ്റ് ഡെയ്ന്‍ വരെ മത്സരത്തിനിറങ്ങിയ നൂറുകണക്കിന് ശ്വാനമാര്‍ ആസ്വാദകരുടെ മനം കവര്‍ന്നു.
നടക്കാനാവാത്തവര്‍ക്കും കണ്ണുകാണാനാവാത്തവര്ക്കും വഴികാട്ടിയായുള്ള ഗോള്‍ഡന്‍ റിട്രീവര്‍,മഞ്ഞുമലകളില്‍ നിന്നുപോലും മനുഷ്യനെ സാഹസികമായി രക്ഷിക്കുന്ന സെന്റ് ബര്‍ണാഡ്,നായ് വംശത്തിലെ ഗ്ലാഡിയേറ്റര്‍ എന്നറിയപ്പെടുന്ന ബുള്‍ ടെറിയര്‍,ആര്‍ട്ടിക് പ്രദേശത്തുകാരനായ സൈബീരിയന്‍ ഹസ്കി എന്നീ ഇനങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു.
മീശയും താടിയും വച്ച് സ്പൈക്കന്‍ തലമുടിയുമായി നടക്കുന്ന മിനിയേച്ചര്‍ സ്നോസര് കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി. നോട്ടുപുസ്തകത്തിന്റെ മേലേ വയ്ക്കാനാവുന്ന മിനിയേച്ചര്‍ ഇനത്തിലെ പിംഗ്ഷര്, ലോകത്തിലെ ഏറ്റവും ചെറിയ നായ്ക്കള്‍ എന്നുവിളിക്കുന്ന ചിവാവ എന്നീ ഇനം നായ്ക്കളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 41 ഇനങ്ങളിലായി ഇരിന്നൂറോളം വളര്‍ത്തു നായ്ക്കളുടെ പ്രദര്‍ശനം ശ്വാനപ്രേമികളുടെ മനം കവര്‍ന്നു.
ലോക പ്രശസ്തരായ തായ്വാന്റെ നദാലിയ വെശ്വസ്ക,സിങ്കപ്പൂരില്‍ നിന്നുള്ള ച്യുമിങ് കോക് എന്നിവരാണ് വിധി കര്‍ത്താക്കളായി എത്തിയത്.പ്രദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് കെന്നല്‍ ക്ലബ്ബിന്റെ 50,51 ഗോള്‍ഡന്‍ ജൂബിലി ചാമ്പ്യന്‍ ഷിപ്പിനായി വിവിധ മത്സരങ്ങളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: