അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയുമുള്ള അവിവാഹിതരായ വനിതകള്‍ക്ക് സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസിന് കീഴിലെ ആറ് നഴ്‌സിംഗ് കോളേജുകളില്‍ പുതുവര്‍ഷം നടത്തുന്ന നാലുവര്‍ഷത്തെ ബിഎസ്‌സ് നഴ്‌സിംഗ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ മികച്ച അവസരം. ഇവിടെ വിദ്യാഭ്യാസം തികച്ചും സൗജന്യം. വിജയകരമായി പഠന-പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിലിട്ടറി നഴ്‌സിംഗ് സര്‍വ്വീസില്‍ ജോലി ഉറപ്പ്. പരിശീലന കാലയളവില്‍ മാസംതോറും സ്‌റ്റൈപ്പന്റ് ലഭിക്കും. മാത്രമല്ല, താമസസൗകര്യം, സൗജന്യ റേഷന്‍, യൂണിഫോം അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്.
2018 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പരിശീലത്തിന് അപേക്ഷ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ 2017 ഡിസംബര്‍ 11 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ മതി. അപേക്ഷാര്‍ത്ഥിക്ക് ഇ-മെയില്‍ ഐഡി, പാസ്‌വേര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയുണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ഇവ ആവശ്യമാണ്. ആപ്ലിക്കേഷന്‍ പ്രോസസിംഗ് ഫീസ് 150 രൂപ. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ സ്റ്റാറ്റസ്, എഴുത്തുപരീക്ഷക്ക് അര്‍ഹതയുള്ളവരുടെ റോള്‍ നമ്പരുകള്‍, മറ്റ് അപ്‌ഡേറ്റുകള്‍ അറിയുന്നതിന് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ നിരന്തരം ബന്ധപ്പെടണം.
അപേക്ഷകര്‍ ഭാരതപൗരത്വമുള്ള അവിവാഹിതരായ വനിതകളായിരിക്കണം. ബാധ്യതകളില്ലാത്ത വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 1993 ഒക്‌ടോബര്‍ ഒന്നിനും 2001 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ചവരെയാണ് പരിഗണിക്കുക.
റഗുലര്‍ വിദ്യാര്‍ത്ഥികളായി പഠിച്ച് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ കരസ്ഥമാക്കി ആദ്യ ചാന്‍സില്‍ പാസായിരിക്കണം. 2018 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. നഴ്‌സിംഗ് പ്രവേശനത്തിന് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 148 സെന്റീമീറ്ററില്‍ കുറയാത്ത (വടക്കു കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് 143 സെന്റമീറ്റര്‍) ഉയരവും, മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസും ഉണ്ടായിരിക്കണം.
സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജുകളും ബിഎസ്‌സി നഴ്‌സിംഗിന് ലഭ്യമായ സീറ്റുകളും ചുവടെ. പ്രവേശനമാഗ്രഹിക്കുന്ന കോളേജുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സെലക്ട് ചെയ്യാം.
- കോളേജ് ഓഫ് നഴ്‌സിംഗ്, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, പൂണെ (30 സീറ്റ്).
- കോളേജ് ഓഫ് നഴ്‌സിംഗ്, കമാന്‍ഡ് ഹോസ്പിറ്റല്‍ (ഈസ്‌റ്റേണ്‍ കമാന്‍ഡ്), കൊല്‍ക്കത്ത (20).
- കോളേജ് ഓഫ് നഴ്‌സിംഗ്, ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍, അശ്വനി (30).
- കോളേജ് ഓഫ് നഴ്‌സിംഗ്, ആര്‍മി ഹോസ്പിറ്റല്‍, ന്യൂദല്‍ഹി (30).
- കോളേജ് ഓഫ് നഴ്‌സിംഗ്, കമാന്‍ഡ് ഹോസ്പിറ്റല്‍ (സെന്‍ട്രല്‍ കമാന്‍ഡ്), ലക്‌നൗ (30).
- കോളേജ് ഓഫ് നഴ്‌സിംഗ്, കമാന്‍ഡ് ഹോസ്പിറ്റല്‍ (എയര്‍ഫോഴ്‌സ്), ബംഗളൂരു (20).
ദേശീയതലത്തില്‍ എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, വൈദ്യപരിശോധന നടത്തിയാണ് സെലക്ഷന്‍. എഴുത്തുപരീക്ഷക്ക് അര്‍ഹരായവരുടെ റോള്‍നമ്പരുകള്‍ വെബ്‌സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
എഴുത്തുപരീക്ഷ ഫെബ്രുവരിയില്‍ നടക്കും. ഇതിലേക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജനുവരി 15 മുതല്‍ വെ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് വിഷയങ്ങളില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.
കേരളത്തില്‍ ഏഴിമല (കണ്ണൂര്‍), കൊച്ചി, വെല്ലിംഗ്ടണ്‍, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. ചെന്നൈ, അംബാല, ബംഗളൂരു, മുംബൈ, പൂണെ, ദല്‍ഹി, ആഗ്ര, ലക്‌നൗ, മീററ്റ്, ഭോപ്പാല്‍, ഡറാഡൂണ്‍, ഗുവഹട്ടി, ജയ്പൂര്‍, ജബല്‍പൂര്‍, സെക്കന്‍ഡറാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവ എഴുത്തുപരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും.
പരീക്ഷാഫലം മാര്‍ച്ച് ആദ്യവാരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യുവിന് ക്ഷണിക്കും. വൈദ്യപരിശോധനകൂടി നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. അഡ്മിഷന് മെരിറ്റും കോളേജ് ചോയിസും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: