തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം, ഇരയമണ്‍, വെല്ലാര്‍മി ഹൗസില്‍ രതീഷ് (30) മരണമടഞ്ഞു. ഇന്ന് അതിരാവിലെ 5.50നാണ് മരണമടഞ്ഞത്. മിനിമോളാണ് ഭാര്യ.
അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്‌ക്കായ് എത്തിച്ചത്. ശരീരത്തില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ശരീരത്തിനുള്ളില്‍ വെള്ളം കയറി പല അവയവങ്ങളേയും ബാധിച്ചിരുന്നു. മസിലുകള്‍ക്ക് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ രതീഷിനെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. പിന്നീട് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് കൂടുതല്‍ തീവ്ര പരിചരണം നല്‍കി. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. തുടര്‍ന്ന് 2 തവണ ഡയാലിസിസ് ചെയ്തു. ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും രതീഷ് മരണമടയുകയുമായിരുന്നു.
















