തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എത്രയും വേഗം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം രാത്രിയില്‍ പോലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. ഇതില്‍ 6 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കള്‍ക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈയൊരവസരത്തിലാണ് ആധുനിക ഡി.എന്‍.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. മുമ്പ് പുറ്റിങ്ങല്‍ അപകട സമയത്തും തിരിച്ചറിയാത്ത എല്ലാ മൃതദേഹങ്ങളും ഇതേ അവസ്ഥയിലായിരുന്നു തിരിച്ചറിഞ്ഞത്.
ഈ മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതാണെന്ന് സംശയമുള്ളവര്‍ അതത് പോലീസ് സ്‌റ്റേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പോലീസ് വഴി കോടതി ആ അപേക്ഷ സ്വീകരിക്കുന്നു. തുടര്‍ന്ന് ഉത്തരവ് ലഭിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി ലാബില്‍ നിന്നും അവരുടെ രക്തം സ്വീകരിച്ച് പരിശോധിക്കുന്നു.
മരിച്ച ഒരു വ്യക്തിയുടെ സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തു നോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. മൂന്ന് മുതല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ഫലം അറിയാവുന്നതാണ്. ഇതിന്റെ റിപ്പോര്‍ട്ടും കോടതി വഴിയാണ് പോലീസുകാര്‍ക്ക് ലഭിക്കുന്നത്
















