പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനം പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെങ്കിലും മനുഷ്യന്റെ ഇടപെടലുകള്‍ അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ റീഡര്‍ ഡോ.എം.ജി.മനോജ് പറഞ്ഞു. ശില്പശാലയില് കാലാവസ്ഥ വ്യതിയാനവും ദുരന്തനിവാരണവും മാധ്യമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതാപനം ഉയരുന്നതിന്റെ കാരണങ്ങളില്‍ 44 ശതമാനം മനുഷ്യ നിര്‍മ്മിതമാണ്. സൂര്യനില്‍ നിന്നും പ്രസരിക്കുന്നതില്‍ ഭൂമി ആഗിരണം ചെയ്യുന്ന ഊര്‍ജ്ജമാണ് കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അന്തരീക്ഷത്തില്‍ ഹരിതവാതകങ്ങളടെ അളവ് കൂടിയാല്‍ ചൂടും വര്‍ദ്ധിക്കും.
കടലും കരയും തമ്മിലുള്ള മര്‍ദ്ദവ്യതിയാനം കുറയുന്നതിനാല്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തികുറയുന്നു. ഇത് മഴയുടെ ലഭ്യതയേയും സാരമായി ബാധിക്കുന്നു. നമ്മുടെ പദ്ധതി പ്രദേശങ്ങളില്‍ അടക്കം ഇതിനാല്‍ മഴ കുറയുന്നു. വരുന്ന 50 വര്‍ഷത്തിനുള്ളില്‍ 22 ശതമാനം ആളുകളെയും മഴയുടെ കുറവ് ബാധിക്കും. അന്തരീക്ഷ താപനില പലമേഖലകളിലും വ്യത്യസ്തമാണ്. അതികതാപത്തെ കൈമാറ്റം ചെയ്യാനുള്ള പ്രകൃതിയുടെ മാര്‍ഗ്ഗമാണ് ചുഴലിക്കാറ്റ്. ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ.മനോജ് പറഞ്ഞു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഇതിന്റെ അവസ്ഥാഭേദവും മുന്‍കൂട്ടി അറിഞ്ഞതാണ്. 29നു രാത്രി മുതല്‍ ന്യൂനമര്‍ദം മുമ്പുണ്ടാകാത്ത തരത്തിലുള്ള അവസ്ഥാവിശേഷത്തോടെ മാറിക്കൊണ്ടിരിക്കുകയായിരുന്നു. സൈക്ലോണിനുള്ള സാധ്യത മുന്‍കൂട്ടി കാണാമായിരുന്നെങ്കിലും പ്രവചനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂറിനുള്ളിലാണ് ഓഖി ചുഴലിക്കാറ്റായി മാറിയതെന്നും ഇത്തരമൊരു പ്രതിഭാസം ആദ്യമായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളില്‍ പഠനത്തോടൊപ്പം ദുരന്തങ്ങളെ നേരിടാനും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ആദ്യസ്കൂള് പാഠം തന്നെ ഭൂകമ്പം ഉണ്ടായാല്‍ എങ്ങനെ സ്വയം രക്ഷപെടാമെന്നും ഒപ്പമുള്ളവരെ എങ്ങനെ രക്ഷപെടുത്താമെന്നതിനെക്കുറിച്ചുമാണ്. നമ്മുടെ നാട്ടിലും പഠനത്തിനൊപ്പം ഇത്തരത്തിലുള്ള പരിശീലനവും നല്‍കണമെന്നും ഡോ. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: