ജനം ടിവി ചാനലില്‍ സ്വാതന്ത്ര്യവീര വിനായക ദാമോദര സാവര്‍ക്കറുടെ ജീവിതത്തെ പുരസ്കരിച്ച് ടി.ജി. മോഹന്‍സാദ് അവതരിപ്പിക്കുന്ന അഞ്ച് ഉപാഖ്യാനങ്ങളില്‍ നാലെണ്ണം കണ്ടതിനുശേഷമാണിതെഴുതുന്നത്. സാധാരണ മനുഷ്യന് അസാധ്യമാംവിധം അതിസാഹസികമായ ആ മഹജ്ജീവിതത്തിന്റെ ഏതാനും മിന്നലാട്ടങ്ങള്‍ മാത്രമേ അതില്‍നിന്ന് നമുക്ക് ലഭിക്കുന്നുള്ളൂ. എങ്കിലും അതുതന്നെ ആവേശകരവും കൂടുതല്‍ അറിയുന്നതിനുള്ള വാഞ്ഛ വളര്‍ത്തുന്നതിനും സഹായകരമാണ്. വീരസാവര്‍ക്കറെ വേണ്ടവിധം മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും നമ്മുടെ നാലുതലമുറകളെങ്കിലും മുഖംതിരിഞ്ഞുനിന്നു.
എന്നുതന്നെയല്ല അദ്ദേഹത്തിന്റെ സംഭാവനകളെ താറടിച്ചുകളയുന്നതിനും തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നാടുഭരിച്ച കോണ്‍ഗ്രസ് നേതൃത്വങ്ങളും അവരെ നയിച്ച ഇടതു ബുദ്ധിജീവികളും ശ്രമിക്കുകയുണ്ടായി. സാവര്‍ക്കര്‍ക്ക് സമശീര്‍ഷനായ ഒരു സ്വാതന്ത്ര്യസമര സേനാനി നമ്മുടെ നാട്ടിലുണ്ടായില്ല എന്നത് അവര്‍ക്ക് സഹിക്കാനായില്ല. അദ്ദേഹം വ്യാപരിച്ച രംഗങ്ങള്‍ എത്രയോ വൈവിധ്യമാര്‍ന്നതായിരുന്നു. ഓരോന്നിനും ഒന്നാംസ്ഥാനത്തുതന്നെ നിലയുറപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിപ്ലവകാരി, കവി, ചരിത്ര ഗവേഷകന്, ചരിത്രവ്യാഖ്യാതാവ്, ഭാഷാ പണ്ഡിതന്, വൈയാകരണന്, സാമൂഹ്യ പരിഷ്കര്‍ത്താവ്, രാജനീതി കുശലന്, ചിന്തകന്‍, ഹിന്ദുരാഷ്ട്രത്തിന്റെ മുന്നണിപ്പോരാളി എന്നീ നിലകളിലൊക്കെ അദ്ദേഹം അദ്വിതീയനായിരുന്നു.
സിംഹത്തെ അതിന്റെ ഗുഹയില്‍ കടന്നുചെന്ന് കുഞ്ചിരോമത്തില്‍ പിടിച്ച് കീഴ്പ്പെടുത്താനുള്ള സാഹസികതയുമായാണ് നിയമപഠനത്തിനായി സാവര്‍ക്കര്‍ ലണ്ടനിലെത്തിയത്. അദ്ദേഹവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഏതാണ്ടൊരേ കാലത്ത് ലണ്ടനില്‍ വിദ്യാര്‍ത്ഥികളായിരുന്നു. നെഹ്റുവിന്റെ സഹവാസവും ചങ്ങാത്തവും ഇംഗ്ലണ്ടിലെ പ്രഭു കുമാരന്മാരും ഭാരതത്തില്‍നിന്ന് അവിടെ പഠിക്കാനെത്തിയ കുമാരന്മാരുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയിലോ മറ്റാളുകള്‍ രചിച്ച ജീവചരിത്രങ്ങളിലോ അവിടെ ഭാരത സ്വാതന്ത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നതിന്റെ ഒരു സൂചനയുമില്ല.
സാവര്‍ക്കറാകട്ടെ ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ തലസ്ഥാനങ്ങളിലുമുണ്ടായിരുന്ന ഭാരതീയ യുവാക്കളുമായി ബന്ധം വയ്ക്കുകയും സ്വാതന്ത്ര്യബോധം വളര്‍ത്തുകയും ചെയ്തു. റഷ്യയിലേയും യൂറോപ്യന്‍ രാജ്യങ്ങളിലേയും വിപ്ലവ പ്രസ്ഥാനങ്ങളിലെ യുവാക്കളുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കൂട്ടത്തില്‍ സാര്‍ ചക്രവര്‍ത്തിയുടെ നടപടിയില്‍നിന്ന് രക്ഷനേടാന്‍ ലണ്ടനില്‍ കഴിഞ്ഞ സാക്ഷാല്‍ ലെനിനുമുണ്ടായിരുന്നു. സാവര്‍ക്കര്‍ ഹിന്ദുത്വവാദിയായിരുന്നെങ്കില്‍ ലെനിന് കമ്യൂണിസ്റ്റ് നേതാവായിരുന്നല്ലോ. അവര്‍ തമ്മില്‍ നടന്ന സംവാദത്തിന്റെ വിവരം ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡി എഴുതിയ കമ്യൂണിസം സ്വയം മാറ്റുരയ്ക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
നാസിക് ഗൂഢാലോചന കേസിലെ സൂത്രധാരനെന്ന നിലയ്ക്ക് ലണ്ടനില്‍ അറസ്റ്റു ചെയ്യപ്പെട്ട് രണ്ട് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് ആന്‍ഡമാനില്‍ 14 വര്‍ഷവും രത്നഗിരിയിലെ 13 വര്‍ഷത്തെ വീട്ടുതടങ്കലും കഴിഞ്ഞു വിമോചിതനായശേഷം ഹിന്ദു മഹാസഭയുടെ അധ്യക്ഷ സ്ഥാനമേറ്റെടുത്ത് തന്റെ ഹിന്ദുത്വ ചിന്തകളെ ഉച്ചത്തില്‍ പ്രഖ്യാപിച്ചു നടന്ന കാലത്തെ ഒരു സംഭവമാണ് ഠേംഗ്ഡി വിവരിച്ചത്. അന്ന് കമ്യൂണിസ്റ്റുകളുടെ കഠിന വിമര്‍ശപാത്രമായിക്കഴിഞ്ഞിരുന്നു സാവര്‍ക്കര്‍. ഹിന്ദുപദ പാദ ഷാഹി എന്ന പുസ്തകത്തെയാണവര്‍ അതിന് ലക്ഷ്യമാക്കിയത്. നാഗപ്പൂരിനടുത്ത് സാവര്‍ക്കര്‍ പങ്കെടുത്ത ഒരു കോളജ് വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ അദ്ദേഹം സംസാരിക്കുകയായിരുന്നു.
ഒരു സംഘം ഇടതുവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവുമായെത്തി. അവര്‍ക്ക് സാവര്‍ക്കറോട് ഏതാനും ചോദ്യങ്ങളുണ്ടായിരുന്നത്രേ. അദ്ദേഹം അവരെ അകത്തേക്ക് ക്ഷണിച്ചു. ഹിന്ദുരാഷ്ട്രത്തിന്റെ നയപരിപാടികളുടെ ചട്ടക്കൂടെന്തായിരിക്കുമെന്നാണവര്‍ ചോദിച്ചത്. വീരസാവര്‍ക്കര്‍ തന്റെ ലണ്ടന്‍ വാസക്കാലത്തെ ഒരു സംഭവം വിവരിച്ചു. ലണ്ടനിലെ താമസത്തിനിടെ അവിടെ അഭയാര്‍ത്ഥികളായിക്കഴിഞ്ഞിരുന്ന റഷ്യന്‍ യുവാക്കളുമായി സംവദിക്കുകയായിരുന്നു. അവരുടെ നേതാവ് ലെനിനുമായി പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ ഹിന്ദു രാഷ്ട്രത്തിന്റെ ചട്ടക്കൂടെങ്ങനെ ആയിരിക്കുമെന്ന് ലെനിന് അന്വേഷിച്ചുവത്രെ. സോഷ്യലിസത്തിന്റെ ഫ്രെയിംവര്‍ക്ക് എന്താണെന്ന് സാവര്‍ക്കര്‍ തിരിച്ചുചോദിച്ചു. അങ്ങനെ ഒരു റെഡിമെയ്ഡ് ഫ്രെയിം വര്‍ക്ക് ഇല്ലെന്നും വിപ്ലവം കഴിഞ്ഞ് പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ മാത്രമേ അതിന് രൂപംനല്‍കൂ എന്നുമാണ് അതിന് മറുപടി കിട്ടിയത്.
ലെനിനുമായി നേരിട്ട് ആശയവിനിമയം നടത്തിയ ആളുടെ മുന്‍പിലാണ് തങ്ങള്‍ പ്രതിഷേധവുമായെത്തിയതെന്ന ജാള്യതയോടെയാണ് കുട്ടികള്‍ മടങ്ങിയത്.
1857 ന്റെ 50-ാം വാര്‍ഷികം ലണ്ടനില്‍ കൊണ്ടാടാന്‍ തയ്യാറായി. അതിനായി അവിടത്തെ ലൈബ്രറികളും ആര്‍ക്കൈവുകളും തിരഞ്ഞ് വസ്തുതകള്‍ ശേഖരിച്ച് ഭാരതസ്വാതന്ത്ര്യസമരമെന്ന ആവേശകരമായ ഗ്രന്ഥം അദ്ദേഹം തയ്യാറാക്കി. 1857 നെ ഒന്നാം സ്വാതന്ത്ര്യസമരമായി ആദ്യം പ്രഖ്യാപിച്ചത് സാവര്‍ക്കര്‍ ആയിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചരിത്രവും സമാനതകളില്ലാത്തതായിരുന്നു.
പിന്നീട് വന്ന സമരനേതാക്കളുടെ അനേകതലമുറകള്‍ക്ക് അത് ഭഗവദ്ഗീതപോലെ ആയിത്തീര്‍ന്നു. തീയ്യതികളും സംഭവങ്ങളും വഴിക്കുവഴി രേഖപ്പെടുത്തിയ ഒരു സാധാരണ ഗ്രന്ഥമല്ല അത്. അക്ഷരങ്ങളെ അഗ്നിയാക്കിയ പ്രതിഭാസമാണ് ഒരുനൂറ്റാണ്ടിനുശേഷം ഇന്നും പുതുമയോടെ വായിക്കാന്‍ കഴിയും.കേരളവുമായി സാവര്‍ക്കര്‍ക്കുള്ള ബന്ധം അത്ര അറിയപ്പെടാതെപോയി. മലബാറിലെ മാപ്പിളലഹളയെ പശ്ചാത്തലമാക്കി അദ്ദേഹം മറാഠിയിലെഴുതിയ നോവല്‍ വിജയമായില്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ അദ്ദേഹം ശരിക്കു മനസ്സിലാക്കിയില്ല എന്നതായിരിക്കാം അതിനു കാരണം.
രത്നഗിരിയില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞ കാലത്ത് അദ്ദേഹം സാമൂഹ്യ പരിഷ്കരണ രംഗത്ത് ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തി. ദളിതസമുദായത്തില്‍പ്പെടുന്ന ആളെ പുരോഹിതനാക്കി സ്ഥാപിച്ച പതിതപാവന മന്ദിരം ദേശീയശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിനന്ദിക്കാന്‍ മഹാത്മാഗാന്ധി തന്നെ എത്തിയതും അവരുടെ സംഭാഷണവും മോഹന്‍ദാസ് ഒരുപാഖ്യാനത്തില്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചു.
1940-ല്‍ ചങ്ങനാശ്ശേരിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രജത ജയന്തി ആഘോഷത്തിലെ മുഖ്യാതിഥിയും പ്രഭാഷകനും സാവര്‍ക്കര്‍ ആയിരുന്നു. അതിന് മുന്‍പ് മധുരയില്‍ ഹിന്ദുമഹാസഭയുടെ മഹാസമ്മേളനവും പഠനശിബിരവും സംഘടിപ്പിക്കപ്പെട്ടിരുന്നു. മധുരയില്‍നിന്നു കൊട്ടാരക്കര വരെ തീവണ്ടിയിലും തുടര്‍ന്നു കാറിലുമാണ് അദ്ദേഹം സഞ്ചരിച്ചതത്രെ. 1964-67 കാലത്ത് കോട്ടയം ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ ആ സമ്മേളനത്തിന്റെയും അവിടെ വീരസാവര്‍ക്കര്‍ ചെയ്ത പ്രഭാഷണത്തിന്റെയും വിവരങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ജനറല്‍ സെക്രട്ടറി ആയിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള അതിന് ഒത്താശ നല്കി.
സര്‍വീസ് മാസിക രജതജൂബിലി സ്മാരകഗ്രന്ഥവും ഇറക്കിയിരുന്നു. അതിന്റെ ഒരു പ്രതിപോലും കിട്ടിയില്ല. 1946 ല്‍ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ എന്‍എസ്എസ് ആസ്ഥാനം മുദ്രവയ്ക്കാനും മന്നത്തു പത്മനാഭനെ തടവില്‍ വയ്ക്കാനും മുതിര്‍ന്നപ്പോള്‍ പ്രധാന രേഖകള്‍ ഹെഡ്ഡാഫീസില്‍ നിന്നു മാറ്റിയെന്നും, അതു തിരിച്ചുകൊണ്ടുവന്നതിനിടയില്‍ നഷ്ടപ്പെട്ടിരിക്കാമെന്നുമാണ് ഒടുവില്‍ ഗോപാലകൃഷ്ണപിള്ള സമാധാനിച്ചത്. എന്നാല്‍ സാവര്‍ക്കറേയും അദ്ദേഹത്തിന്റെ അംഗരക്ഷകനായി സദാ നടന്ന സിക്കുകാരനെപ്പോലെ തലപ്പാവുവച്ച ആളേയും ഓര്‍ക്കുന്ന പലരേയും കാണാന്‍ കഴിഞ്ഞു. അവര്‍ക്കാകട്ടെ ഇംഗ്ലീഷ് പ്രഭാഷണം മനസ്സിലാക്കാന്‍ കഴിഞ്ഞതുമില്ല.
മധുരയില്‍ നടന്ന പഠനശിബിരത്തെപ്പറ്റി സൂചിപ്പിച്ചുവല്ലൊ. അതില്‍ പങ്കെടുത്ത രണ്ടു പേരെ പിന്നീട് പരിചയപ്പെടാന്‍ സാധിച്ചു. ഒരാള്‍ നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയാണ്. പണ്ഡിറ്റ് മദനമോഹന മാളവ്യയ്ക്കു കോവിലകം ആതിഥേയത്വം നല്‍കിയതുമുതല്‍ ഹിന്ദുമഹാസഭയോടു താല്‍പ്പര്യമുള്ളവര്‍ അവിടെയുണ്ടായി. മധുരയില്‍ പഠനശിബിരത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ പങ്കെടുക്കാനിടയായതങ്ങനെയാണ്. കണ്ണൂര്ക്കാരന് എ.പി.എന്‍. നായരായിരുന്നു മറ്റൊരാള്‍. അദ്ദേഹം പിന്നീട് ‘മാതൃഭൂമി’യുടെ കണ്ണൂര്‍ ലേഖകനായി.
മാര്‍ത്താണ്ഡവര്‍മ്മയാകട്ടെ തിരിച്ചുവന്നശേഷം ദത്തോപാന്ത് ഠേംഗ്ഡിയുടെ പരിചയത്തില്‍വന്നു സ്വയംസേവകനും കേരളത്തിലെ ആദ്യകാല പ്രചാരകരില്‍ ഒരാളുമായി. അദ്ദേഹത്തിന്റെ അനുജനാണ് നമ്മുടെയെല്ലാം ആദരണീയനും മലബാറില്‍ ഹിന്ദുത്വത്തിന്റെ മുന്നണിപ്പോരാളിയും ബലിദാനി ദുര്‍ഗാദാസിന്റെ പിതാവുമായിരുന്ന ടി.എന്‍. ഭരതന്. മധുരയിലെ ഹിന്ദുമഹാസഭാ ശിബിരത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്ന അഡ്വ.എ.ദക്ഷിണാമൂര്‍ത്തിയും പിന്നീട് സംഘത്തില്‍ വന്ന് പ്രചാരകനെപ്പോലെ ജീവിതാന്ത്യംവരെ പ്രവര്‍ത്തിച്ചു. മുന്‍കാല സ്വയംസേവകരെല്ലാം അണ്ണാജിയെന്ന് സ്നേഹാദരങ്ങളോടെ കരുതിയ അദ്ദേഹം അവരുടെ ഓര്‍മകളില്‍ നില്ക്കും.
1959 ല്‍ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ വിമോചന സമരം നടന്നപ്പോള്‍ അതിനെ പരസ്യമായെതിര്‍ത്ത ആളായിരുന്നു സാവര്‍ക്കര്‍. സമരം ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തിലാണെന്നും ആത്യന്തികമായി കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ദോഷകരമാവുമെന്നുമായിരുന്നു വാദം. അതുകൂടി സൂചിപ്പിച്ചുകൊണ്ടാണ് 1965 ല്‍ സാവര്‍ മൃത്യുഞ്ജയ ദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഇഎംഎസ് തയ്യാറായത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതിമ പാര്‍ലമെന്റ് വളപ്പില്‍ വാജ്പേയി ഭരണകാലത്തു സ്ഥാപിച്ചതിനെ വിമര്‍ശിച്ചു തനിനിറം കാട്ടാനും അവര്‍ മടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: