തിരുവനന്തപുരം: സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാര്‍ട്ടപ്പുകള്‍ നിരന്തരം ചിന്തിക്കേണ്ടതാണെന്ന് പ്രമുഖ ബിസിനസ് ഉപദേഷ്ടാവും മാനേജ്‌മെന്റ് വിദഗ്ധനുമായ രാംചരണ്‍. പുതിയ ആശയങ്ങള്‍ കണ്ടെത്തി, സ്റ്റാര്‍ട്ടപ്പുകള്‍ സാങ്കേതിക മാറ്റങ്ങള്‍ക്ക് ഒരു പടി മുന്നില്‍ നീങ്ങുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഐടി കമ്പനി, യുഎസ്ടി ഗ്ലോബലിന്റെ ത്രിദിന ഗ്ലോബല്‍ ഡവലപ്പര്‍ സമ്മേളനമായ ‘ഡി3’-യില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ പിന്തുണയോടെ 30 ലക്ഷം പേരുടെ ജീവിതത്തില്‍ മാറ്റം വരുത്തുകയെന്നതായിരുന്നു ആദ്യദിനം മുതലുള്ള യുഎസ്ടി ഗ്ലോബലിന്റെ ലക്ഷ്യമെന്ന് സിഇഒ സാജന്‍ പിള്ള പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തില്‍ ആശയങ്ങള്‍ക്കാണു ശക്തി.
ആശയത്തിന്റെ ശക്തിക്കനുസരിച്ചാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത. ആശയങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് സ്റ്റാര്‍ട്ടപ്പുകളുടെ ജീവന്‍. നിങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളും കാതോര്‍ക്കുന്നത്. പുതിയ ആശയങ്ങള്‍ക്കു മുന്നില്‍ തുറക്കാത്ത വാതിലുകളില്ല എന്നും സാജന്‍ പിള്ള പറഞ്ഞു.
















