കെ.കെ. റോഷന്‍കുമാര്‍
പള്ളുരുത്തി: പളളുരുത്തിയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച പള്ളുരുത്തി ആലുങ്കല്‍ വീട്ടില്‍ കൃഷ്ണ നായ്ക്ക് നവതിയിലേക്ക്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ നായ്ക്ക് മാമിന്റെ സംശുദ്ധ ജീവിതം പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്. കൃഷ്ണനായിക്കിന് അഞ്ചു മാസം മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് വിട്ടുപിരിഞ്ഞു.
പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലാണ് വളര്‍ന്നതും പഠിച്ചതും. പള്ളുരുത്തി സെന്റ്സെബാസ്റ്റ്യന്‍സ് സ്ക്കൂളിലും എസ്.ആര്.വി ഹൈസ്ക്കൂളിലുമായി ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തേവര സേക്രട്ട്ഹാര്‍ട്ട് കോളേജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം യുവാവായിരിക്കെ 13 ലധികം നിര്‍ധനരായവര്‍ക്ക് വീടുവെച്ചു നല്കി സമൂഹത്തിനാകെ മാതൃകയായി.
1975ലെ അടിയന്തിരാവസ്ഥക്കെതിരെ ലോക് സംഘര്‍ഷസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1980 ല്‍ ബോംബേയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. തന്റെ വീട് തന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി പ്രവര്‍ത്തകരുടെ അഭയകേന്ദ്രമായി മാറി.
സംഘ പ്രചാരകരായ ഗോവിന്ദാചാര്യ, എ. ഗോപാലകൃഷ്ണന് എന്നിവരുമായി നിരന്തരം സമ്പര്‍ക്കവും ബന്ധവും നില നിര്‍ത്തി. പ്രാന്ത കാര്യവാഹായിരുന്ന ടി.വി.അനന്തന്, പ്രാന്തപ്രചാരകായിരുന്ന ഭാസ്ക്കര്‍ റാവുജി, ആര്. പ്രകാശ് എന്നിവരുമായുള്ള ഉറ്റബന്ധം ജീവിതത്തിലെ മറക്കാനാവാത്ത മൂഹൂര്‍ത്തങ്ങളില്‍ ചിലതായിരുന്നുവെന്ന് നായ്ക്ക് മാം പറയുന്നു.
നിലയ്ക്കല്‍ സമരകാലത്ത് മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ചു. ഗുരുവായൂരിലെത്തുന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ പള്ളുരുത്തിയില്‍ നിന്നുള്ള സംഘത്തിന് നേതൃത്വം നല്കി.
ഒട്ടേറെ സേവന സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന നായ്ക്ക് മാമിനെ മംഗള്‍ ഭാരതി സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നതിനും നവതി ദിനം ആഘോഷിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
10 ഉച്ചയ്ക്ക് 2 ന് പള്ളുരുത്തി ഡിഡി കലാമന്ദിറില്‍ ചേരുന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യംഗം പി.എസ്. ശ്രീധരന് പിള്ള ഉപഹാര സമര്‍പ്പണം നടത്തും കെ.എന്‍.നന്ദകുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: