കല്‍പ്പറ്റ: കാരാപ്പുഴ അണക്കെട്ട് പൂര്‍ണതോതില്‍ കമ്മീഷന് ചെയ്യാന്‍ തീരുമാനം. ഇതിനായി 5.72 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ ജലവിഭവ വകുപ്പ് അനുമതി നല്കി. അണക്കെട്ടില്‍ പൂര്‍ണതോതില്‍ ജലം സംഭരിക്കുമ്പോള്‍ അമ്പലവയല്‍, മൂപ്പൈനാട് വില്ലേജുകളിലുള്ള സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ഈ സ്ഥലങ്ങള്‍ 2013ലെ ലാന്‍ഡ് അക്വസിഷന്‍ ആക്ടില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ഏറ്റെടുക്കുന്നതിനാണ് അനുമതി.
സ്ഥലം ഏറ്റെടുക്കുന്നതില്‍ ജില്ലാ കലക്ടര്‍ക്കാണ് പ്രധാന റോള്‍. 2013 ലെ ലാന്‍ഡ് അക്വസിഷന്‍ ആക്ട് ആയതിനാല്‍ സ്ഥലമെടുപ്പ് നടപടികള്‍ മുമ്പത്തെ അപേക്ഷിച്ച് കുറച്ചുകൂടി എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
മൂപ്പൈനാട് വില്ലേജിലെ 70 എ, റീസര്‍വെ നമ്പര്‍ 568, 574 ബ്ലോക്ക് നമ്പറിലുള്ള 1.12 ഹെക്ടര്‍ സ്ഥലത്തിനു പുറമെ അമ്പലവയല്‍ വില്ലേജിലുള്ള ബ്ലോക്ക് നമ്പര്‍ 73, റീസര്‍വെ നമ്പര്‍ 192,194, 204, 285, 296 നമ്പറുകളിലുള്ള 2.95 ഹെക്ടര്‍ സ്ഥലവും ഇതേ വില്ലേജിലുള്ള ബ്ലോക്ക് നമ്പര്‍ 76, റീസര്‍വെ നമ്പര്‍ 104, 105, 106, 573, 576, 577, 578 നമ്പറുകളിലുള്ള 1.65 ഹെക്ടര്‍ സ്ഥലവുമാണ് ഏറ്റെടുക്കാന്‍ ഉദേശിക്കുന്നത്. ഇത് ഏറ്റെടുത്തുകഴിഞ്ഞാല്‍ അണക്കെട്ടിന്റെ പരമാവധി ശേഷി ഉപയോഗപ്പെടുത്തി ജലം സംഭരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഭാഗീകമായി മാത്രമേ അണക്കെട്ട് കമ്മീഷന് ചെയ്തിട്ടുള്ളു. മഴക്കാലത്തടക്കം അണക്കെട്ടിലേക്ക് കൂടുതലായി ഒഴുകിയെത്തുന്ന വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുകയാണ് പതിവ്. ഷട്ടര്‍ അടച്ചശേഷം പൂര്‍ണതോതില്‍ അണക്കെട്ടിന്റെ പരമാവധി ശേഷി ഉയരത്തില്‍ വെള്ളം സംഭരിക്കുകയാണ് ലക്ഷ്യം. ഷട്ടറില്ലാതെ അണക്കെട്ടില്‍ വെള്ളം കെട്ടി നില്ക്കുന്ന പ്രതലത്തില്‍ നിന്ന് 5.72 മീറ്റര്‍ ഉയരമാണ് അണക്കെട്ടിന്റെ പൂര്‍ണ ജലസംഭരണശേഷി. നിലവില്‍ ഈ സ്ഥാനത്ത് ഏകദേശം ഒന്നരമീറ്ററോളം ഉയരത്തില്‍ മാത്രമേ വെള്ളം സംഭരിക്കുന്നുള്ളു.
കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ അന്തിമ വിധി പ്രകാരം കേരളത്തിന് അനുവദിച്ച ജലം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും കൂടി അണക്കെട്ടില്‍ പരമാവധി ജലംസംഭരിക്കുന്നതിലുടെ ലക്ഷ്യമാക്കുന്നുണ്ട്. 2007 ഫെബ്രുവരി അഞ്ചിനാണ് കാവേരി ജലതര്‍ക്ക ട്രിബ്യുണല്‍ അന്തിമ വിധിവന്നത്. ഈ വിധി പ്രകാരം 30 ടി.എം.സി. ജലമാണ് കേരളത്തിന് അനുവദിച്ചത്. ഇതില്‍ 21 ടി.എം.സി. ജലവും കബനി നദിയിലേതാണ്. കബനിയുടെ പോഷകനദിയിലാണ് കാരാപ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ അണക്കെട്ട് പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്തി ജലം കാര്‍ഷിക മേഖലയിലേക്ക് എത്തിച്ചാല്‍ കേരളത്തിന് അര്‍ഹതപ്പെട്ട ജലത്തില്‍ വലിയൊരളവ് വിനിയോഗിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 42 ഉപനീര്ത്തടങ്ങളില് നിന്നും 290 ചെറുനീര്ത്തടങ്ങളില് നിന്നുമായി 96 ടി.എം.സി. വെള്ളമാണ് പ്രതിവര്‍ഷം കബനിയില്‍നിന്നും കാവേരിയിലേക്ക് ഒഴുകുന്നത്. കബനിനദീ ജലം ഉപയോഗിച്ച് കര്‍ണാടകയിലെ ബീച്ചനഹള്ളിഅണക്കെട്ടിലേക്ക് വയനാട്ടില്‍ നാല് മാസം പെയ്യുന്ന മഴയില്‍ 28 ടി.എം.സി. ജലം ഒഴുകി എത്തുന്നുണ്ടെന്നാണ് കണക്ക്. കബനിയിലേക്കുള്ള നീര്ത്തടപാതയിലാണ് പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടും സ്ഥിതി ചെയ്യുന്നത്.
കാരാപ്പുഴ ജലസേചന പദ്ധതിയില്‍നിന്ന് 2.7 ടി.എം.സി. ജലവും ബാണാസുര സാഗര്‍ പദ്ധതി വഴി 6.7 ടി.എം.സി. ജലവും ഉപയോഗപ്പെടുത്താനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതിനിടെ വയനാട്ടിലെ അണക്കെട്ടുകളുടെ ഉയരം കൂട്ടി കൂടുതല്‍ ജലംസംഭരിക്കാനുള്ള നീക്കം നടക്കുന്നുണ്ടോയെന്ന് അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും നിരീക്ഷിക്കുന്നുണ്ട്. വയനാട്ടിലെ അണക്കെട്ടുകളുടെ ഉയരം കൂട്ടാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ഒരു അയല്‍സംസ്ഥാനം ഇടക്ക് കോടതിയെ സമീപിക്കുക വരെ ചെയ്തിരുന്നു.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിന് വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. 1978ലാണ് കാരാപ്പുഴ ജലസേചന പദ്ധതിക്ക് പ്ലാനിംഗ് കമ്മിഷന്റെയും സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചത്. 1978ല്‍ 7.60 കോടി രൂപ മതിപ്പുചെലവിലായിരുന്നു പ്രവൃത്തിയുടെ തുടക്കം.
ഇതിനകം ഏകദേശം 600 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും പദ്ധതി പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. കോടികള്‍ കരാറുകാരുടെയും ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ചോര്‍ന്നപ്പോള്‍ ജലസേചന പദ്ധതി ശരിക്കും കറവപശുവായി മാറുകയായിരുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനായി നിര്‍മിച്ച നീര്‍പ്പാലങ്ങളും കനാലുകളും പൊട്ടിത്തകര്‍ന്നു. ഇനി പുതിയതായി അവ നിര്‍മിച്ചെങ്കില്‍ മാത്രമേ ഉദേശലക്ഷ്യം സാധിക്കുകയുള്ളു. അതിനായി തന്നെ ഇനിയും കോടികള്‍ ചെലവഴിക്കണം. ഉദേശലക്ഷ്യം പാളിയെന്ന് കണ്ട് ജലവിഭവവകുപ്പ് തന്നെ മുന്‍കയ്യെടുത്ത് കാരാപ്പുഴ അണക്കെട്ടും പരിസരവും വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: