ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിനുവേണ്ടിയുള്ളതായിരിക്കുമെന്ന് വിവേകമതികളുടെ വെളിപാട്. ഒരുപക്ഷേ ആ യുദ്ധത്തിന്റെ തുടക്കം ആഫ്രിക്കന്‍ വന്‍കരയിലെ തുര്‍ക്കാന തടാക തീരത്തുനിന്നായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഒരു തടാകമായ തുര്‍ക്കാനയുടെ തീരത്തുനിന്ന്.
വികസനവാദികള്‍ നദിയുടെ ഒഴുക്കിനെ ചങ്ങലക്കിട്ട് നിര്‍ത്തിയതു മുതല്‍ തുടങ്ങുന്നു തുര്‍ക്കാനയുടെ ദുര്‍ദ്ദശ. തടാകം വറ്റി വരണ്ടതോടെ മീന്‍പിടുത്തം മുടങ്ങി. തടാകം കിലോമീറ്ററുകള്‍ അകലേക്ക് ഇറങ്ങിയായതോടെ തീരവാസികളുടെ പശുക്കള്‍ പട്ടിണിയായി. തീരത്തെ തീറ്റപ്പുല്ലുകളാകെ ഉണങ്ങിക്കരിഞ്ഞു. ജീവിക്കാന്‍വേണ്ടി എന്തും നേരിടാന്‍ തയ്യാറെടുത്താണ് തുര്‍ക്കാനയിലെ പാവം പശുപാലകര്‍ കഴിഞ്ഞുകൂടുന്നത്. യന്ത്രത്തോക്കായ എ. കെ. 47 കയ്യിലേന്തിയാണ് പശുവിനെ തീറ്റാന്‍ ആ പാവങ്ങള്‍ പുറപ്പെടുക.
കാലാവസ്ഥാ മാറ്റവും ജലദൗര്‍ലഭ്യവും അഭയാര്‍ത്ഥി പ്രവാഹവുമെല്ലാം ഒന്നിനൊന്ന് കെട്ടുപിണഞ്ഞുകിടക്കുന്നതിന്റെ നേര്‍ചിത്രമാണ് തുര്‍ക്കാനയില്‍ കാണാനാവുക. കെനിയ, എത്യോപ്യ എന്നീ രാജ്യങ്ങളിലായി പരന്നുകിടന്ന മഹാജലധിയായിരുന്നു ഒരിക്കല്‍ തുര്‍ക്കാന. ഐശ്വര്യസമ്പദ്സമൃദ്ധമായിരുന്നു അതിന്റെ തീരപ്രദേശങ്ങള്‍. മനുഷ്യരും മൃഗങ്ങളും മാത്രമല്ല, അപൂര്‍വ ജീവികളായ നൈല്‍ മുതല, ഹിപ്പോപ്പൊട്ടാമസ്, പ്രത്യേകയിനം മത്സ്യങ്ങള്‍ തുടങ്ങിയവയും തുര്‍ക്കാനയുടെ കാരുണ്യത്തില്‍ ജനിച്ച് ജീവിച്ച് വളര്‍ന്നു.
പക്ഷേ വെള്ളം വറ്റിയതോടെ നിലനില്‍പ്പിനായുള്ള സമരം തുര്‍ക്കാനാ തീരത്ത് ശക്തമായി ആരംഭിച്ചു. മത്സ്യത്തിനും മേച്ചില്‍പ്പുറങ്ങള്‍ക്കും വേണ്ടിയുള്ള അത്യുഗ്ര സമരം! കെനിയക്കാരായ തുര്‍ക്കാനാ ഗോത്രം ഒരു വശത്തും എത്യോപ്യക്കാരായ ദസനായ് ഗോത്രം മറുപുറത്തും അണിനിരന്നു. അവര്‍ക്കും അവര്‍ക്കൊപ്പമുള്ള ഒരു ഡസന്‍ ഗോത്രങ്ങള്‍ക്കും വേണ്ടത് പുല്ലും വെള്ളവും. പരസ്പരം കണ്ടാലുടന്‍ തോക്കെടുക്കും, ഇരുകൂട്ടരും. തക്കം കിട്ടിയാലുടന്‍ പശുക്കളെ കൂട്ടത്തോടെ തട്ടിയെടുക്കും. അതുകൊണ്ടാണ് കാലിമേച്ചിലുകാര്‍ എ. കെ. 47 തോക്കും തോളത്തേന്തി നടക്കുന്നത്.
കാലാവസ്ഥാ മാറ്റവും ആഗോളതാപനവും മാത്രമല്ല തുര്‍ക്കാന വരണ്ടുണങ്ങാന്‍ കാരണം. തടാകത്തിനാവശ്യമായ വെള്ളം അപ്പാടെ ഒഴുകിയെത്തുന്ന ഓമോ നദിയില്‍ എത്യോപ്യ നിര്‍മിക്കുന്ന പടുകൂറ്റന്‍ അണക്കെട്ടാണ് കഥയിലെ വില്ലന്‍. യാതൊരു പരിസ്ഥിതി പഠനവും നടത്താതെയാണത്രെ അണകെട്ടിത്തുടങ്ങിയത്. അണക്കെട്ടുയരുന്നതനുസരിച്ച് തടാകം ഉണങ്ങിത്തുടങ്ങി. പട്ടിണിയും പരിവട്ടവും തുടങ്ങി. അഭയാര്‍ത്ഥികളുടെ മഹാപ്രവാഹം തുടങ്ങി. അതോടെ ഗോത്രങ്ങള്‍ തമ്മിലുള്ള വൈരം മുഴുത്തു. പ്രതിവര്‍ഷം 100 പേരെങ്കിലും ഗോത്രയുദ്ധത്തില്‍ കൊല്ലപ്പെടുന്നതായാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. ഈ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധങ്ങളുടെ നിലയ്ക്കാത്ത രംഗഭൂമിയായി തുര്‍ക്കാന മാറുമെന്നാണ് അവരുടെ പ്രവചനം.
ചൈനയുടെ സഹായത്തോടെ കെട്ടി ഉയര്‍ത്തിയ അണയുടെ പേര് ‘ഗിബ്സ്.’ ഗിബ്സ് പൂര്‍ത്തിയായതോടെ തുര്‍ക്കാന ഉണങ്ങി എത്യോപ്യയില്‍ മാത്രമായി ചുരുങ്ങി. തടാകത്തില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചു. നദീതടത്തിലെ അപൂര്‍വ ജാതിയില്‍പ്പെട്ട ജീവജാലങ്ങളും സസ്യലതാദികളും അപ്രത്യക്ഷമായി. അണകെട്ടി മിച്ചംപിടിച്ച വെള്ളത്തില്‍ നിന്ന് കറന്റുണ്ടാക്കാനും കരിമ്പുകൃഷി നടത്താനുമായിരുന്നു സര്‍ക്കാരിന് താല്‍പ്പര്യം. ഗോത്രങ്ങള്‍ തമ്മില്‍ വെടി ഉതിര്‍ക്കുന്നതോ പട്ടിണി പെരുത്ത് പാവങ്ങള്‍ ദേശാന്തരഗമനം നടത്തുന്നതോ സര്‍ക്കാരുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ‘ചൈന പണം തരും. എത്യോപ്യ അണകെട്ടും. കെനിയ കറന്റ് വാങ്ങും’ ഇതാണ് അവിടത്തെ ലളിതമായ ഫോര്‍മുല.
അണക്കെട്ടിന് തുടക്കം മുതല്‍ എതിര്‍ത്ത നിരവധി പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. 2012 ല്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള ‘ഗോഡ്മാന് പുരസ്കാരം’ നേടിയ ‘ഇയാല്‍ ആഞ്ചലെ’ അവരില്‍ പ്രമുഖ. ആഞ്ചലെ നേതൃത്വം നല്കുന്ന ‘ഫ്രന്‍ഡ്സ് ഓഫ് തുര്‍ക്കാന എന്നെന്നും ഈ പദ്ധതിയെ എതിര്‍ത്തുവന്നു. മുക്കാല്‍ ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം വരുന്ന തുര്‍ക്കാന നദീതട പ്രദേശമപ്പാടെ നശിക്കുമെന്ന് അവര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ മുന്നറിയിപ്പ് നല്കി. ഈ മേഖലയിലെ സംരക്ഷിത വന്യ പാര്‍ക്കുകളായ സിബിലോയി, സൗത്ത് ഐലന്റ്, സെന്‍ട്രല്‍ ഐലന്റ് എന്നിവയുടെ സമ്പൂര്‍ണനാശവും അവര്‍ പ്രവചിച്ചു.
പക്ഷേ, ‘ഡാം വരും; എല്ലാം ശരിയാവും’ എന്ന മട്ടിലാണ് സര്‍ക്കാരുകളുടെ നീക്കം. ഡാം പൂര്‍ത്തിയാവുന്നതോടെ തടാകത്തിലേക്ക് വെള്ളമൊഴുക്ക് വര്‍ധിക്കും. ജലപ്രവാഹത്തിന് മുട്ടുവരില്ല. അതോടെ മീന്‍വളര്‍ത്തലും കാലിമേയ്ക്കലും മടങ്ങിവരും. ഗോത്രവര്‍ഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. പക്ഷേ സന്നദ്ധ സംഘടനകളും സ്വതന്ത്ര നിരീക്ഷകരും ഈ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. ഒരു വലിയ ജനവാസ മേഖലയിലെ ജൈവ സന്തുലനം പാടെ തകരാറിലാക്കുന്ന ഏര്‍പ്പാടാണ് അണക്കെട്ടും വെള്ളം തിരിച്ചുവിടലുമൊക്കെയെന്ന് അവര്‍ വാദിക്കുന്നു.
വാദപ്രതിവാദങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമിടയില്‍ മണല്‍ക്കാട്ടിലെ ആ മഹാസാഗരം തീരംവിട്ട് അകന്നകന്നുപോവുകയാണ്. അതിനെ ആശ്രയിച്ചു ജീവിച്ചവര്‍ പരസ്പരം പോരടിക്കാന്‍ തോക്കേന്തി നില്ക്കുന്ന അവസ്ഥ. ചെറുത്തുനില്ക്കാന് ശേഷി കുറഞ്ഞവര്‍ അഭയാര്‍ത്ഥികളുടെ വഴി സ്വീകരിക്കുന്നു. സ്വന്തമായി നിലനില്‍പ്പിനുള്ള വഴി കണ്ടെത്തുന്നവര്‍ പലപ്പോഴും തോക്കിനുമുന്പില് എരിഞ്ഞടങ്ങുന്നു. അറാള്‍ കടല്‍, ചാവുകടല്‍ തുടങ്ങിയ ജലസാഗരങ്ങളുടെ വഴിയില്‍ നാശത്തിലേക്ക് നടന്നടുക്കുകയാണ് തുര്‍ക്കാനയും. ആ മരുസാഗരത്തിനായി നമുക്കും വീഴ്ത്താം ഒരു തുള്ളി കണ്ണുനീര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: