ഗര്‍ഭപാത്രത്തില്‍ കിടന്ന് ഞാന്‍ ഗുരുവിന്റെ വിളികേട്ടോ എന്ന് എനിക്കറിയില്ല. പക്ഷേ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടാവാമെന്ന്. അന്നു മുതല്‍ ഞാന്‍ കൂടുതല്‍ ഉന്മേഷവതിയായെന്ന് പലതവണ അമ്മ പറഞ്ഞിരുന്നു. പിന്നിട് ഞാന്‍ അമ്മയുടെ വയറ്റില്‍ കിടന്ന് തട്ടുകയും, ചവിട്ടുകയും ചെയ്യുന്നതിന്റെ എണ്ണം കുടിയത്രേ”. ശ്രീനാരായണഗുരു ദേവന് പേരിട്ട മീനാക്ഷി ഇന്ന് തൊണ്ണൂറ്റി അഞ്ചിന്റെ നിറവിലാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഓര്‍മ്മയ്ക്ക് ഒട്ടും മങ്ങലില്ല.
”ഞങ്ങളുടെ പ്രാക്കുളം തോട്ടുവേലില്‍ കുടുംബത്തില്‍ വിശ്രമിക്കാനെത്തിയ ചട്ടമ്പിസ്വാമികളെ കാണാനെത്തിയതാണ് ശ്രീനാരായണഗുരു. പ്രാക്കുളം പരമേശ്വരന് പിള്ളയായിരുന്നു കുടുംബകാരണവര്. അമ്മാവന് കുമ്പളത്ത് ശങ്കുപ്പിള്ളയോടൊപ്പമാണ് ഗുരുസ്വാമി വീട്ടില്‍ എത്തിയത്. സുഖമില്ലാതെ വിശ്രമത്തിലായിരുന്ന ചട്ടമ്പിസ്വാമികളെ കാണുക എന്നതായിരുന്നു ഗുരുവിന്റെ ആഗമന ഉദ്ദേശം. തീര്‍ത്ഥപാദര്‍ സ്വാമിയും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം താമസിച്ചശേഷമാണ് ഗുരുസ്വാമി വീട്ടില്‍ നിന്ന് മടങ്ങിയത്.” കേട്ടറിവും, തന്റെ ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് മീനാക്ഷി.
ജാതീയതയും, തൊട്ടുകൂടായ്മയും കൊടികുത്തി നിന്ന അക്കാലത്ത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്ക്കും തുല്യത നല്‍കിയിരുന്നു. അമ്മാവനെ കാണാന്‍ വീട്ടിലെത്തുന്ന ഇതര സമുദായത്തില്‍പ്പെട്ടവരോടൊപ്പം ഒന്നിച്ചിരുന്നായിരുന്നു പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. നായര്‍- ഈഴവ ബന്ധം ശക്തമാകണമെന്ന നിലപാടായിരുന്നു അമ്മാവന്മാര്ക്ക്. നായര്‍ സമുദായം ശക്തമാകുന്നതിനോടൊപ്പം മറ്റ് ഹൈന്ദവസമുദായങ്ങളും ശക്തമാകണമെന്ന് ശങ്കുപ്പിള്ള അമ്മാവന് എപ്പോഴും പറയുമായിരുന്നു. പരസ്പര ബഹുമാനവും അമ്മാവനില്‍ നിന്നാണ് ആദ്യം പഠിച്ചത്.
ഗുരുസ്വാമിയെ സ്വീകരിക്കാന്‍ ഭാഗ്യം കിട്ടിയത് എന്റെ അമ്മ കാര്‍ത്ത്യായനി അമ്മയ്ക്കാണ്. ഗര്‍ഭിണിയായിരുന്ന അമ്മ താലത്തില്‍ പഴവും, പാലും നല്കാന് ഗുരുവിന്റെ മുമ്പില്‍ എത്തിയപ്പോള്‍ വയറ്റില്‍ മീനാക്ഷിയാണല്ലോ എന്ന് ഗുരുദേവന് പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ആണ്‍കുട്ടിയെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഞാന്‍ പിറന്നപ്പോള്‍ ഗുരുസ്വാമി വിളിച്ച പേരാണ് അച്ഛന് എനിക്കിട്ടത്.
ചേര്‍ത്തല കുറുപ്പംകവലയില്‍ കട്ട്യാട്ട് മീനാഭവനില്‍ മകള്‍ കാര്‍ത്ത്യായനിദേവിയുടെയും ഭര്‍ത്താവ് റിട്ട. മേജര്‍ പരമേശ്വരന് പിള്ളയുടേയും കൂടെയാണ് മീനാക്ഷി ഇപ്പോള്‍ താമസിക്കുന്നത്. ഇന്നും ഈശ്വരന്മാരോടൊപ്പം എന്നും ചട്ടമ്പിസ്വാമികളെയും, ഗുരുദേവനേയും പ്രാര്‍ത്ഥിക്കും. തനിക്ക് നാലു വയസ്സുള്ളപ്പോള്‍ ഗുരുസ്വാമി കൊല്ലത്ത് വന്നിരുന്നു. അന്ന് അച്ഛന് എന്നെ ഗുരുസ്വാമിയുടെ അടുത്തുകൊണ്ടുപോയി അനുഗ്രഹം വാങ്ങി. ഇന്നും ഗുരുവിന്റെ അനുഗ്രഹം ഒപ്പമുണ്ട്- മീനാക്ഷി പറയുന്നു.
”പ്രാക്കുളം ഗോസ്തലക്കാവ് കുടുംബ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്ത് വിപ്ലവം സൃഷ്ടിച്ചയാളാണ് പരമേശ്വരന് അമ്മാവന്. ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ ജാതി ഒരു തടസ്സമാകരുതെന്ന ചിന്തയാണ് അമ്മാവന്മാര്‍ക്കുണ്ടായിരുന്നത്. ഈശ്വരന് മുന്നില്‍ എല്ലാവരും ഒരു പോലെയാണ്. ഈ ചിന്തയാലാണ് ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്ന് കൊടുത്തത്. ക്ഷേത്രപ്രവേശന വിളംബരത്തിന് എത്രയോ നാള് മുമ്പായിരുന്നു ഇതെന്ന് ഓര്‍ക്കണം.
ഒരിക്കല്‍ ഇംഗ്ലണ്ടില്‍ നിന്ന് വന്ന ഒരു കമ്പി വായിക്കാന്‍ ഇംഗ്ലീഷ് അറിയാവുന്ന ആരും അന്ന് നാട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നിട് കൊല്ലത്ത് കെടുത്തയച്ചാണ് കമ്പിയുടെ ഉളളടക്കം മനസ്സിലാക്കാന്‍ കഴിഞ്ഞത്. അന്ന് പരമേശ്വരന് പിള്ള തീരുമാനിച്ചു പ്രാക്കുളത്തും വേണം ഒരു ഇംഗ്ലീഷ് സ്കൂളെന്ന്. അങ്ങനെ സ്ഥാപിച്ചതാണ് പ്രാക്കുളം ഇംഗ്ലീഷ് മീഡിയം സ്കൂള്‍. സ്കൂളിലെ ആദ്യ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു കട്ട്യാട്ട് ശിവരാമപ്പണിക്കര്‍. പിന്നീട് അമ്മാവന് അനന്തരവളായ എന്റെ അമ്മയെ ശിവരാമപ്പണിക്കര്‍ക്ക് വിവാഹം ചെയ്തു നല്‍കുകയായിരുന്നു.
” മീനാക്ഷിയുടെ ഓര്‍മ്മകള്‍ ഇങ്ങനെ പോകുന്നു. ആലപ്പുഴ-അരൂര്‍ റോഡിനായി പ്രയത്നിച്ചവരില്‍ പ്രമുഖനായിരുന്നു കട്ട്യാട്ട് ശിവരാമപ്പണിക്കര്‍. പണിക്കര്‍ക്ക് ഗുരുവിനോട് ഏറെ ഭക്തിയുണ്ടായിരുന്നു. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ (ഇപ്പോള്‍ ശ്രീനാരായണ മെമ്മോറിയല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) ശിവരാമപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായിരുന്നപ്പോഴാണ് ഗുരുസമാധിക്ക് ആദ്യമായി സ്കൂളിന് അവധി നല്കിയതും അന്നദാനത്തിന് തുടക്കമിട്ടതും. പിന്നിടാണ് കഞ്ഞിവീഴ്ത്തല്‍ വ്യാപകമായതും.
ഇന്നും വിപുലമായി സമാധിദിനം ആചരിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയവും ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളാണ്. പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുരുസമാധിക്ക് അവധി വേണമെന്ന ആവശ്യം തന്നെ ഉയരുന്നത.് പി. പരമേശ്വരന്, വയലാര്‍ രാമവര്‍മ, എ.കെ. ആന്റണി, വയലാര്‍ രവി, സി.കെ. ചന്ദ്രപ്പന്, കെ.ആര്. ഗൗരിയമ്മ തുടങ്ങി നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തിലാണ് പഠിച്ചത്.
പരേതനായ നാരായണപ്പണിക്കരാണ് മീനാക്ഷിഅമ്മയുടെ ഭര്‍ത്താവ്. മീനാക്ഷിക്ക് എട്ട് സഹോദരങ്ങളാണ്. ശ്രീധരന്‍പിള്ള, സരസ്വതിയമ്മ, ശാരദാദേവി, പരേതരായ പത്മാവതിയമ്മ, ഗോപാലകൃഷ്ണന് നായര്‍, രാമചന്ദ്രന്‍നായര്‍, ശാന്തകുമാരിയമ്മ, ബാലകൃഷ്ണപിള്ള. മീനാക്ഷിയമ്മയുടെ മറ്റുമക്കള്‍ രാജലക്ഷമിയും, ഗീതയുമാണ്. രാജലക്ഷ്മിയും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്നു. രാജലക്ഷ്മിയുടെ ഭര്‍ത്താവ് പരേതനായ പരമേശ്വരന്‍പിള്ളയാണ്. ഇളയമകള്‍ ഗീതയും, ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയും അമേരിക്കയിലാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ പഴയ തലമുറ ഈ വീടുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് വലിയ ബന്ധമില്ല. ഒരുപക്ഷേ കുടംബത്തിന്റെ ഗുരുബന്ധം അറിയാത്തതിനാലും, തിരക്കുകളുമാകാം ഇതിനുകാരണമെന്നും മീനാക്ഷി കരുതുന്നു. ഗുരുചിന്തകള്‍ എല്ലാ മനസിലുമുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥന. ഗുരു വചനസുകൃതം നല്കിയ ആത്മീയ അനുഭൂതി അനുഭവിക്കുകയാണ് ഇന്നും ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: