നടന് ജയന്റെ അപകട മരണത്തിനുശേഷം മലയാളികളെ കരയിപ്പിച്ചതാണ് നടി മോനിഷ ഉണ്ണിയുടെ ദുരന്തം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കാണികള്‍ വിതുമ്പും. 25 വര്‍ഷം മുന്‍പ് ഡിസംബര്‍ 5ന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് കാറപകടത്തിലായിരുന്നു യൗവനകാന്തിയില്‍ തന്നെ ദക്ഷിണേന്ത്യന്‍ നായികയായിത്തീര്‍ന്ന മോനിഷ എന്ന 20കാരി മലയാള സിനിമയെ വിട്ടകന്നത്.
കാണികള്‍ക്ക് മനസില്‍ താലോലിക്കാവുന്ന നിഷ്ക്കളങ്ക മുഖസൗന്ദര്യമായിരുന്നു മോനിഷയ്ക്ക്. ഒരുപക്ഷേ ആദ്യമായിട്ടാകും സിനിമയില്‍ മകളും കൊച്ചനുജത്തിയായുമൊക്കെ പ്രേക്ഷകന് ഒരു താരത്തെ കൊഞ്ചലോടെ കാണുന്നത്. അതുകൊണ്ടുതന്നെ ആ നഷ്ടത്തിന് പകരമില്ല. കലാകാരിയും ക്ളാസിക്കല്‍ നര്‍ത്തകിയുമായ അമ്മ ശ്രീദേവി ഉണ്ണിയുടെ പരിചരണത്തില്‍ ഭരതനാട്യം നര്‍ത്തകിയായി വളര്‍ന്ന മോനിഷ എം.ടി വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും ചെയ്ത നഖക്ഷതങ്ങളിലൂടെയാണ് 1986ല്‍ മലയാള സിനിമയിലേക്കു വന്നത്.
നര്‍ത്തകിയും പ്രണയ ലോലുപയുമായ ഒരു സാധാരണക്കാരിയുടെ വേഷമായിരുന്നു മോനിഷയ്ക്ക്. ഹരിഹരന് സംവിധാനം ചെയ്ത മൂന്നു കൗമാരക്കാരുടെ തൃകോണ പ്രേമത്തിന്റെ കഥപറയുന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. ഈ ആദ്യ ചിത്രത്തിലൂടെതന്നെ മോനിഷ മികച്ച ഇന്ത്യന്‍ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിനീതായിരുന്ന നാകന്. നഖക്ഷതങ്ങളിലെ പാട്ടുകള്‍ ഇന്നും ഇമ്പമാണ്. കാല്‍പ്പനികതയുടെ വര്‍ണ്ണാഭയില്‍ തീര്‍ത്ത ചിത്രം നിളയുടെ സൗന്ദര്യം കടഞ്ഞെടുത്ത് കാണികളില്‍ ഇന്നും നീന്തിവരുന്നുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 25 ചിത്രങ്ങള്‍ മോനിഷ ചെയ്തു. എല്ലാം ഓര്‍ക്കാനും ഓമനിക്കാനും പറ്റിയ ചിത്രങ്ങള്‍. ഋതുഭേദം, സായംസന്ധ്യ, ആര്യന്, കനകാംബരങ്ങള്‍, ദ്രാവിഡന്, പെരുന്തച്ചന്, കടവ് തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു. എങ്കിലും ഇന്നും നഖക്ഷങ്ങളിലെ ഗൗരിയാണ് കാണികളില്‍ ആദ്യമെത്തുന്നത്. ഓര്‍മകളില്‍ വേദനയുടെ നഖക്ഷതങ്ങള്‍ തീര്‍ക്കുന്ന ആ മരണം വിശ്വസിക്കാനാവാതെ ഇന്നും നമ്മെ പിന്തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: