പേട്ട: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ സെക്യൂരിറ്റി ക്യാബിനിലെ ഫോണ്‍ വെറും കാഴ്ചവസ്തു. ഫോണ്‍ ചെയ്താല്‍ സംസാരം കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിരവധി തവണ തകരാറ് ചൂണ്ടിക്കാട്ടി അധികൃതരെ വിവരം അറിച്ചെങ്കിലും നടപടിയില്ല. ഫോണ്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
രാത്രിയില്‍ മൃതശരീരങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റേണ്ട സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഫോണ്‍ തകരാറുകാരണം ആശുപത്രി ജീവനക്കാര്‍ക്കുളളത്. സാധാരണ അത്യാഹിത വിഭാഗത്തിലെത്തുന്നതും വാര്‍ഡില്‍ നിന്നുളളതുമായ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് വിടുമ്പോള്‍ മോര്‍ച്ചറിയിലെ സെക്യൂരിറ്റിയെ വിവരം ജീവനക്കാര്‍ മുന്‍കൂട്ടി അറിയിക്കുകയാണ് പതിവ്. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലെത്തുന്നതിന് മുമ്പെ സെക്യൂരിറ്റി ജീവനക്കാര്‍ ഫ്രീസര്‍ മുറിതുറന്ന് സജ്ജമാക്കും. ഫോണ്‍ തകരാറിലായതോടെ ഈ സംവിധാനം നിലച്ചു.
വിവരം കൈമാറാന്‍ കഴിയാത്തതോടെ മോര്‍ച്ചറിയിലെത്തുന്ന മൃതദേഹങ്ങള്‍ സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ട സംവിധാധങ്ങള്‍ ഒരുക്കുന്നതുവരെ ഫ്രീസറിലേക്ക് കയറ്റാന്‍ കഴിയാതെ പുറത്തിടേണ്ട സ്ഥിതിയാണുളളത്. തീരദേശ മേഖലയിലുണ്ടായ ദുരന്തസമയത്തുപോലും ഫോണ്‍ നിശ്ചലാവസ്ഥയിലാണ്. മൂന്ന് ടെലഫോണ്‍ ലൈനുകളാണ് മോര്‍ച്ചറിയിലുളളത്. രണ്ടെണ്ണം പോസ്റ്റുമോര്‍ട്ടം മുറിയിലാണ്. വൈകിട്ട് പോസ്റ്റുമോര്‍ട്ടം അവസാനിക്കുന്നതോടെ മുറി അടയ്‌ക്കപ്പെടും. പിന്നെ ശബ്ദിക്കുന്നത് സെക്യൂരിറ്റി ക്യാബിനിലെ ഫോണ്‍ മാത്രമായിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥയില്‍ ഈ ഫോണും നിലച്ചതോടെ ആശുപത്രിയും മോര്‍ച്ചറിയുമായുളള വിവരകൈമാറ്റവും സ്തംഭിച്ചിരിക്കുകയാണ്.
















