ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് എട്ടിനു വൈകിട്ട് ശുദ്ധിക്രിയകളോടെ തുടക്കമാകും. വൈകിട്ട് കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് ‘യമലോകം’ നാടകം എന്നിവയുമുണ്ടാകും.
ഒന്‍പതിന് രാത്രി 7.30ന് മകം നക്ഷത്രത്തില്‍ തന്ത്രി അണ്ടലാടിമനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ഉത്സവം കൊടിയേറ്റം.തുടര്‍ന്ന് നൃത്തനൃത്യങ്ങളും ‘കീചകവധം’ കഥകളിയും അരങ്ങേറും.രാവിലെ നാരായണീയ പാരായണവും വൈകിട്ട് ആറിന് രാമദാസ് പൊതുവാള്, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നുള്ള അഷ്ടപദിയും നടക്കും.
ഉത്സവാഘോഷത്തിന്റെ ഭാഗമായി നിത്യേന രാവിലെ പ്രഭാതകേളി, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, നാഗസ്വരം, നവകം, പഞ്ചഗവ്യം, വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, മുളപൂജ, അത്താഴപൂജ, വിളക്കാചാരം എന്നിവ നടക്കും. പത്തിനു ഭരതനാട്യം, ചാക്യാര്‍കൂത്ത്, തായമ്പക, ബാലെ, 11ന് ഭരതനാട്യം, കൃഷ്ണനാട്ടം, തായമ്പക, 12ന് ഓട്ടന്തുള്ളല്, കൈകൊട്ടിക്കളി, തൃത്തായമ്പക, 13ന് ഇരട്ടത്തായമ്പക എന്നിവ നടക്കും.12ന് ഉത്സവബലി ദിനത്തില്‍ രാവിലെ 11.30ന് കഞ്ഞിസദ്യ ഉണ്ടാവും. 13ന് രാവിലെ പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ പള്ളിവേട്ട ആഘോഷം തുടങ്ങും.
രാത്രി 7.30ന് ചാമക്കുന്ന് ആലിന്ചുവട്ടില് നിന്നുള്ള പള്ളിവേട്ടയുടെ തിരിച്ചെഴുന്നള്ളിപ്പിന് പഞ്ചവാദ്യം, ഗജവീരന്, താലം എന്നിവ അകമ്പടിയേകും. പിന്നീട് പള്ളിക്കുറുപ്പ് നടക്കും.14ന് രാവിലെ ഒന്‍പതിന് മുറിയങ്കണ്ണിക്കടവില്‍ ആറാട്ട് കഴിഞ്ഞ് ഗജവീരന്റെ അകമ്പടിയില്‍ പാണ്ടിമേളത്തോടെയുള്ള തിരിച്ചെഴുന്നള്ളിപ്പ് പ്രദക്ഷിണം പൂര്ത്തിയാക്കുന്നതോടെയാണു സമാപനം.
ഉച്ചക്ക് പ്രസാദഊട്ടുമുണ്ട്. ക്ഷേത്ര സമിതി ഭാരവാഹികള്‍: ബാലകൃഷ്ണന് എളാര്തൊടി (പ്രസി), രവിദാസന്‍, എന്‍.പ്രകാശന് (വൈ പ്രസി), ശാന്തകുമാര്‍ മുണ്ടൂര്‍(സെക്ര), കെ.ഗോപാലകൃഷ്ണന്, കെ.ശ്രീധരന് (ജോ സെക്ര.), ജയപ്രകാശ്(ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: