വിഴിഞ്ഞം: വിശപ്പകറ്റാനായി കടലമ്മയുടെ കനിവുതേടി പോയവരെ ഓര്‍ത്ത് തീരം വിതുമ്പുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയ ഒരോ ബോട്ടുകളും കരയിലേക്ക് അടുക്കുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയോടെ ഓടിയെത്തും തങ്ങള്‍ കാത്തിരുന്നവരുടെ മുഖത്തിനായി. ഇല്ല എന്ന് തിരിച്ചറിയുമ്പോള്‍ പിന്നെ ഉയരുന്നത് കൂട്ടനിലവിളി. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രദേശവാസികള്‍. ഏതാനും ദിവസങ്ങളായി തീരദേശത്തിന്റെ ഏകദേശചിത്രം ഇതാണ്.
സര്‍ക്കാര്‍ തലത്തിലെ ദൗത്യങ്ങള്‍ പരാജയപ്പെട്ടു എന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീരദേശത്തിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍ എല്ലാപേരും പരസ്പരം ഏതെങ്കിലും തരത്തില്‍ ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ ഓരോ വീട്ടിലേയും ദുഃഖം ഒരു പ്രദേശത്തിന്റെതാണ്. ഇനിയും എത്രപേര്‍ കടലില്‍ കുടുങ്ങി കിടപ്പുണ്ടെന്നോ തിരിച്ചെത്തിയവരുടെ കണക്കോ ഇതുവരെ കൃത്യമായി ലഭ്യമല്ലെന്നതാണ് യഥാര്‍ഥ്യം. ഇതിനിടയില്‍ ചേതനയറ്റ് വിറങ്ങലിച്ച് തിരിച്ചറിയാനാകാതെ എത്തുന്ന ഓരോ മൃതശരീരവും തങ്ങളുടെ ബന്ധുക്കളുടേതാകരുതേ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. തങ്ങളുടെ ഉറ്റവര്‍ ഇപ്പോഴും എവിടെയോ ജീവനോടെ ഉണ്ട് എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഒരോരുത്തരും. കടലില്‍ കാണാതായ ഉറ്റവരെയും ഉടയവരെയും തേടി തീരത്തുതന്നെ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍. എന്നാല്‍ കരുത്ത് പകരേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും അശ്രദ്ധ തുടരുന്നു
















