ആറ്റിങ്ങല്‍: തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ മുഖ്യവേദിയായ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മുന്നില്‍ ലഹരിക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നടത്തിയ ‘ഒപ്പുമതില്‍’ ശ്രദ്ധേയമായി. ‘കല തന്നെ ലഹരി’ എന്ന മുദ്രാവാക്യവുമായി കൂറ്റന്‍ ബാനറില്‍ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് പൊതുജനങ്ങളെ കൊണ്ട് കേഡറ്റുകള്‍ ഒപ്പുവയ്‌പിച്ചു. കലോത്സവദിവസങ്ങളില്‍ വേദികളില്‍ സംഘാടകരെ സഹായിക്കാനും പരിസരം വൃത്തിയാക്കാനും ട്രാഫിക് നിയന്ത്രിക്കാനുമുള്‍പ്പെടെ മുഴുവന്‍ സമയം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എല്ലാവരുടെയും പ്രശംസ നേടി. ഒപ്പുമതിലിന്റെ ഉദ്ഘാടനം സംഘാടക സമിതി ചെയര്‍മാനായ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് നിര്‍വഹിച്ചു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ഒഫ് പോലീസ് എം. അനില്‍കുമാര്‍, അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് കെ.ജെ. രവികുമാര്‍, സിപിഒമാരായ എന്‍. സാബു, എസ്.ഡി. കല എന്നിവര്‍ കേഡറ്റുകള്‍ക്ക് നേതൃത്വം നല്‍കി.
















