കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായ തീരദേശവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക്. ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പ് വിട്ടു. ചെല്ലാനം, നായരമ്പലം എന്നിവിടങ്ങളിലായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെല്ലാനത്തെ സെന്റ് മേരീസ് യു.പി സ്കൂളിലെ ക്യാമ്പില്‍ 50 കുടുംബങ്ങളിലെ 170 പേരും നായരമ്പലം ജിവിയുപിഎസിലെ ക്യാമ്പില്‍ 75 കുടുംബങ്ങളില്‍ നിന്നായി 183 പേരുമാണ് ഇപ്പോഴുള്ളത്.
ചെല്ലാനം മേഖലയില്‍ വീടുകളിലും പരിസരത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ദുരന്ത നിവാരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പ് മേധാവികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് ഓപ്പറേഷന് സെന്ററിന്റെ ഭാഗമായി കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സതേണ്‍ നേവല്‍ കമാന്‍ഡില്‍ റെസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ ടീമിനെയും നിയോഗിച്ചു. നാവികസേന, തീരരക്ഷാസേന, ജില്ലാ ഭരണകൂടം, ഫിഷറീസ്, കോസ്റ്റല്‍ പോലീസ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് റെസ്ക്യൂ ടീം.
മറ്റു സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തപ്പെട്ട കേരളീയ മത്സ്യബന്ധന തൊഴിലാളികളെ കുറിച്ചുള്ള വിവരം ലഭ്യമാക്കല്‍, കേരളത്തിലും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത് കാണാതായ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുല്, മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ പോസ്റ്റ്മോര്‍ട്ടത്തിനുള്ള അടിയന്തിര നടപടികള്‍ വേഗത്തില്‍ പൂര്ത്തീകരിക്കുല്, എന്നിവയാണ് റെസ്ക്യൂ ടീമിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: