തിരുവല്ല: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും. തിരുമൂലപുരം എസ്എന്‍വി ഹൈസ്കൂളിലാണ് മുഖ്യവേദി. കലോത്സവം, സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ ഇനങ്ങളിലായാണ് മത്സരം.
289 ഇനങ്ങളിലായി 3,000 കുട്ടികളാണ് പങ്കെടുക്കുന്നത്. സര്‍ക്കാരില്‍നിന്നും 20 ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ വിദ്യാര്‍ഥികളില്‍ നിന്നും 50 രൂപ ക്രമത്തില്‍ പണം ശേഖരിക്കുന്നുമുണ്ട്. പരിഷ്കരിച്ച മാന്വല്‍ പ്രകാരം കലോത്സവത്തിന് മുമ്പായി നടത്താറുള്ള ഘോഷയാത്രയ്ക്കു പകരം ഇത്തവണ സാംസ്കാരിക സംഗമമാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച പാനലിലെ വിധികര്‍ത്താക്കളാണ് ഇവിടെയെത്തുക.
എസ്എന്‍വിഎസ് ഹൈസ്കൂള്‍, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുമൂലവിലാസം യുപിസ്കൂള്‍, എംഡിഎം എല്‍പിഎസ് തിരുമൂലപുരം എന്നീ അഞ്ചു സ്കൂളുകളിലെ ഒമ്പത് വേദികളിലായാണ് വ്യത്യസ്ത കലാമത്സരങ്ങള്‍ നടത്തുന്നത്.
ഇന്ന് രാവിലെ എട്ടിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം .കെ.ഗോപി പതാകഉയര്‍ത്തും. 10ന് മന്ത്രി മാത്യു ടി.തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അദ്ധ്യക്ഷത വഹിക്കും. ദേശീയ കായികമേളയിലെ ജേതാക്കളെ അടൂര്‍പ്രകാശ് എംഎല്‍എ ആദരിക്കും. ലോഗോ രൂപകല്പന ചെയ്ത പത്തനംതിട്ട സെന്റ്മേരീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി അമീറിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിക്കും.
സിനിമാ സംവിധായകന് ബാബു തിരുവല്ല കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടാംതീയതി നാലിന് കലോത്സവം സമാപിക്കും. സമാപനസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കലാപ്രതിഭകള്‍ക്ക് ജില്ലാ കളക്ടര്‍ ആര്.ഗിരിജ സമ്മാനദാനം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്മാന് കെ.വി.വര്‍ഗീസ്, എഇഒ പി.ആര്. പ്രസീന, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വില്‍സണ്‍ തുണ്ടിയത്ത്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ.എം.എം.സലീം, എസ്.കലേഷ് എന്നിവര്‍ പങ്കെടുത്തു.പരിപാടിക്ക് വിവിധ ഇടങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: