ഓഹി ചുഴലിക്കൊടുങ്കാറ്റിന്റെ കേട്ടും കണ്ടറിഞ്ഞതുമായ ദുരന്തങ്ങളെക്കാള്‍ വലുതാണ് ഇനിയും അറിയാനിരിക്കുന്നതെന്നാണ് ആശങ്ക. നാശനഷ്ടങ്ങളുടെ വേദനയിലും ഉറ്റവര്‍ ഇനിയും വരാത്തതിന്റെ ആധിയിലും നിലയില്ലാവിലാപ്പുറങ്ങളായി കടലോരം മാറുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് അറച്ചു നില്ക്കുന്ന സര്‍ക്കാരിനെതിരെ രോഷത്തീ ആളുകയാണ്. സംസ്ഥാനത്ത് ദുരന്തത്തില്‍ 14പേര് മരിച്ചു.ഇനിയും നൂറ്റിഇരുപത്താറുപേരെ കണ്ടെത്തിയിട്ടില്ല.
കൂടുതലാളുകളും തിരുവനന്തപുരത്തു നിന്നുള്ളവരാണ്. സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനത്തിനു കാത്തുനില്‍ക്കാതെ വാപിളര്‍ത്തിവരുന്ന തിരമാലകള്‍ വകവയ്ക്കാതെ കടലിലേയ്ക്ക് ഉറ്റവരെ തെരഞ്ഞുപോകുകയാണ് മത്സ്യത്തൊഴിലാളികള്‍.
സ്വതവേ പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ഇത്രവലിയ ദുരന്തമുണ്ടായിട്ടും അങ്ങാപ്പാറനയം തുടരുന്നത് ആരോടു പക തീര്‍ക്കാനാണ്. ജനരോഷം ഭയന്നു ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് മന്ത്രിമാര്‍ അവരവരുടെ ഓഫീസുകളില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും മാത്രമേ കടലോരം സന്ദര്‍ശിച്ചുള്ളൂ. കടകംപള്ളിയാകട്ടെ ഹെലികോപ്റ്ററില്‍ ചുറ്റിയായിരുന്നു സന്ദര്‍ശനം.ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്‍ തീരത്തു സജീവമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എത്തിനോക്കിയിട്ടില്ല.ഇതിനെതിരെ കടുത്ത രോഷമാണ് നിലനില്‍ക്കുന്നത്. സ്വന്തം നിയോജക മണ്ഡലത്തില്‍ സാധാരണ എത്തിനോക്കാത്ത എംഎല്‍എ മുകേഷ് ബഡായി ബംഗ്ളാവിന്റെ ഷൂട്ടിങ്ങിനിടയില്‍ മനസില്ലാമനസോടെ എത്തിനോക്കിയതാകട്ടെ ഒരു ദിവസം കഴിഞ്ഞും. നെഞ്ചത്തടിച്ചു കരഞ്ഞവരോട് കോമഡി പറഞ്ഞ എംഎല്‍എയെ മത്സ്യത്തൊഴിലാളികള്‍ നല്ല പുളിച്ചതു പറഞ്ഞ് ഓടിക്കുകയായിരുന്നുവെന്നാണ് കേള്‍വി. ജനത്തിനും സിപിഎമ്മിനും ബാധ്യതയായ ഇദ്ദേഹംവലിയ ദേശീയ ദുരന്തമായിമാറിയിരിക്കുകയാണ്!
കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അതിനുപകരം ചുഴലികൊടുങ്കാറ്റിനെക്കുറിച്ചു മുന്‍കൂട്ടി വിവരം തന്നില്ലെന്നു പറഞ്ഞ് ദുരന്തത്തെ ലഘൂകരിക്കാനാണ് ശ്രമമെന്നു തോന്നുന്നു. ഇനി ചുഴലികൊടുങ്കാറ്റിനെ പറഞ്ഞുവിട്ടത് കേന്ദ്രമാണെന്നു പോലും പറയാന്‍ ഈ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍ കേരളാതീരത്ത് ചുഴലികൊടുങ്കാറ്റ് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഹൈദരാബാദിലെ ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രം അറിയിച്ചു. നവംബര്‍ 27മുതല്‍ തുടര്‍ച്ചയായി ന്യൂന മര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
രേഖാമൂലമുള്ള അറിയിപ്പിനേയും എങ്ങനെ മറികടക്കാം എന്നുള്ളതാകും സര്‍ക്കാരിന്റെ ചിന്ത. കടലോരവാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്കല്ല എന്നാണോ സര്‍ക്കാരിന്റെ മനോഭാവം. ദുരന്തത്തിനും ഇവര്‍ വിലപറയുകയാണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: