കച്ചേരികളിലും പരമ്പരാഗത ക്ഷേത്രകലകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ദക്ഷിണേന്ത്യന്‍ താളവാദ്യമായ ഘടം, മൃദംഗം എന്നിവ ഇന്ന് ആധുനിക സംഗീത പരിപാടികളിലും ഒഴിവാക്കാന്‍ പറ്റാത്ത സംഗീതോപകരണമായി മാറിയിരിക്കുന്നു. ഇത്തരം വാണിജ്യ സാധ്യതയാകണം പുതിയ തലമുറയെ ഭാരതീയ താളവാദ്യ രംഗത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പരമ്പരാഗത കച്ചേരികളിലും ഫ്യൂഷന്‍ സംഗീതം പോലുള്ള ആധുനിക സംഗീത പരിപാടികളിലും ശ്രദ്ധേയനാവുകയാണ് താളവാദ്യകലാകാരനായ ആലുവ ആര്. രാജേഷ്.
വളരെക്കാലം പ്രമുഖ ഗുരുക്കന്മാരുടെ സഹായിയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ ഘടം പോലെതന്നെ മൃദംഗം, ഗഞ്ചിറ, മുഖര്‍ശംഖ്, തബല എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അതീവ നിപുണനായി. മൃദംഗം വായനയില്‍ ഈ വര്‍ഷത്തെ കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന് പദവി ഒക്ടോബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ കാഞ്ചി കാമകോടി മഠാധിപതി ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളില്‍ നിന്നും രാജേഷ് സ്വീകരിച്ചു.
14 വയസ്സുമുതലാണ് മൃദംഗ പഠനം ആരംഭിക്കുന്നത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടിയുടെ കീഴില്‍. തുടര്‍ന്ന് യശശ്ശരീരനായ മൃദംഗവിദ്വാന്‍ പുരുഷോത്തമ ശര്‍മ്മയുടെ കീഴില്‍ തുടര്‍പഠനം നടത്തി. ഇപ്പോള്‍ ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ് മൃദംഗ വിദ്വാന് പാലക്കാട് ജയകൃഷ്ണന്റെ കീഴില്‍ മൃദംഗ പഠനം നടത്തുന്നു. സ്വാതിതിരുനാള്‍ സംഗീതകോളേജ് റിട്ട. പ്രൊഫസര്‍ കോട്ടയം ഉണ്ണികൃഷ്ണന്റെ കീഴിലാണ് ഘടത്തില്‍ ഉപരിപഠനം നടത്തുന്നത്.
ആകാശവാണി തൃശൂര്‍ നിലയത്തില്‍ നിന്നും ഘടം വാദനത്തില്‍ ബി ഹൈ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് രാജേഷ്. കേരളത്തിനകത്തും പുറത്തുമുള്ള സംഗീത സഭകളുടെ കച്ചേരികളില്‍ പങ്കെടുത്തുവരുന്നു. ദൂരദര്ശന്-ആകാശവാണി സംഗീതോത്സവങ്ങളിലും ഘടം വായിച്ചിട്ടുണ്ട്.
നിരവധി കുട്ടികളെ മൃദംഗം അഭ്യസിപ്പിക്കുന്നു. സ്കൂള്‍ കലോത്സവം, യൂണിവേഴ്സിറ്റി കലാപ്രതിഭകള്‍ എന്നിങ്ങനെ ശിഷ്യന്മാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി കല പഠിച്ചു പിന്നീടത് ഉപേക്ഷിക്കുന്ന രീതിയോട് രാജേഷിന് താത്പര്യമില്ല. ഉപാസനയും ജീവിതചര്യയുമായി കലയെ കാണണം. കലയെ ജീവിതചര്യയായി കണ്ടതാണ് തന്റെ വിജയത്തിന് കാരണം- രാജേഷ് പറയുന്നു.
കേരളത്തിലെ പ്രശസ്തരായ ഒട്ടുമിക്ക ഗായകര്‍ക്കുവേണ്ടിയും രാജേഷ് പക്കമേളം വായിച്ചിട്ടുണ്ട്. പ്രണവം ശങ്കരന് നമ്പൂതിരി, ചേപ്പാട് വാമനന് നമ്പൂതിരി, മാതംഗി സത്യമൂര്‍ത്തി, ടി.വി. രമണി, അനന്തപത്മനാഭന്, ഉസ്താദ് റഫീക് ഖാന് എന്നിങ്ങനെ പ്രശസ്തരായ നിരവധി കലാകാരന്മാര്ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് മുഖ്യവിഷയമായി പഠിച്ചെങ്കിലും വാദ്യോപകരണ കലാകാരനായി അറിയപ്പെടാനാണ് രാജേഷ് ആഗ്രഹിക്കുന്നത്. ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതന്‍ സ്കൂളിലെ മൃദംഗം അധ്യാപകനാണ്. കിഴക്കേ കടുങ്ങല്ലൂര്‍ മേലാത്ത് വീട്ടില്‍ രാമചന്ദ്രന്‍നായരുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ അര്‍ച്ചന, സംഗീത അധ്യാപികയാണ്. മകള്‍ യുക്തശ്രീ ആര്.നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: