തിരുവനന്തപുരം: ഓഖി ചുഴലിയെത്തുടര്‍ന്ന് കേരളത്തിന്റെ തീരക്കടലില്‍ ഏറ്റവും പ്രൊഫഷണലായ രീതിയിലാണ് തെരച്ചില്‍ നടത്തിയതെന്ന് നാവിക സേന. കേരള തീരത്തുനിന്ന് 100 മൈല്‍ അകലെ വരെ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ സുദീപ് മാലിഹ് വ്യക്തമാക്കി. ലക്ഷദ്വീപിന് അപ്പുറത്തേക്കും തെരച്ചില്‍ നീണ്ടു. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്ന വിവരം കണക്കിലെടുക്കുന്നുണ്ട്.
ബോട്ട് ഉപേക്ഷിച്ച് തിരിച്ചുവരാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ധനവും വെളളവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ടെന്നും നാവികസേനയുടെയും വ്യോമസേനയുടെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്‌ട്രയിലെ ദേവ്ഗഡില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്ന കേരളീയരെ വിമാനത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണ്. പോയ ബോട്ടില്‍തന്നെ തിരിച്ചുവരണമെന്നാണ് പലരും പറയുന്നത്. അങ്ങനെയാണെങ്കില്‍ അവരുടെ ബോട്ടുകള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് അകമ്പടി നല്‍കുമെന്ന് കമാണ്ടര്‍ എന്‍. തിവാരി അറിയിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ 8 കപ്പലുകള്‍, ഒരു ഹെലികോപ്റ്റര്‍, നാവികസേനയുടെ 7 കപ്പലുകള്‍, 2 വിമാനങ്ങള്‍, 4 ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ ഒരു വിമാനം, 2 ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചിലിന് ഉപയോഗിച്ചു. എല്ലാ സൈനിക വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സര്‍ക്കാരും ഏകോപിച്ച് പ്രവര്‍ത്തിച്ചു.
















