കണിച്ചുകുളങ്ങര: കലോത്സവത്തിന്റെ കലവറയില്‍ ചാരമംഗലത്തെ പാപ്പാളി പാചക സംഘത്തിന്റെ കൈപുണ്യം. നാടന്‍ രുചിക്കൂട്ടിന്റെ വിസ്മയം തീര്‍ക്കുന്ന പ്രമുഖ പാചക സംഘമാണ് ചാരമംഗലത്തെ പാപ്പാളി ടീം. ഏഴുപതിറ്റാണ്ടിലേറെയായി പാചകരംഗത്തുള്ള പാപ്പാളി ഷണ്മുഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. ഷണ്മുഖനോടൊപ്പം 12 പേരുണ്ട്. ഇതില്‍ രണ്ടുപേര്‍ വനിതകളാണ്.
ഷണ്മുഖന്റെ സഹോദരങ്ങളായ പാപ്പാളി രവീന്ദ്രന്‍, പാപ്പാളി കുഞ്ഞുമോന്‍, ഷണ്മുഖന്റെ മകന്‍ ബാബു, മരുമകള്‍ ഷീബ, ഹരിദാസ്, ഷാജി, അംബി ഷാജി, പൊന്നപ്പന്‍, മഹേശന്‍, ബൈജു, സന്തോഷ് എന്നിവരാണ് സദാ കര്‍മ്മനിരതരായി രംഗത്തുള്ളത്. കാല്‍ ലക്ഷം പേര്‍ക്കാണ് അഞ്ച് ദിവസമായി സദ്യ ഒരുക്കേണ്ടത്. ദിവസവും ഉച്ചയ്‌ക്ക് വെജിറ്റേറിയന്‍ സദ്യ. ആദ്യദിവസം പാല്‍പായസം നല്‍കി. ചൊവ്വാഴ്ച അടപ്രഥമന്‍, ബുധനാഴ്ച പരിപ്പ് പ്രഥമന്‍, വ്യാഴാഴ്ച ഗോതമ്പ് പ്രഥമന്‍, വെള്ളിയാഴ്ച എല്ലാം ചേര്‍ത്ത മിക്‌സചര്‍ പായസവും. ഉച്ചയ്‌ക്ക് മൂവായിരം പേര്‍ക്കാണ് സദ്യ. നാലു നേരമാണ് ഭക്ഷണം.
















