മട്ടന്നൂര്‍: പഴശ്ശി ഡാം ഉദ്യാനം നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥകാരണം അനാഥമായിക്കിടക്കുന്നത്. ഒന്നരക്കോടിയിലേറെ രൂപ ചെലവിടുന്ന പദ്ധതിയുടെ നവീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ഓണത്തിനു മുമ്പ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയിട്ടില്ല.
2015 മെയിലാണ് അന്നത്തെ ടൂറിസം മന്ത്രി അനില്‍കുമാര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഓണസമ്മാനമായി അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം പാഴ് വാക്കാകുകയായിരുന്നു. 2012 ആഗസ്തിലുണ്ടായ കനത്ത മഴയില്‍ ഡാം കരകവിഞ്ഞൊഴുകിയതോടെയാണ് ഉദ്യാനം പൂര്‍ണ്ണമായും തകര്‍ന്നത്. ഡാമിന്റെ ഇരുവശങ്ങളിലുമുള്ള കുട്ടികളുടെ പാര്‍ക്കും മറ്റും പൂര്‍ണ്ണമായി കുത്തിയൊഴുകിപ്പോകുകയായിരുന്നു.
തകര്‍ന്ന പാര്‍ക്കുകള്‍ നവീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചതിനാല്‍ രണ്ടു വര്‍ഷം മുമ്പ് ഒന്നര ക്കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 79 ലക്ഷം രൂപ നല്‍കി നിര്‍മ്മാണം കിറ്റ്‌കോയെ ഏല്‍പ്പിക്കുകയായിരുന്നു. പ്രവൃത്തി നടത്തുന്നതിന് കിറ്റ്‌കോ സബ്ബ് കരാര്‍ നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞാണ് പ്രവൃത്തി ആരംഭിച്ചത്.
പഴശ്ശി ഡാം സൈറ്റില്‍ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴേക്കറോളം സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മാണം. കുട്ടികളുടെ പാര്‍ക്ക്, കളിയുപകരണങ്ങള്‍, ശില്പങ്ങള്‍, വിദൂരക്കാഴ്ച കാണാനുള്ള പ്രത്യേക പോയിന്റുകള്‍, നടപ്പാത, വിശ്രമമുറികള്‍ എന്നിങ്ങനെ ജില്ലയിലെ മികച്ച പാര്‍ക്കാക്കി മാറ്റാനുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരുന്നത്. ഒരു വര്‍ഷം മുമ്പേ കുട്ടികളുടെ പാര്‍ക്ക്, കളിയു പകരണങ്ങള്‍, വിദൂരക്കാഴ്ച കാണാനുള്ള പ്രത്യേക പോയിന്റുകള്‍, നടപ്പാത, വിശ്രമമുറികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ടിക്കറ്റ് കൗണ്ടറുകള്‍, വൈദ്യുതി, കെട്ടിടത്തിനുള്ള നമ്പര്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്. 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെങ്കിലും പത്ത് ശതമാനം തീര്‍ക്കാനാണ് ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നത്. ഉടന്‍ പണി പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ കാടുകയറി നശിക്കാനുള്ള സാഹചര്യമാണുള്ളത്. നിത്യേന നൂറുകണക്കിനു സഞ്ചാരികള്‍ എത്തിച്ചേരുന്ന പഴശ്ശി ഡാം സൈറ്റില്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കാത്തതിനാല്‍ ഡിടിപിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
















