പാലക്കാട്: ഒഎല്‍എക്സ് വെബ്സൈറ്റിലൂടെ വാഹനങ്ങള്‍ വില്‍പ്പനക്കുണ്ടെന്ന് പരസ്യം നല്‍കുകയും, ഉപഭോക്താക്കളായ നിരവധി ആളുകളില്‍ നിന്നും അഡ്വാന്‍സ് ആയി ലക്ഷങ്ങള്‍ കൈപ്പറ്റി കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.
ഇരട്ടയാല്‍ കൃഷ്ണപിള്ള നഗര്‍, പുത്തന്‍പുരക്കല്‍ വീട്ടില്‍ കലീല് (47) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. എഴ് മാസമായി സംഘം ഒഎല്‍എക്സ് സൈറ്റ് വഴി തട്ടിപ്പ് നടത്തിവരികയായിരുന്നു. കലീലിന്റെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിലേക്കാണ് ഇടപാടുകാര്‍ പണം അയച്ചു കൊണ്ടിരുന്നത്.
ഒന്നാം പ്രതി ദര്‍വേഷിന്റെ പിതാവാണ് കലീല്. അതേ സമയം തട്ടിപ്പ് സംഘം അറസ്റ്റിലായ വാര്‍ത്തയറിഞ്ഞ് കൂടുതല്‍ പേര് പരാതിയുമായി വരുന്നുണ്ട്. പാലക്കാട്, മരുതറോഡ് സ്വദേശി സുധീഷിന്റെ 81,000 രൂപ , തമിഴ്നാട് പുതുക്കോട്ട സ്വദേശി ശെന്തിലിന്റെ 20,000 രൂപ, വടക്കഞ്ചേരി, മൂലങ്കോട് സ്വദേശി റിയാസാന്റെ 22000 രൂപ എന്നിങ്ങനെ തട്ടിപ്പ് സംഘം കൈക്കലാക്കിയിട്ടുണ്ട്. ഇവരുടെ പരാതി പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കരന്, എസ്ഐ ആര്.രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: