പത്തനംതിട്ട: ജില്ലാ പിഎസ്സി ഓഫീസിനു പത്തനംതിട്ടയില്‍ തന്നെ കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമായാല്‍ തടസമില്ലെന്ന് പിഎസ്സി ചെയര്മാന് എം.കെ.സക്കീര്‍. പത്തനംതിട്ടയില്‍ പിഎസ്സി ഓഫീസ് നിര്‍മാണത്തിനായി നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ദേശിക്കപ്പെട്ടതില്‍ മേലെവെട്ടിപ്രത്ത് എസ്പിയുടെ ക്യാമ്പ് ഓഫീസിനു സമീപത്തെ സ്ഥലം അനുയോജ്യമാണെന്ന് ചെയര്‍മാനും മെംബര്‍മാരും വിലയിരുത്തി. 18.5 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. 25 സെന്റ് സ്ഥലമാണ് വേണ്ടതെങ്കിലും പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ ലഭ്യമാകുന്ന തരത്തില്‍ കെട്ടിടം നിര്മിക്കാമെങ്കില് ഇത്രയും സ്ഥലം മതിയാകും. പിന്നീട് നേരത്തെ പോലീസ് എആര്‍ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസിനു സമീപത്തെ സ്ഥലവും സംഘം പരിശോധിച്ചു. ഈ സ്ഥലത്തിന്റെ രേഖകളെ സംബന്ധിച്ചു തര്‍ക്കമുണ്ട്. ഇക്കാര്യങ്ങള്‍ കൂടി് വിശദമായി പരിശോധിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചെയര്മാന് നിര്‍ദേശിച്ചു. മേലെവെട്ടിപ്രത്തെ സ്ഥലത്തിന്റെ രേഖകളും പരിശോധിച്ച് അതിനു പ്രാമുഖ്യം നല്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പിഎസ്സിയുടെ എന്‍ജിനിയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമാകുമോയെന്നു റിപ്പോര്‍ട്ട് നല്‍കും.
നിലവില്‍ വാടകക്കെട്ടിടത്തിലാണ് ജില്ലാ പിഎസ്സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2.90 ലക്ഷം രൂപയാണ് പ്രതിമാസ വാടക. ഭീമമായ തുക വാടകനല്കി ഓഫീസ് പ്രവര്ത്തിപ്പിക്കാനാകില്ലെന്നും അടിയന്തരമായി കെട്ടിടം നിര്‍മിക്കണമെന്നുമാണ് പിഎസ്സിയുടെ നിലപാടെന്ന് ചെയര്‍മാനും മെംബര്‍മാരും ചൂണ്ടിക്കാട്ടി. ഇതിനാവശ്യമുള്ള ഫണ്ട് പിഎസ്സിയുടെ കൈവശമുണ്ട്. നേരത്തെ ചുട്ടിപ്പാറയില്‍ 25 സെന്റ് സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് ടൗണില്‍ നിന്നു മാറിയാണെന്ന പേരില്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്ഥലമേറ്റെടുക്കല്‍ വൈകിയതിനേ തുടര്‍ന്ന് അടൂരിലേക്ക് ജില്ലാ പിഎസ്സി ഓഫീസ് മാറ്റാന്‍ ആലോചന നടന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ആസ്ഥാനത്തുതന്നെ ഓഫീസിനു സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. വീണാ ജോര്‍ജ് എംഎല്‍എ, പിഎസ്സി ചെയര്മാന്, മെംബര്‍മാരായ ജിനു സഖറിയ ഉമ്മന്‍, റോഷന് റോയി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: