കണിച്ചുകുളങ്ങര: ഫീസ് വാങ്ങാത്ത അദ്ധ്യാപകന് വിജയം ഗുരുദക്ഷിണയായി നല്‍കി ശിഷ്യന്മാര്‍. പഞ്ചവാദ്യം എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാമതെത്തിയ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്എസ്എസിലെ കുട്ടികള്‍ക്ക് ഗുരുശിഷ്യ ബന്ധത്തിന്റെ കഥ കൂടി പറയാനുണ്ട്.
കലയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്പലപ്പുഴ ജയകുമാര്‍ എന്ന ഗുരുവിനുള്ളതാണ് ഇവരുടെ വിജയം. കഴിഞ്ഞ പത്ത് വര്‍ഷമായി പഞ്ചവാദ്യത്തില്‍ ആധിപത്യം നിലനിര്‍ത്തുന്ന സ്‌കൂളിലെ കുട്ടികളെ ഒരു രൂപ പോലും ഫീസ് ഇനത്തില്‍ വാങ്ങാതെയാണ് പരിശീലിപ്പിക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ ജയകുമാര്‍ ഗുരുകുല സമ്പ്രദായത്തിലൂന്നിയാണ് പരിശീലനം നല്‍കുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പഠനം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജയകുമാര്‍ പഞ്ചവാദ്യ രംഗത്തെ സജീവ സാന്നിധ്യമാണ്. മകന്‍ അര്‍ജുന്‍ സ്‌കൂള്‍ ടീമിലെ അംഗമാണ്.
















