അടൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ് നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നീക്കത്തില്‍ നിന്നും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിക്ക് പിന്മാറേണ്ടിവന്നത് ഒറ്റക്കെട്ടായുള്ള നാട്ടുകാരുടെ പ്രതിഷേധം കാരണം. നാട്ടുകാരുടെ ഇടപെടല്‍ കാരണമാണ് കാവ്നില്‍ക്കുന്ന ഭൂമി റവന്യുവകുപ്പിന്റെ അധീനതയില്‍ ഉള്ളതാണെന്ന് തീര്‍പ്പായത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനം മതിയാക്കി പിന്‍വാങ്ങാന്‍ പഞ്ചായത്ത് അധികൃതരും നിര്‍ബന്ധിതരായി.
ഇതോടെ ഭക്തജനങ്ങളും കാവുസംരക്ഷണ സമിതിയും കാവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ഹിന്ദുസംഘടനകളുടെ സഹകരണത്തോടെ ഉയര്‍ത്തിയ പ്രതിഷേധം ഫലംകാണുകയായിരുന്നു.
പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആറാട്ടുചിറയോടു ചേര്‍ന്ന കാവായിരുന്നു വെട്ടിത്തെളിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഈഭൂമി റവന്യു വകുപ്പിന്റേതാണെന്നും പഞ്ചായത്തിന് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരമില്ലെന്നും റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാവ് വെട്ടിത്തെളിച്ച് പഞ്ചായത്ത് പകല്‍വീട് നിര്‍മിക്കുന്നതിനായി എത്തിയപ്പോളാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
തര്‍ക്കം ഉയര്‍ന്നതോടെ പരിഹരിക്കുന്നതിനായി താലൂക്ക് ഓഫിസില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഭൂമിയുടെ ഉടമസ്താവകാശം റവന്യുവകുപ്പിനാണെന്ന് ആര്‍ഡിഒ എം.എ.റഹിം അറിയിച്ചത്. പഞ്ചായത്ത് റോഡിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലം പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പ്രകാരം പഞ്ചായത്തിന് അധികാരപ്പെട്ടതാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍, ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥലം അളന്ന് പ്രത്യേക ബ്ലോക്കായി തിരിച്ചിട്ടിരിക്കുന്നതാണെന്നും അതിനാല്‍ റവന്യു വകുപ്പിന്റെ അധികാര പരിധിയിലുള്ളതാണെന്നുമാണ് റവന്യു അധികൃതര്‍ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തില്‍ സ്ഥലത്ത് പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്നും റവന്യു അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. താലൂക്ക് ഓഫീസില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പഞ്ചായത്ത് അധികൃതര്‍ ആരും എത്തിയിരുന്നുമില്ല. കാവുസംരക്ഷണ സമിതി ഭാരവാഹികളും കുടുംബ ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്കു ശേഷം പഞ്ചായത്ത് അധികൃതര്‍ ഓഫീസില്‍ എത്തി ആര്‍ഡിഒയുമായി കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. ഇവിടെ 17.5 സെന്റ് സ്ഥലം പഞ്ചായത്തിന്റെ വകയാണെന്നും പറഞ്ഞാണ് വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് പണിയുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഇറങ്ങിത്തിരിച്ചത്. റോഡിന്റെ സമീപത്തുള്ള സ്ഥലം പഞ്ചായത്തിന്റേത് ആണെന്നും പറഞ്ഞാണ് ഇവിടെയുള്ള കാവ് നശിപ്പിച്ച് നിര്‍മാണത്തിനു തുനിഞ്ഞത്.
റവന്യു ഉദ്യോഗസ്ഥരുമായി ഒരു ആലോചനയും നടത്താതെയാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഇതു കുറ്റകരമാണെന്നും റവന്യു അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് കാവ് നില്‍ക്കുന്നിടത്തെ സര്‍ക്കാര്‍ ഭൂമിയില്‍ പകല്‍വീട് നിര്‍മിക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിന്മാറിയത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പഞ്ചായത്തിന് ബാധകമാണോയെന്ന് അറിയാന്‍ സര്‍ക്കാരിനെ സമീപിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: