മാനന്തവാടി: കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സാമ്പത്തിക തിരിമറി ധനകാര്യ വകുപ്പ് വിശദ പരിശോധന തുടങ്ങി. ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ജില്ലാ ഫിനാൻസ് ഓഫീസർ എം.കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിശദ പരിശോധന നടത്തുന്നത്.ഒരു മാസമെങ്കിലുമെടുക്കും പരിശോധന പൂർത്തിയാവാൻ.പരിശോധ വിവരം മാധ്യമങ്ങൾക്ക് നൽകേണ്ടന്ന് കർശന നിർദേശം.അതെ സമയം സംഭവം ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടത്തുന്നതായും സൂചന.മുഖ്യധാര രാഷ്‌ട്രീയ കർഷക സംഘടകൾ പിന്നോട്ട് പോകുന്നതായും ആരോപണം.മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ 71 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ക്രമകേടുകളാണ് കണ്ടെത്തിയത്.ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.കർഷകർക്കും മറ്റും നൽകേണ്ട തുക ട്രഷറിയിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്കു മാറ്റി സാമ്പത്തിക ക്രമക്കേട് നടത്തുകയാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടർ ചെയ്തത്. ഇതെ തുടർന്ന് ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുകയുമുണ്ടായി. ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന ധനകാര്യ വകുപ്പ് വിശദ പരിശോധനക്ക് സംഘത്തെ നിയോഗിക്കുകയായിരുന്നു. സംഘം രാവിലെയോടെ ഓഫീസിലെത്തുകയും ഫയലുകൾ പരിശോധനടത്തുകയും ചെയ്തു. രണ്ട് മണിക്ക് ശേഷം കൃഷിഭവനുകളിലും കൃഷിസ്ഥലങ്ങളിലും പരിശോധന നടത്തുകയും കർഷകരിൽ നിന്നും വിവരങ്ങൾ ആരായുകയും ഉണ്ടായി .പരിശോധന വരും ദിവസങ്ങളിലും തുടരും. തവിഞ്ഞാൽ കൃഷിഭവന് അനുവദിച്ച ഇരുചക്രവാഹനം ഡയറക്ടർ ഓഫീസിലെ താല്കാലിക ജീവനക്കാരിയുടെ വീട്ടിൽ കണ്ടെത്തിയിരുന്നു. ഈ വാഹനം റിപ്പയർ ചെയ്തതും ഇന്ധനം അടിച്ചതുമെല്ലാം കൃഷി വകുപ്പിന്റെ കണക്കിലായിരുന്നു .ഇതുൾപ്പെടെ വിശദമായ അന്വോഷണം നടത്തേണ്ടതിനാൽ അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വരുമെന്നാണ് അറിയുന്നത്.അതെ സമയം കേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായും സൂചനയുണ്ട്. സംഭവം ഏറ്റ് പിടികേണ്ട മുഖ്യധാര രാഷ്ടീയ നേതൃത്വങ്ങളോ കർഷക സംഘടനകളോ പത്ര പ്രസ്താവനകൾ ഇറക്കുകയല്ലാതെ സമരമുഖത്തേക്ക് എത്താത്തതിലും സംശയത്തിന് ഇടനല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: