സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസില്‍ 2018 വര്‍ഷം നടത്തുന്ന പഞ്ചവത്സര ഇന്റിഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ആര്‍ട്സ് (എംഎ) കോഴ്സില്‍ ഉപരിപഠനത്തിന് മികച്ച അവസരം. ഏപ്രില്‍ 15 ന് ദേശീയതലത്തില്‍ നടത്തുന്ന ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ (HSEE-2018) റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്. മള്‍ട്ടിഡിസിപ്ലിനറി വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ലഭിക്കുമെന്നതാണ് ഈ ഗവേഷണാധിഷ്ഠിത കോഴ്സിന്റെ പ്രത്യേകത.
ഇന്റിഗ്രേറ്റഡ് എംഎ: ഈ അഞ്ചുവര്‍ഷത്തെ സംയോജിത റഗുലര്‍ കോഴ്സില്‍ ഡവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിങ്ങനെ രണ്ട് സ്ട്രീമുകളിലാണ് പഠനാവസരം. ഓരോ സ്ട്രീമിലും 23 പേര്‍ക്ക് വീതം പ്രവേശനം ലഭിക്കും. ആകെ 46 സീറ്റുകള്‍. ആദ്യത്തെ രണ്ടുവര്‍ഷം പൊതുവായ വിഷയങ്ങളാണ് പഠിപ്പിക്കുക. തുടര്‍ന്ന് പഠിതാക്കളുടെ അഭിരുചിയും മികവും പരിഗണിച്ച് സ്ട്രീമുകള്‍ അനുവദിക്കും.
ഡവലപ്മെന്റ് സ്റ്റഡീസില്‍ ക്രിയേറ്റിവിറ്റിക്കും സുസ്ഥിര വികസനത്തിലും ഊന്നല്‍ നല്‍കുന്നതോടൊപ്പം സാമ്പത്തിക വികസനം, ആഗോളീകരണം, നഗരവല്‍ക്കരണം, പരിസ്ഥിതി, രാഷ്ട്രീയം, അന്തര്‍ദേശീയ ബന്ധങ്ങള്‍, ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി വിഷയങ്ങളും പഠിപ്പിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് ഗവേഷണ പഠനത്തിലൂടെ പിഎച്ച്ഡി കരസ്ഥമാക്കി അക്കാദമിക് മേഖലയില്‍ അധ്യാപകരാകാം. വ്യവസായ-വാണിജ്യ മേഖലയിലും പൊതുേമഖലാ സ്ഥാപനങ്ങളിലും തൊഴില്‍സാധ്യതയുണ്ട്.
ഇംഗ്ലീഷ് സ്റ്റഡീസ് സ്ട്രീമില്‍ ദേശീയ-അന്തര്‍ദേശീയ ഭാഷകളിലും സാഹിത്യത്തിലും സാംസ്കാരിക വിഷയങ്ങളിലുമൊക്കെയാണ് പ്രാമുഖ്യം നല്കി പഠിപ്പിക്കുക. അതോടൊപ്പം വായനാശീലവും ആശയവിനിമയ ശേഷിയും വളര്‍ത്തുന്നു. സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം മുതലായ മറ്റ് വിഷയങ്ങളും ജര്‍മ്മന്‍, ഫ്രഞ്ച്, ചൈനീസ് മുതലായ വിദേശഭാഷകളും പാഠ്യപദ്ധതിയിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, ഭാഷാധ്യാപകര്‍ തുടങ്ങിയ ജോലികളിലേക്ക് ഏറെ അനുയോജ്യമാണ് ഈ പഠനം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ ഫീസായി 12147 രൂപയും വണ്‍ടൈം പേയ്മെന്റായി 2550 രൂപയും കോഷന്ഡിപ്പോസിറ്റായി 2000 രൂപയും ഹോസ്റ്റല്‍ ഡിപ്പോസിറ്റായി 3000 രൂപയും മെസ് ചാര്‍ജ് ഉള്‍പ്പെടെ മറ്റിനങ്ങളിലായി 22650 രൂപയും അഡ്മിഷന് സമയത്ത് അടയ്ക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാരെയും ഭിന്നശേഷിക്കാരെയും ട്യൂഷന്ഫീസില്നിന്നും ഒഴിവാക്കിയിട്ടുണ്ട്.
HSEE2018: ദേശീയതലത്തില്‍ ഏപ്രില്‍ 15 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തുന്ന ഇൗ പരീക്ഷയില്‍ രണ്ട് ഭാഗങ്ങളുണ്ട്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഭാഗത്തില്‍ ഇംഗ്ലീഷ് ആന്റ് കോംപ്രിഹെന്ഷന് സ്കില്‍, അനലറ്റിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ജനറല്‍ സ്റ്റഡീസ് (ഇന്ത്യന്‍ ഇക്കോണമി, ഇന്ത്യന്‍ സൊസൈറ്റി ആന്റ് കള്‍ച്ചര്‍, വേള്‍ഡ് അഫയേഴ്സ്, എന്‍വയോണ്‍മെന്റ് ആന്റ് ഇക്കോളജി) വിഷയങ്ങളില്‍ അറിവ് പരിശോധിക്കുന്ന ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുണ്ടാവുക. രണ്ടാംഭാഗത്തില്‍ പൊതുവിഷയത്തില്‍ ഉപന്യാസമെഴുത്താണ്. ഇതിന് 30 മിനിറ്റ് സമയം ലഭിക്കും. കോമണ്‍ റാങ്ക്ലിസ്റ്റില്പ്പെടുന്നതിന് ടെസ്റ്റില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടണം.
തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഗുവഹാട്ടി, അഹമ്മദാബാദ്, ഭോപ്പാല്‍, ഭുവനേശ്വര്‍, ന്യൂദല്‍ഹി, വാരണാസി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഇവയില്‍ രണ്ടെണ്ണം മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാം. ടെസ്റ്റ് സെന്ററില്‍ പിന്നെ മാറ്റം അനുവദിക്കില്ല.
യോഗ്യത: അപേക്ഷകര്‍ 1993 ഒക്ടോബര്‍ ഒന്നിനോ, അതിനു ശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ 1988 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവരായാലും അപേക്ഷിക്കാം. ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം.
പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ മൊത്തം 60 % മാര്‍ക്കില്‍ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 55 % മതി) കുറയാതെ നേടി വിജയിച്ചിരിക്കണം. 2018 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പരീക്ഷാഫീസ് വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 1200 രൂപ. മറ്റെല്ലാവര്‍ക്കും 2400 രൂപയാണ്. 40 രൂപ ബാങ്ക് സര്‍വ്വീസ് ചാര്‍ജായി അധികം നല്‍കണം. നെറ്റ്ബാങ്കിംഗിലൂടെയോ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരമോ ഇ-ചെലാന്‍ വഴി ഇന്ത്യന്‍ ബാങ്കിംഗിലൂടെയോ ഫീസ് അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി http://hsee.iitm.ac.in- എന്ന വെബ്സൈറ്റില്‍ ‘Apply online’- എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 14 മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ജനുവരി 24 വരെ സമയമുണ്ട്. എങ്കിലും കാലേക്കൂട്ടി അപേക്ഷിക്കുന്നത് ഇഷ്ടമുള്ള ടെസ്റ്റ് സെന്റര്‍ ലഭിക്കുന്നതിന് സഹായകമാകും. അപേക്ഷയുടെ സ്റ്റേറ്റസ് ഫെബ്രുവരി 16 മുതല്‍ പരിശോധിക്കാം.
അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 14 നും ഏപ്രില്‍ 14 നും മധ്യേ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം മേയ് 15 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന് ഓഫര്‍ ലെറ്ററുകള്‍ മേയ് 16 മുതല്‍ വിതരണം തുടങ്ങും.ഐഐടി മദ്രാസിന്റെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസാണ് കോഴ്സ് നടത്തുന്നത്. ഇവിടെ മികച്ച പഠനസൗകര്യങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ http://hsee.iitm.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: