പത്തനംതിട്ട: അച്ചന്‍കോവില്‍-ചിറ്റാര്‍ റോഡില്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയ ഭാഗത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തണ്ണിത്തോട്, നീലിപിലിലാവ് മുതല്‍ വനത്തിലൂടെ കൂത്താടിമണ്‍ വരെ ഇന്റര്‍ലോക്ക് ടൈല്‍ പാകിയ ഭാഗത്താണ് ക്രാഷ് ബാരിക്കേഡ് വേണ്ടത്.
ഇവിടെ അപകട സാധ്യത ഏറെയാണ്. വാഹനങ്ങള്‍ തെന്നിമാറുന്നതിനു പുറമെ ടൈലുകള്‍ ഇളകി മാറിയതും അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡില്‍ 1.6 കിലോമീര്‍ ദൂരത്തില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള മേഖലയിലാണിത്.
ഇവിടെയാണ് ഇന്റര്‍ലോക്ക് ടൈല്‍ പാകിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ അച്ചന്‍കോവില്‍ ചിറ്റാര്‍ റോഡിന്റെ ഭാഗമായ ഇതുവഴി നിരവധി തീര്‍ത്ഥാടകരാണ് ദിവസേന കടന്നുപോകുന്നത്. കൂടാതെ കെഎസ്ആര്‍ടിസി അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന റോഡാണിത്. കഴിഞ്ഞവര്‍ഷം മണ്ഡല, മകരവിളക്ക് കാലത്ത് ഇന്റര്‍ലോക്ക് പാകിയ മേഖലകളില്‍ മുള ഉപയോഗിച്ചു താല്‍ക്കാലിക ബാരിക്കേടുകള്‍ നിര്‍മ്മിച്ചിരുന്നു.
തീര്‍ത്ഥാടനം കഴിഞ്ഞതോടെ മുള നീക്കം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷംതന്നെ നീലിപിലാവ് ജനവാസ മേഖലയിലെ അപകട സാധ്യത ഏറെയുള്ള മൂന്നു ഭാഗങ്ങളിലായി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ വനഭാഗത്ത് ബാരിക്കേഡ് നിര്‍മ്മിച്ചിട്ടില്ല. മാക്രിപ്പാറ,കല്ലന്‍പ്ലാവ്, നെടുതാര എന്നിവിടങ്ങളില്‍ ഒരു വശം കൊക്കയാണ്.
ഈ ഭാഗത്ത് അപകട സാധ്യതയും ഏറുന്നു. മാക്രിപ്പാറയ്ക്കു സമീപം നിരവധി വാഹനങ്ങള്‍ ഇന്റര്‍ ലോക്കില്‍ നിന്നു തെന്നിമാറി നിയന്ത്രണം വിട്ടു മറിഞ്ഞിട്ടുണ്ട്. മഴക്കാലമായാല്‍ ഇതു വഴി വാഹനം ഓടിച്ചു പോകാന്‍ വളരെ ബുദ്ധിമുട്ടാണ്.
നിരവധി അപകടങ്ങള്‍ ഉണ്ടായ ഈ ഭാഗത്ത് ഇനിയും ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിട്ടില്ല. റോഡില്‍ പാകിയ ഇന്റര്‍ ലോക്ക് പല ഭാഗങ്ങളിലായി ഇളകിപോയിട്ടുമുണ്ട്. മിക്ക ഭാഗങ്ങളിലും കട്ട ഇളകി ഉയര്ന്നുനില്ക്കുന്നു.അച്ഛന്‍കോവില്‍ ക്ഷേത്ര ദര്‍ശനം ന.ത്തിയശേഷം നിരവധി തീര്‍ത്ഥാടകരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവരുടെ കൂടി സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: