പത്തനംതിട്ട: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്ന് രജനി പ്രദീപിനെ മാറ്റുന്നത് സംബന്ധിച്ച് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനാവാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യാതെ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ തിരുവന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തെക്കുറിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ട് പിരിയുകയായിരുന്നു.
നഗരസഭാ വിഷയത്തില്‍ ഡിസിസിയുടെ തീരുമാനത്തിനെതിരെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രജനി പ്രദീപിനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനാവില്ലെന്ന് 13 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് രണ്ടര വര്‍ഷം വീതം എ.സുരേഷ് കുമാറും അരവിന്ദാക്ഷന് നായരും ചെയര്മാന്മാരാകുമെന്ന് ധാരണ പത്രം എഴുതി വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണയും മാറ്റം വേണ്ടെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ നിലപാട്. നിലവിലെ ഭരണം തൃപ്തികരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ രജനി പ്രദീപിനെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തും നല്കി. നഗരസഭയില്‍ ആകെ 16 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണുളളത്.
കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭൂരിപക്ഷ കൗണ്‍സിലര്‍മാരും രജനി പ്രദീപ് തുടരണമെന്ന് ആവശ്യപ്പെട്ടത്. ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കിടുന്ന കാര്യത്തില്‍ ഇത്തവണ ധാരണപത്രം എഴുതിയുണ്ടാക്കാതിരുന്നതും ഡിസിസി നേതൃത്വത്തിന് വിനയായി.
രജനി പ്രദീപിനെ മാറ്റാന്‍ തീരുമാനമെടുത്താല്‍ ശക്തമായി നേരിടുമെന്ന് അരവിന്ദാക്ഷന് നായര്‍ യോഗത്തില്‍ ശക്തമായി പറയുകയും ചെയ്തിരുന്നു. രജനി പ്രദീപ് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റോസ്ലിന് സന്തോഷ്, ഗീതാ സുരേഷ് എന്നിവര്‍ അടുത്ത മൂന്നു വര്‍ഷം ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കിടണമെന്നായിരുന്നു ഡിസി സിയുടെ നിലപാട്. ഭൂരിഭാഗം കൗണ്‍സിലര്‍മാരും രജനി പ്രീദിപിനൊപ്പം നില്‍ക്കുന്നത് റോസ്ലിന് സന്തോഷിനും ഗീതാ സുരേഷിനും തിരിച്ചടിയായി. അടുത്ത ഊഴം ഗീതാസുരേഷിന് നല്‍കണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി. മോഹന്‍രാജും ശിവദാസന്‍ നായരും പങ്കെടുത്ത യോഗത്തിലായിരുന്നു കൗണ്‍സിലര്‍മാര്‍ അഭിപ്രായം വെളിപ്പെടുത്തിയത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിക്കാനാണ് യോഗം വിളിച്ചതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നുമാണ് ബാബു ജോര്‍ജിന്റെ അവകാശവാദം. 32 അംഗ കൗണ്‍സിലില്‍ ഭരണ പക്ഷത്ത് 22പേരുണ്ട്. നാല് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതും രണ്ടു പേര് മുസ്ലീം ലീഗുമാണ്. എല്‍ഡിഎഫിന് ഒന്‍പത് അംഗങ്ങളും എസ്ഡിപിഐയ്ക്ക് ഒരംഗവുമുണ്ട്. നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: