കവിതയും വിതയും, നര്‍മ്മവും അസ്തിത്വവാദവും, കൃത്യമായ രാഷ്ട്രീയ ബോധവും നിഷ്പക്ഷ രാഷ്ട്രീയ നിലപാടും- ഇങ്ങനെ അസാധാരണമായ, പലതും യോജിച്ച വ്യക്തിത്വമാണ് ജ്ഞാനപീഠ ബഹുമതി നേടിയ ഡോ. രഘുബീര്‍ ചൗധരി. അദ്ദേഹത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് ആര്‍ക്കും സംശയം തോന്നും.
അദ്ധ്യാപകന്, കവി, നോവലിസ്റ്റ്, നാടക രചയിതാവ്, നിരൂപകന്, പത്രപ്രവര്ത്തകന്, പ്രസ്കൗണ്‍സില്‍ അംഗം, സിനിമാ ജൂറി, സാഹിത്യ അക്കാദമിയംഗം, വിദ്യാഭ്യാസ പ്രവര്ത്തകന്, ഗാന്ധിയന്‍…ഇതൊക്കെയായിരിക്കുമ്പോഴും എന്നും കര്‍ഷകനാണ് ഗുജറാത്തിലെ മാന്‍സാ ജില്ലക്കാരനായ രഘുബീര്‍ എന്ന എഴുപത്തൊമ്പതുകാരന്‍.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായെത്തിയ രഘുബീര്‍ ചൗധരി ജന്മഭൂമിയോട് ദീര്‍ഘനേരം സംസാരിച്ചു. ജീവിതം, എഴുത്ത്, അനുഭവം, രാഷ്ട്രീയം, നിപപാടുകള്…
ഗുജറാത്ത് സര്‍വ്വകലാശാലയില്‍ ഹിന്ദി പ്രൊഫസറായി വിരമിച്ചു. അദ്ധ്യാപന ജീവിതത്തെക്കുറിച്ച്: ”ഹിന്ദി അദ്ധ്യാപകനായിരുന്നു. എന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം ചെയ്തവര്‍ അവിടെ ഇന്ന് അദ്ധ്യാപകരാണ്, പ്രൊഫസര്‍മാരാണ്, ഗവേഷണത്തിന്റെ ഗൈഡുമാരാണ്. വിരമിച്ച ശേഷം ഞാന്‍ രണ്ട് വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്; ഗുജറാത്തിലെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലുള്ള ലോക് ഭാരത്, ഗ്രാമഭാരത് എന്നീ സ്കൂളുകളുടെ എംഡിയാണ്. 200 ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍. ഗുജറാത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം നല്‍കുകയാണ്. അനില്‍ ഗുപ്തയെന്നയാള്‍ സ്ഥാപിച്ച ‘സൃഷ്ടി’യെന്ന സംഘടന യുണ്ട്. രാജ്യവ്യാപകമായി മുതിര്‍ന്ന പണ്ഡിതരെ കണ്ടെത്തി ആദരിക്കുകയും അവരുടെ അറിവുകളും കഴിവുകളും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഈ സ്ഥാപനത്തിന് സ്കൂളിന്റെ കുറേ സ്ഥലം വിട്ടുനല്‍കി, ആ പ്രവര്‍ത്തനത്തിലും പങ്കാളിയാകുന്നു.
കവി, നോവലിസ്റ്റ്, നാടകകൃത്ത്, നര്മ്മമെഴുത്തുകാരന് എന്നിങ്ങനെ വിവിധ സാഹിത്യ മേഖലകളില്‍ പ്രസിദ്ധനാണെങ്കിലും നോവലിസ്റ്റ് എന്നറിയപ്പെടാനാണ് ഏറെ താല്‍പ്പര്യം ചൗധരിക്ക്. സാഹിത്യത്തില്‍ നൂതന പ്രവണതകള്‍ അവതരിപ്പിക്കുന്നതില്‍ ബംഗാളും കേരളവുമാണ് മുന്നിലെന്ന ധാരണ തിരുത്തും, രഘുബീറിന്റെ സാഹിത്യം പഠിച്ചാല്‍. മലയാള സാഹിത്യത്തില്‍ അസ്തിത്വവാദം (എക്സിസ്റ്റന്‍ഷ്യലിസം) ആധാരമാക്കി സാഹിത്യ രചന ഉണ്ടാകുന്നതിനു പതിറ്റാണ്ടുമുമ്പ് ചൗധരി എഴുതിയ നോവല്‍ ‘അമൃത’യുടെ വിഷയം അസ്തിത്വ ചിന്തയാണ്! ഗുജറാത്തിയില്‍ 12 എഡിഷന് ഇറങ്ങി ഈ പുസ്തകം. സാഹിത്യത്തെക്കുറിച്ച് ചൗധരി പറയുന്നു: ”കവിതയെഴുതി, നര്മ്മമെഴുതി, കഥയും നോവലുമെഴുതി. നോവലിസ്റ്റെന്ന് വിളിക്കപ്പെടാനാണ് താല്‍പ്പര്യം. 120 പുസ്തകമെഴുതി. 30 നോവലുകള്‍. പലതും ഹിന്ദിയില്‍ മൊഴിമാറ്റിയിട്ടുണ്ട്.
അമൃതയാണ് ആദ്യ നോവല്‍. നോവല്‍ത്രയമാണ് ഉൗപര്വാസ്, സഹവാസ്, അന്തര്‍വാസ് എന്നിവ. അമൃത അസ്തിത്വവാദമാണ്. ഉപര്‍വാസ് ഭൗമശാസ്ത്രപരമായി പറയുമ്പോള്‍ ഉപരി-മുകളില്‍-മുകളില്‍ കാണുന്നവരെക്കുറിച്ചാണ്. ഗുജറാത്താണ് പശ്ചാത്തലം. സഹവാസ്, സാമൂഹ്യ ജീവിതത്തെക്കുറിച്ചാണ്. അന്തര്‍വാസ്, സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സമൂഹത്തിനു വന്ന മാറ്റത്തിന്റെ ഘട്ടമാണ്- എഴുത്തുകാര്‍ മാത്രമല്ല, സമൂഹമാകെ ഉള്‍വലിഞ്ഞ്, സ്വന്തം കാര്യങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞു, അന്തര്മുഖരായിച്ചുരുങ്ങി. മനുഷ്യാവസ്ഥയുടെ മൂന്നു ഘട്ടം പറയുന്നതാണ് ഈ നോവലുകള്‍. അമൃത അസ്തിത്വ ദര്‍ശനവും ഗീതാദര്‍ശനവും തമ്മിലുള്ള സംഘര്‍ഷമാണ്. ഗോകുലം, മഥുര, ദ്വാരക എന്നിങ്ങനെ മൂന്നു ഭാഗമുള്ള നോവലുകളുണ്ട്, അതില്‍ ശ്രീകൃഷ്ണനാണ് കഥാപാത്രം.”
അസ്തിത്വ വാദത്തില്‍ തുടങ്ങി ഗീതാദര്‍ശനത്തില്‍ എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചൗധരി പറയുന്നു: ”കുടുംബം സ്വാമിനാരായണ്‍ ദര്‍ശനത്തില്‍ വൈഷ്ണവ ഭക്തി പിന്തുടരുന്ന പാരമ്പര്യം. കുട്ടിക്കാലത്തേ അങ്ങനെ മത-വിശ്വാസ പാരമ്പര്യത്തില്‍ വളര്‍ന്നു. പഠിച്ചപ്പോള്‍ ലോക സാഹിത്യമൊക്കെ പഠിച്ചു. സാര്‍ത്ര്, കാഫ്ക്ക, കാമു, ഗാര്‍ഡ്നര്‍ ഒക്കെ പഠിച്ചു. അങ്ങനെയാണ് അസ്തിത്വവാദത്തിലെത്തിയത്. ‘അമൃത’ രചിച്ചതങ്ങനെ. 14 വര്‍ഷം കഴിഞ്ഞ് ‘ഉപര്‍വാസ്’ എഴുതുമ്പോള്‍ പിന്നെയും ഏറെ പഠിച്ചു. സ്വന്തം നാടിനെ, ഗ്രാമത്തെ പഠിച്ചു, അറിഞ്ഞു. ഉമാശങ്കര്‍ ജോഷിയേയും സച്ചിദാനന്ദ വാത്സ്യായനേയും മറ്റും പഠിച്ചു. മുന്‍ഷി പ്രേം ചന്ദിന്റെ വായന സഹായിച്ചു. ഗാന്ധി ചിന്തകള്‍ വഴി തെളിച്ചു. പാശ്ചാത്യത്തില്‍ നിന്ന് സ്വദേശത്തേക്ക് വന്നു. ഇന്ത്യന്‍ ഗ്രാമങ്ങളെ അറിയുക, അതൊരു സംസ്കാരമാണ്. മറ്റു രാജ്യങ്ങള്‍, എഴുത്തുകാര്‍ ഇപ്പോള്‍ അതാണ് ചെയ്യുന്നത്.”
മലയാളത്തില്‍ ഇപ്പോഴും പാശ്ചാത്യ സാഹിത്യഭ്രമ ബാധ മാറിയിട്ടില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ചൗധരി പറഞ്ഞു: ”ഇപ്പറയുന്ന പാശ്ചാത്യ സങ്കല്പ്പ രചനകളേക്കാള്‍ തകഴിയേയും മറ്റും അന്യദേശക്കാര്‍ അന്വേഷിക്കുന്നത് നാം മനസിലാക്കണം. നമ്മുടെ ഗ്രാമങ്ങള്‍, ഗ്രാമ സംസ്കാരങ്ങള്‍ അതിലേക്ക് നോക്കണം.”
ഗാന്ധിയനാണ് രഘുബീര്‍ ചൗധരി. വിനോബാജിയുടെ ഭൂദാന പ്രസ്ഥാനക്കാരനാണ്. മുമ്പ് സേവാദളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനിപ്പുറം രാഷ്ട്രീയമില്ല. പ്രവര്‍ത്തനമില്ല. പക്ഷേ കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. വിശകലന വിശേഷമുണ്ട്. അദ്ദേഹം പറയുന്നു: ”ഗാന്ധിജിയുടെ സ്വാധീനം എവിടെയൊക്കെ എങ്ങനെയെല്ലാമെന്നു പറയാനാവില്ല. സത്യം കണ്ടെത്താന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ സത്യത്തെ പരീക്ഷിച്ചറിഞ്ഞ, അനുഭവിച്ചറിഞ്ഞയാളാണ് ഗാന്ധി. വിനോബാജിയും ജെപിയും അങ്ങനെയായിരുന്നു. ജെപി അധികാരം അടുത്തേക്ക് ചെന്നിട്ടും സ്വീകരിക്കാന്‍ തയ്യാറായില്ല. സ്വാര്‍ത്ഥതയെ അവസാനംവരെ അകറ്റി നിര്‍ത്തിയാലേ സ്വാതന്ത്ര്യം ലഭ്യമാകൂ എന്ന് ഗാന്ധിജി എഴുതി.
നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തോട് യോജിപ്പോ വിയോജിപ്പോ പറയാനില്ല. മോദി അസാധാരണനാണ്. ഗുജറാത്ത് കൈവെള്ളയിലാണ്. അതിസാധാരണനായിരുന്നു, എങ്ങനെ ഇത്ര മികച്ച രാഷ്ട്രീയക്കാരനായെന്നത് അത്ഭുതമാണ്. അമിത് ഷായുടെ കാര്യശേഷിയും അത്ഭുതമാണ്. മോദി, ഗാന്ധിയെ വിട്ടുകളയുന്നില്ല. ഗാന്ധിയുടെ സ്വാധീനം അത്രയ്ക്കുണ്ടെന്നറിയാം. മോദി, നെഹ്റുവിന്റെയും ടഗോറിന്റെയും നല്ലവശങ്ങള്കൂടി ഉള്‍ക്കൊള്ളണം. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ ഗാന്ധിയുടെ സേവാദളില്‍ ഭാരവാഹിയായിരുന്നു.
ഗുജറാത്തില്‍ ബിജെപിയേ ജയിക്കൂ. എതിരില്ല. കോണ്‍ഗ്രസ് സര്‍ദാര്‍ പട്ടേലിന്റെയും മൊറാര്‍ജി ദേശായിയുടെയും കാലത്തോടെ കഴിഞ്ഞു. ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ അപ്പുറത്തുണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ മത്സരമെങ്കിലും നടന്നേനെ. അഹമ്മദ് പട്ടേലും സംഘവുമാണ് വഗേലയെ ഇല്ലാതാക്കിയത്. ഹാര്‍ദ്ദിക് പട്ടേലിനൊന്നും ഒന്നുമാകില്ല. മണ്ടത്തരമാണ്. കോണ്‍ഗ്രസിനെതിരേ അയാള്‍ തിരിയും. ആള്‍ക്കൂട്ടം അയാളുടെ തമാശ കേള്‍ക്കാന്‍ കൂടുന്നതാണ്. പട്ടേല്‍ സമൂഹം സമ്പന്നരാണ്. അവര്‍ക്ക് സംവരണം വേണ്ട.”
രഘുബീര്‍ ചൗധരി 25-ാം ദേശീയ ഫിലിം ഫെസ്റ്റിവല്‍ ജൂറിയായിരുന്നു. സിനിമാ രംഗത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചു തീരുന്നതിനു മുമ്പ് പറഞ്ഞു തുടങ്ങി: അന്ന് കണ്ട മലയാള സിനിമ ‘കാഞ്ചനസീത’ ഇന്നും ഓര്‍ക്കുന്നു. (അന്തരിച്ച സംവിധായകന് ജി. അരവിന്ദന്റെ വിശ്വപ്രസിദ്ധ സിനിമയാണ് കാഞ്ചന സീത) പ്രകൃതിയും രാമ-സീതാ കഥയും എത്ര ചേര്‍ന്നു നിന്നിരുന്നു അതില്‍. വേറെയും ചില സിനിമകള്‍ ഓര്‍മ്മയിലുണ്ട്. നടന് ഭരത്ഗോപിയെ ഓര്‍മ്മിക്കുന്നു. പല സിനിമകള്‍, ഗോപിയുടേത് കണ്ടിട്ടുണ്ട്. അസാധാരണ പ്രതിഭയായിരുന്നു. വേറേയുമുണ്ട് ധാരാളം പേര്. അടൂരിനെപ്പോലെ.”
നാടക രചനയെക്കുറിച്ച് വിശദീകരിക്കവേ ‘സികന്ദര്‍ സാനി’ എന്ന നാടകത്തിലൂടെ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിയിലെത്തി. ”എന്റെ നാടകം സികന്ദര്‍ സാനി കശ്മീരില്‍ നാല് വേദികളുള്‍പ്പെടെ 20 അരങ്ങില്‍ കളിച്ചു. അമീര്‍ ഖുസ്രുവിനെക്കുറിച്ചാണ് കഥ. അതില്‍ അലാവുദീന്‍ ഖില്‍ജി കഥാപാത്രമാണ്. അയാളുടെ സ്വപ്നമായിരുന്നു പദ്മാവതി. അയാള്‍ക്ക് പക്ഷേ പദ്മാവതിയെ കാണാന്‍ പോലുമായില്ല. പക്ഷേ, പദ്മാവതി സിനിമയാക്കുന്ന ബന്‍സാലി, ഇല്ലാക്കഥ പറയുന്നുവെന്നാണ് ആക്ഷേപം. സിനിമ ഇറങ്ങി കണ്ടാലേ കൃത്യമായി പറയാനാവൂ. എങ്കിലും ഒന്നുപറയാം. ബന്‍സാലി അങ്ങനെ കച്ചവടലക്ഷ്യം വെച്ച് എന്തും ചെയ്യുന്നയാളാണ്. സരസ്വതീ ചന്ദ്ര എന്ന നോവല്‍ ടെലി സീരിയലാക്കിയപ്പോള്‍ കഥാപാത്രങ്ങളെ കച്ചവടലക്ഷ്യം വെച്ച് മാറ്റി. എന്തായാലും പദ്മാവതിയെന്ന രാജ്ഞി ഘുമര്‍ നൃത്തം ചെയ്യില്ലെന്നുറപ്പ്. സിനിമയില്‍ അങ്ങനെയുണ്ടെന്നാണ് ഇതുവരെ കാണുന്നത്.”
കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധിച്ചവരില്‍ രഘുബീറും ഉണ്ടായിരുന്നു. പക്ഷേ അവാര്‍ഡ് മടക്കല്‍ പരിപാടിയെ അതികഠിനമായി വിമര്‍ശിച്ചവരില്‍ മുമ്പില്‍നിന്നു. അതെക്കുറിച്ച്: ”കല്‍ബുര്‍ഗി എന്നല്ല, ആര് കൊല്ലപ്പെടുന്നതും അപലപനീയമാണ്. എഴുത്തുകാരും മറ്റും കൊല്ലപ്പെടുമ്പോള്‍ അതു കൂടുതല്‍ നഷ്ടമാണ് സമൂഹത്തിന്. എഴുത്തുകാര്‍ക്ക് ചില തെറ്റുകളൊക്കെ പറ്റാം. അതു മനസിലായാല്‍ അവര്‍ തിരുത്തണം, മറ്റുള്ളവര്‍ ക്ഷമിക്കണം. പക്ഷേ അതിനെങ്ങനെ സര്‍ക്കാര്‍ ഉത്തരവാദിയാകും. സര്‍ക്കാര്‍ ഇതിലൊന്നും ചെയ്യുന്നില്ല, ചെയ്യിക്കുന്നില്ല. സമൂഹത്തിലെ ചില കുഴപ്പങ്ങളാണത്. അതിന്റെ പേരില്‍ സംഘടിതമായി അവാര്‍ഡ് മടക്കുന്നതൊന്നും യുക്തിയല്ല. അതാണ് ഞാന്‍ എതിര്‍ത്തത്.”
ഞാന്‍ അംഗമായിരിക്കെ കേരളത്തില്‍ നിന്നുള്ള കവി കെ. സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. നല്ല അദ്ധ്വാനിയാണ്. നല്ല കവിതകളും എഴുതിയിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയം കൂടുതലാണ്. അതെന്തിനാണ്. സര്‍ക്കാരിനോടൊക്കെ ഒന്നോ രണ്ടോ ദിവസമൊക്കെ എതിര്‍ക്കാം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കാനൊന്നും പറ്റില്ല. എഴുത്തുകാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതാണോ. സമൂഹത്തിലെ പ്രശ്നങ്ങളല്ലേ. കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നില്ലേ. അതൊക്കെ സര്‍ക്കാര്‍ ചെയ്യുന്നതാണോ, മുഖ്യമന്ത്രി ചെയ്യുന്നതാണെന്ന് പറയാമോ. അവാര്‍ഡ് മടക്കിക്കാന്‍ സച്ചിദാനന്ദന് ഏറെ പ്രയത്നിച്ചു. ഇതൊക്കെ കവിയുടെ ജോലിയാണോ. നല്ല കവിതകളെഴുതിയാല്‍ പോരേ.”
പ്രസ്കൗണ്സിലില് അംഗമായിരുന്നു അഞ്ചുവര്‍ഷം ചൗധരി. അക്കാലത്താണ് ഇന്ത്യയൊട്ടാകെ ചുറ്റിയതെന്ന് അദ്ദേഹം. കൗണ്‍സില്‍ യോഗങ്ങള്‍ ഓരോ സ്ഥലങ്ങളിലായിരുന്നു. ഒരു യോഗവും ഞാന്‍ വിട്ടില്ല. മറ്റംഗങ്ങള്‍ അവരുടെ വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഞാന്‍ പ്രദേശങ്ങള്‍ കാണുകയും ജനങ്ങളെ അറിയുകയും ചെയ്തു.
മാദ്ധ്യമങ്ങള്‍ ഏറെ കച്ചവട രീതിയിലായി. പല ചാനലുകള്‍ കണ്ടാലേ ശരിയേതെന്നറിയൂ. ക്രൂരതകള്‍ കൂടുതല്‍ കാട്ടുന്നു. നല്ല വാര്‍ത്തകള്‍ ഇല്ല. ഈ സ്ഥിതി കഷ്ടമാണ്, മാറണം.”
അടിയന്തരാവസ്ഥയ്ക്കെതിരേ നടത്തിയ ഭാരത് നിര്മ്മാണ് പ്രക്ഷോഭങ്ങളില്‍ ചൗധരിയും പങ്കുചേര്‍ന്നു. പ്രസംഗിച്ചു, എഴുതി, എന്നാല്‍ മറ്റു പലരേയും അറസ്റ്റ് ചെയ്തിട്ടും ചൗധരിയെ പോലീസ് തൊട്ടില്ല! എന്താണ് കാര്യമെന്നറിയില്ലെന്ന് അദ്ദേഹം.
പഠിക്കുന്ന കാലത്തും, ഈ 79-ാം വയസിലും തരം കിട്ടിയാല്‍ കൃഷിപ്പണിക്കിറങ്ങും രഘുബീര്‍. പഴയപോലെ പണിയെടുക്കാനാവില്ലെങ്കിലും കൃഷിയിടത്തില്‍ പോകും. ”പട്ടേല്മാരിലെ ഭൂ ഉടമകളായ കൃഷിക്കാരാണ് ചൗധരിമാര്‍. അച്ഛന് കൃഷിക്കാരനാണ്. സഹോദരങ്ങള്‍ കൃഷിചെയ്യുന്നു. എനിക്കുമുണ്ട് ഭൂമി. അവിടെ ചോളം വിളവെടുക്കാറായി. ഇവിടുന്ന് അഹമ്മദാബാദിലേക്കാണ്. 60 കിലോ മീറ്റര്‍ അകലെയാണ് ജന്മസ്ഥലം, കൃഷിയിടം. പോയി നോക്കണം. വ്യായാമത്തിന് നടക്കാന്‍ പോകാം. പകരം കൃഷിയിടത്തില്‍ പണിയെടുത്താല്‍ പോരെ. ഗുണം കൂടും. ഞാന്‍ അവസരം മുടക്കാറില്ല.”
ഡോ. രഘുബീര്‍ ചൗധരി
അമ്പത്തിയൊന്നാമത്തെ ജ്ഞാനപീഠ സമ്മാനം നേടിയ ഡോ. രഘുബീര്‍ ചൗധരി, ഗുജറാത്തിലേക്ക് ഈ ബഹുമതി കൊണ്ടുപോയ നാലാമനാണ്. 79-ാം വയസിലും ഗുജറാത്തി പത്രങ്ങളില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ലേഖനങ്ങളെഴുതുന്നു. കവി, കഥാകാരന്, നോവലിസ്റ്റ്, നാടകകാരന്, അദ്ധ്യാപകന്… കര്ഷകന് എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ ഹിന്ദി പ്രൊഫസറായിരുന്നു. പ്രസിദ്ധമായ കുമാര്‍ ചന്ദ്രക്, രഞ്ജിത്റാം സുവര്‍ണ്ണ ചന്ദ്രക്, ഉമാ സ്നേഹരശ്മി, മുന്‍ഷി അവാര്‍ഡ്, സാഹിത്യ ഗൗരവ പുരസ്കാര്‍ തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു.
ജനനം 1938 ഡിസംബര്‍ അഞ്ചിന്. ഗുജറാത്ത്-ഹിന്ദി ഭാഷകളിലെ വാക്കുകളുടെ അടിത്തറയുടെ താരതമ്യ പഠനത്തിനാണ് ഡോക്ടറേറ്റ്. സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, പ്രസ്കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി പദവികള്‍ വഹിച്ചു. ഇപ്പോഴും സജീവ വിദ്യാഭ്യാസ പ്രവര്ത്തകന്.
രചനകള്‍: അമൃത (1965), വേണു വത്സല, നോവല്‍ ത്രയം-ഉപര്‍വാസ്, സഹവാസ്, അന്തര്‍വാസ് (1976), പൂര്വ്വരംഗ്, ലാഗ്നി രുദ്രമഹാലയ, സോമതീര്‍ത്ഥ്, ആവരണ്‍ (2009) തുടങ്ങി 30 നോവലുകള്‍. വഹേത വൃക്ഷ പാവന്മ കവിതാ സമാഹാരം. ആകസ്മിക സ്പര്‍ശ്, ഗെര്‍സമാജ് കഥാ സമാഹാരങ്ങള്‍. സഹാരണി ഭവ്യത, തിലക് കാരേ രഘുവീര്‍ എന്നിവ വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. വിവര്‍ത്തനം, വിമര്‍ശനം, നാടകം തുടങ്ങി വിവിധ മേഖലകളില്‍ 120 പുസ്തകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: