പൂര്‍ണ്ണതകള്‍ പൂത്തുലയുന്ന പഞ്ചാരിമേളം മുഴങ്ങാത്ത നടപ്പുരകള്‍ നമ്മുടെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കകത്ത് കാണില്ല. കാരണം ശീവേലികളുടെ മിഴിവുയരുന്നത് പഞ്ചാരിയുടെ കൈയും കോലും മാത്രകള്‍ പിടിച്ച് കൊട്ടിത്തുടങ്ങുമ്പോഴാണ്. ചെണ്ടയുടെ ഇടംതലകളില് വിളംമ്പകാലത്തില് തുടങ്ങി വിസ്തരിച്ച് അഞ്ചുകാലവും കൊട്ടി കലാശിക്കുവാന്‍ പത്തുനാഴികവേണം എന്നാണ് പറയുക. നാലുമണിക്കൂര്‍. കേരളത്തിലെ എണ്ണം പറഞ്ഞ പഞ്ചാരിയുടെ പൂമഴ പെയ്യുന്ന മതില്‍ക്കകങ്ങള്‍ ഒട്ടേറെയുണ്ട്. അവിടെയെല്ലാം നായകന് അല്ലെങ്കില്‍ രണ്ടാമനായി പെരുവനപുത്രന് പെരുവനം സതീശനുണ്ട്. കേരള സര്‍ക്കാര്‍ വാദ്യകലാകാരന്മാര്‍ക്കു നല്കുന്ന പല്ലാവൂര്‍ പുരസ്ക്കാരം ആദ്യം സമ്മാനിച്ചത് ചക്കംകുളം അപ്പുമാരാര്‍ക്കാണ്. ആ മേള ചക്രവര്‍ത്തിയുടെ പ്രിയപുത്രന് സതീശന് ഒരു തികഞ്ഞ പ്രമാണിയാവാതിരിക്കില്ല. കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും വളര്‍ന്നത് മേളത്തിന്റെ വിശാലമായ സാമ്രാജ്യത്തിനുള്ളിലാണ്.
തൃശ്ശൂര്‍ ജില്ലയുടെ പ്രശസ്തിയും പെരുമയും വളര്‍ത്തുന്നതില്‍ പെരുവനം ഗ്രാമത്തിന്റെ പങ്ക് ചെറുതല്ല. ക്ഷേത്രനഗരിയുടെ ചുറ്റുപാടും മേളക്കാരാല് നിറഞ്ഞുനില്ക്കുന്നു. അഞ്ചുനൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊട്ടി ആരംഭിച്ച പഞ്ചാരിമേളത്തിന് അതിന്റേതായ ഭംഗിയുണ്ട്. കാവ്യാത്മകമായ സംഗീതം നിറഞ്ഞുനില്ക്കുന്ന മേളം എന്നു വിശേഷിപ്പിക്കാവുന്നത് പഞ്ചാരിയേയാണ്. മഴമംഗലം നമ്പൂതിരിയും പണ്ടാരത്തില്‍ രാമമാരാരും ചിട്ടപ്പെടുത്തിയ ഈ മേളം പെരുവനം പൂരത്തിന് ഊരകത്തമ തിരുവടിയുടെ മുന്നിലാണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഏതുയാമത്തിലും കൊട്ടാവുന്ന പഞ്ചാരിയുടെ ഭാവ പക്വതയുമായി പെരുവനം സതീശന് മുന്നില്‍ത്തന്നെയുണ്ട്.
സ്കൂള്‍ പഠനകാലത്ത് യുവജനോത്സവത്തിന് മത്സരിച്ചു. ചെണ്ടയും തിമിലയും പ്രയോഗിച്ച് ഒന്നാമനായി. 1980 മുതല്‍ പ്രധാന പൂരങ്ങള്‍ക്ക് പങ്കെടുക്കാന്‍ തുടങ്ങി. അച്ഛന്, അമ്മാമന് തുടങ്ങിയവരെല്ലാം മേളത്തിന്റെ കാതലറിഞ്ഞവരാണ്. ഒന്നിച്ചും മുഖാമുഖം നിന്നും ഇവര്കൊട്ടുന്നത് കണ്ടു വളര്‍ന്ന സതീശന് ഇങ്ങനെയല്ലാതിരിക്കില്ല. ക്ഷേത്രസോപാനത്തുനിന്നും കൊട്ടിവളര്ന്ന ബാല്യത്തിന് ശേഷം തുകല്‍ വാദ്യത്തിന്റെ വശങ്ങള് ഹൃദിസ്ഥമാക്കുകയായിരുന്നു.
വരും കാലത്തിന്റെ തികഞ്ഞ പ്രമാണ പദത്തിലേക്ക് പെരുവനത്തിന്റെ മണ്ണില്‍ വളര്‍ന്ന സതീശനും കയറിക്കഴിഞ്ഞു. വശങ്ങളില് നില്ക്കുന്ന ഒപ്പക്കാരെയും ഒന്നിപ്പിച്ചുകൊണ്ടു പോവാനുള്ള വശ്യതയാണ് പ്രമാണിക്ക് വേണ്ടത്. അത് നേടിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തന്നെ നോക്കാനില്ല. കീര്‍ത്തി തനിയെ വന്നുകൊള്ളും.
പെരുവനം സതീശന്, പഞ്ചാരി പ്രസിദ്ധമായിടത്തെല്ലാം സിദ്ധിനേടിയ പ്രമാണിയായിക്കഴിഞ്ഞു. ഗുരുക്കന്മാരുടെ സാമീപ്യമായിരുന്നു അതിന് തുണയായത്. അവരെല്ലാം ഒര്‍മ്മയുടെ ചില്ലുകൂടിനകത്തായി. നായകനാവാന്‍ മനസ്സും കാലവും മാത്രം പോരാ, പരിചയവും ഈശ്വരാര്‍പ്പണവും ഒന്നിക്കണം. ഇതെല്ലാം സതീശന് എന്ന അമ്പത്തഞ്ചുകാരനുണ്ട്. ആത്മബലത്തോടെ പഞ്ചാരിയും പാണ്ടിയും പ്രയോഗിക്കാന്‍ കഴിവുള്ള സതീശനൊപ്പം നല്ല പിന്തുണക്കാരും ഒപ്പമുണ്ട്. അവര്‍ സതീശന്റെ വീറും വാശിക്കും ഒപ്പം നില്ക്കും. അവര്‍ക്കും അതറിയാം. ആര്‍ക്കും അപ്രിയം തോന്നാതെ രസം ചോരാതെ പഞ്ചവാദ്യവും തികഞ്ഞ ഗൗരവത്തോടെ തായമ്പകയും സതീശനു വഴങ്ങും. മേളക്കാരനായി നില്ക്കാന് തന്നെയാണ് ഈ വരും കാലപ്രമാണിക്ക് താല്‍പ്പര്യം. കാരണം പാരമ്പര്യം ചേര്‍ന്നതും, അലയൊരുക്കിയതും വേറെ ഒന്നുമല്ല. വൃശ്ചികോത്സവത്തിന്റെ പിറവിയായ തൃപ്പൂണിത്തുറ മുതല്‍ മഹോത്സവങ്ങള്‍ ആറാടുന്ന ഇരിങ്ങാലക്കുട’കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിലും പെരുവനം ആറാട്ടുപുഴ, തൃശ്ശൂര്‍ പൂരം, തൃപ്രയാര്‍ ക്ഷേത്രം, ഗുരുവായൂര്‍ തുടങ്ങി എണ്ണമറ്റ ക്ഷേത്രങ്ങളില്‍ സതീശന്റെ കല അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
കുമരപുരം അപ്പു ആശാന്റെ അനുഗ്രഹം സതീശന് വേണ്ടുവോളമുണ്ട്. അച്ഛന് ചക്കംകുളം അപ്പുമാരാര്‍, അമ്മാവന് പെരുവനം അപ്പുമാരാര്‍, തൃപ്പേക്കുളം അച്യുത മാരാര്‍, മുത്തമ്മാന് പഞ്ചാരിയുടെ ചക്രവര്‍ത്തി പെരുവനം നാരായണ മാരാര്‍, നടപ്പുകാലത്തെ മേളവിദഗ്ധന്‍ പെരുവനം കുട്ടന്മാരാര് ഇവരെല്ലാം മേളത്തിന്റെ പൂര്‍ണ്ണാവതാരങ്ങളാണ്. ആ വഴിയില്‍ സതീശനും കയറിക്കഴിഞ്ഞു. അമ്മ പെരുവനം മാരാത്തെ വിശാലാക്ഷി. സഹോദരന്മാരും സതീശന്റെ മക്കളും മേളത്തിന്റെ സിദ്ധിയെ വരിച്ചുകഴിഞ്ഞു. മുപ്പത്തിയഞ്ചുവര്‍ഷമായി ഇദ്ദേഹം മേളത്തിന്റെ താളവട്ടങ്ങളും കലാശങ്ങളും പ്രയോഗിക്കാന്‍ തുടങ്ങിയിട്ട്.
1964 ല്‍ ജനിച്ച സതീശന് 15-ാം വയസ്സില്‍ തിരുവുള്ളക്കാവില്‍ തായമ്പകകൊട്ടി അരങ്ങേറി. കുമരംചിറ ഭരണിക്ക് അമ്മാവന് പെരുവനം അപ്പുമാരാര്‍ നിര്‍ദ്ദേശിച്ചതിനനുസരിച്ച് പ്രമാണപദം ഏറ്റെടുക്കുകയായിരുന്നു. മരുമകന്റെ പ്രയോഗമികവറിഞ്ഞ അദ്ദേഹത്തിന്റെ തീരുമാനം തെറ്റായില്ലെന്ന് കാലം തെളിയിച്ചു. 2014ല്‍ കലാകേരളത്തിന്റെ വീരശൃംഖല പെരുവനം സതീശന് ലഭിച്ചു. ചെണ്ടയെ ഉപാസിച്ചതിന്റെ സിദ്ധിയാല്‍ വിദേശങ്ങളിലടക്കം ഇദ്ദേഹത്തിന്റെ മൂപ്പുനിറഞ്ഞ ചെണ്ട മുഴങ്ങിയിട്ടുണ്ട്. ഭാര്യ ഇന്ദിര. യദു, മോഹന്‍ എന്നിവര്‍ മക്കളാണ്.
പെരുവനത്തിന്റെ പൈതൃകത്തെ പ്രശസ്തിലെത്തിക്കുവാന് യത്നിച്ച ഒരുടീം ഏതുകാലത്തും ആ പ്രദേശത്തുണ്ട്. അതുതന്നെയാണ് സതീശന് എന്ന മേളക്കാരന് പ്രമാണ പദത്തിന്റെ രാജകലയില് എത്തിച്ചേര്‍ന്നതും. വരുംകാല മേളകല സതീശന്റേതുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: