ഹോണ്ട കുതിച്ചു പായുകയാണ്. ആക്റ്റീവയുള്ളിടത്തോളം ആ കുതിപ്പ് തടയാന്‍ മറ്റ് മോട്ടോര്‍വാഹന നിര്‍മാതക്കള്‍ക്കും കഴിഞ്ഞെന്നുവരില്ല. അത്രയേറെയാണ് അതിന്റെ ജനപ്രീതി. എട്ടുമാസത്തിനുള്ളില്‍ 40 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയുമായി ഹോണ്ട പുതിയ റെക്കോഡ് സ്ഥാപിച്ചു. ഏഴു മാസത്തിനിടെ 20 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ ഇന്ത്യയിലെ ഏക ടൂവീലര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഇതിനൊപ്പം ഹോണ്ടയുടെ ആക്റ്റീവയും സ്വന്തമാക്കി. ഓരോ ഒന്‍പത് സെക്കന്‍ഡിലും ഒരു ഇന്ത്യന്‍ കുടുംബം ഹോണ്ട ആക്റ്റീവ വാങ്ങിയതുകൊണ്ടാണ് ഈ നേട്ടമുണ്ടാക്കാന്‍ അവര്‍ക്കായത്.
2016 നവംബറിലെ 96,338 യൂണിറ്റായിരുന്നു ഹോണ്ട മോട്ടോര്‍ സൈക്കിള്‍ വില്പന. 56 ശതമാനം വര്‍ധനവോടെ 1,50,606 വാഹനങ്ങളാണ് ഈ വര്‍ഷം നവംബറില്‍ വില്‍പ്പന നടത്തിയത്. സ്കൂട്ടറുകളുടെ കാര്യത്തില്‍ 39 ശതമാനം വര്‍ധനവോടെ 2,81,744 വാഹനങ്ങളും വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ടുമാസം കയറ്റുമതി 36 ശതമാനം വര്‍ധനവോടെ 239,219 യൂണിറ്റിലെത്തി.
2001ല്‍ അവതരിപ്പിക്കപ്പെട്ട ആക്റ്റീവയുടെ വില്‍പ്പന വളര്‍ച്ച ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസത്തിനിടെ മാത്രം 20 ലക്ഷം ഉപഭോക്താക്കളാണ് ആക്ടീവയ്ക്കൊപ്പം കൂടിയത്. ഇന്ത്യന്‍ കുടുംബങ്ങളില്‍ ഒരു ടൂവീലര്‍ ബ്രാന്‍ഡിനും ലഭിക്കാത്ത സ്വീകാര്യതയാണിത്. അര ദശകത്തിനിടയില്‍ ടൂവീലര്‍ വ്യവസായ രംഗത്ത് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 180 ശതമാനം വളര്‍ച്ചയാണ് ആക്റ്റീവ നേടിയത്. 2012-13ല്‍ 7.3 ലക്ഷം യൂണിറ്റ് വില്‍പ്പന കുറിച്ച ആക്റ്റീവ മൂന്നിരട്ടി വളര്‍ച്ചയോടെ 2017-18ല്‍ 20 ലക്ഷം യൂണിറ്റിലെത്തി.
ഹോണ്ടയുടെ 102 സിസി ആക്റ്റീവ 2001ലാണ് അവതരിപ്പിച്ചത്. ആദ്യവര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന നടത്തി. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആക്റ്റീവ സ്കൂട്ടര്‍ വിഭാഗത്തില്‍ മുന്നിലെത്തി. 2005 ഡിസംബറോടെ വില്‍പ്പന 10 ലക്ഷം യൂണിറ്റിലെത്തി. വാഹന വിപണിയില്‍ കുതിച്ചു പായുമ്പോഴും മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു അതിന്റെ യാത്ര. വില്പനയുടെ വേഗം കൂടാന്‍ ഇത് കാരണമായി. 2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടം കുറിച്ചു. തൊട്ടടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി യൂണിറ്റ് മറികടന്ന ആദ്യ സ്കൂട്ടറായി ആക്റ്റീവ മാറി. ഒരു വര്‍ഷത്തിനു ശേഷം 2016ല്‍ ഹോണ്ടയുടെ ആക്റ്റീവ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി. 1.5 കോടി ഉപഭോക്താക്കളുള്ള ആദ്യ ഓട്ടോമാറ്റിക് സ്കൂട്ടര്‍ എന്ന സ്ഥാനം ആക്റ്റീവയ്ക്ക് മാത്രം സ്വന്തം.
പുറംമോടിയില്‍ സെലേറിയോ
ഗിയറില്ലാത്ത കാര്‍- സെലേറിയോയെ ജനപ്രിയമാക്കിയത് ഈ ഒരൊറ്റ സവിശേഷതയായിരുന്നു. പുറംമേനിയഴക് കണ്ട് അതിന് പിന്നാലെ ഒരു വാഹന പ്രേമിയും പോയിട്ടില്ല. പക്ഷേ, പുറംമോടി കൂട്ടി കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് സെലേറിയോ ഓടിച്ചുകയറ്റാമെന്നാണ് മാരുതി സുസുകി ചിന്തിച്ചത്. ആ ചിന്തയില്‍ നിന്നാണ് സെലേറിയോ എക്സ് എന്ന പുതിയ ക്രോസ് ഓവര്‍ ഹാച്ച് ബാക്കിന്റെ പിറവി. ഒറ്റനോട്ടത്തില്‍ ആരെയും കൊതിപ്പിക്കുന്ന രൂപവുമായാണ് സെലേറിയോ എക്സ് എത്തിയത്. ശരിക്കും തകര്‍പ്പന്‍ സ്പോര്‍ട്ടി രൂപമാണിതിന്.
ഡ്യുവല്‍ടോണ്‍ ഫ്രണ്ട് ബംമ്പര്‍, മുന്നില്‍നിന്ന് പിന്നിലേക്ക് നീളുന്ന ബ്ലാക്ക് ക്ലാഡിങ്, റിയര്‍ ബംമ്പര്‍, ബ്ലാക്ക് റൂഫ് റെയില്‍സ്, മിറര്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, ടില്‍റ്റ് സ്റ്റിയറിങ്, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, റിയര്‍ വൈപ്പര്‍, ഹൈറ്റ് അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, ഫോഗ് ലാമ്പ്, പിന്നില്‍ സില്‍വര്‍ സ്കഫ് പ്ലേറ്റ്, കീലെസ് എന്‍ട്രി, അലോയി വീല്‍…, സെലേറിയോ എക്സിനെ ഇഷ്ടപ്പെടാന്‍ കാരണങ്ങളേറെ. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവയുമുണ്ട്.
മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് എട്ട് വേരിയന്റുകളിലാണ് എക്സ് നിരത്തിലിറങ്ങുക. സ്റ്റാന്‍ഡേര്‍ഡ് സെലേരിയോ ഹാച്ച്ബാക്കിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട് പുതിയ എക്സിന്. 3715 എംഎം നീളവും 1635 എംഎം വീതിയും 1565 എംഎം ഉയരവുമുണ്ട്. വീല്‍ബേസ് 2425 എംഎംആണ്. 120 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 235 ലിറ്റര്‍ ബൂട്സ്പേസ് കപ്പാസിറ്റിയും 35 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും വാഹനത്തിനുണ്ട്.
മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റമില്ല. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിതിന്. 6000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്ജിന്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ട്രാന്സ്മിഷനില് ഇത് ലഭിക്കും. സോളിഡ് പാപ്പ്റിക്ക ഓറഞ്ച്, ടോര്‍ക്ക് ബ്ലൂ, കഫീന്‍ ബ്രൗണ്‍, ആര്‍ക്ടിക് വൈറ്റ്, ഗ്ലിസ്റ്റെനിങ് ഗ്രേ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. നാലര ലക്ഷം രൂപ മുതലാണ് വില.
മൂന്നര ലക്ഷം ക്ലബില്‍ എത്തിയോസ്
വാഹന പ്രേമികള്‍ക്ക് ഇഷ്ടമുള്ളത് നിര്‍മിച്ചു കൊടുക്കുക. ടൊയോട്ടയും ആ വഴിയേ സഞ്ചരിച്ചതോടെ വാഹന വില്പനയും കുത്തനെ ഉയര്‍ന്നു. ജനപ്രിയ ബ്രാന്‍ഡായ എത്തിയോസ് മൂന്നരലക്ഷം ക്ലബ്ബിലാണ് ഇപ്പോള്‍. പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ കാറുകളില്‍ ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മാറ്റം വരുത്തിയത് ടൊയോട്ട കിര്ലോസ്കര് മോട്ടോറിന് ഏറെ ഗുണം ചെയ്തു. നിലവാരമുള്ള കാറുകള്‍ നിര്‍മിച്ച് പുതുമകളോടെ നിരത്തിലെത്തിച്ചതും നേട്ടം ഇരട്ടിയാക്കി.
ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ അവര്‍ കൈയ്യിലെടുത്തത്. വലിപ്പമുള്ള ക്യാബിന്, ലഗേജ് സ്പേസ്, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയും ഉള്‍പ്പെടുത്തിയാണ് പുതിയ സീരീസിലെ കാറുകള്‍ നിര്‍മിച്ചത്. ഇതാണ് എത്തിയോസ് സീരീസിന് ഇന്ത്യയില്‍ മൂന്നരലക്ഷം ഉപഭോക്താക്കളെ നേടിക്കൊടുത്തത്.
കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നിവ പുറത്തിറങ്ങിയതോടെ സുരക്ഷിതത്വത്തിന്റെയും വിശ്വസ്തതയുടെയും ഗുണനിലവാരത്തിന്റെയും പുതിയ തലമാണ് ടൊയോട്ട സൃഷ്ടിച്ചത്. പുതുമയാര്‍ന്ന ഡിസൈനും സ്റ്റൈലും ഇന്റീരിയറും ഈ കാറുകളെ വ്യത്യസ്തമാക്കി. മാത്രമല്ല സുരക്ഷാ മികവും സുഗമമായ യാത്ര സൗകര്യവും ഇവയെ ഇന്ത്യയിലെ ജനപ്രിയ കാറുകളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സഹായിച്ചു.
ഡ്യുവല്‍ ടോണ്‍ എത്തിയോസ് ലിവയും ക്ലിക്കായി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ പുതുരുചി കണക്കിലെടുത്താണ് ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ തയ്യാറാക്കിയത്. ഡ്യുവല്‍ എസ് സിക്സ് എയര്‍ ബാഗുകള്‍ ഉള്ള ആദ്യത്തെ കാര്‍ ശ്രേണിയാണ് എത്തിയോസ്. 2016 ലെ ജിഎന്‍സിഎപി നിര്‍ണയത്തില്‍ 4 സ്റ്റാര്‍ റേറ്റിങ്ങാണിതിന്. ഡ്രൈവറോടൊപ്പം യാത്രക്കാര്‍ക്കും തുല്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതാണ് എത്തിയോസ് സീരീസ്.
ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡുവല്‍ എസ്ആര്‍എസ് എയര്‍ ബാഗ് എന്നിവയാണ് എത്തിയോസിന്റെ മറ്റ് ഫീച്ചറുകള്‍. എമര്‍ജന്‍സി ലോക്കിങ് റിട്രാക്ടര്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, മിഡില്‍ റിയര്‍ ഹെഡ്സെറ്റ് എന്നിവയുമുണ്ട്. ഉപഭോക്തൃ സൗഹൃദ സേവനങ്ങളെ ലക്ഷ്യമിട്ട് ടൊയോട്ട ഒരു രാജ്യാന്തര ക്യാമ്പയിന് തുടങ്ങിയിട്ടുണ്ട്. ഡ്രൈവ് ദി നേഷന്‍ എന്ന ക്യാമ്പയിനില്‍ രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിരോധ സേനാംഗങ്ങളെയും അവരുടെ ബന്ധുക്കളെയും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാലാനുസൃതമായി എത്തിയോസ് മോഡലില്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: