കായംകുളം നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നാല് വര്‍ഷത്തിനിടെ പകര്‍ന്നത് 40 ലക്ഷത്തിന്റെ കാരുണ്യം. ക്യാന്‍സര്‍ കാര്ന്നുതിന്നവര്, വൃക്കരോഗം തളര്ത്തിയവര്, പണമില്ലാത്തതിനാല്‍ പഠിപ്പ് നിര്‍ത്തേണ്ടിവന്നവര്‍, പെണ്മക്കളുടെ വിവാഹത്തിന് വഴിയില്ലാതെ സങ്കടപ്പെട്ട അമ്മമാര്‍, സ്വയംതൊഴില്‍ വായ്പ്പയ്ക്ക് ബാങ്കുകളില്‍ കയറിയിറങ്ങി നിരാശരായവര്‍…. അങ്ങനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍ക്ക് മുന്നില്‍ ദൈവദൂതന്മാരായി ഇവര്‍ അവതരിച്ചു. ഭക്ഷണവും വസ്ത്രവും മരുന്നും നല്കി. ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികിത്സകള്‍ ഏറ്റെടുത്തു.
ഒരു ദിവസം ഒരാളെങ്കിലും സങ്കടം പറയാന്‍ കായംകുളം കെഎസ്ആര്‍ടിസി ജങ്ഷന് തൊട്ടുകിഴക്കുളള ഇവരുടെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തും. പേരും വിലാസവും വാങ്ങി, എല്ലാം ശരിയാക്കാമെന്ന് ഉറപ്പുപറഞ്ഞായിരിക്കും അവരെ മടക്കി അയയ്ക്കുക. ചികിത്സയ്ക്ക് വകയില്ലാതെ കഷ്ടപ്പെടുന്നവരാണ് കൂടുതലും. പലിശക്കാരുടെ ശല്യം സഹിക്കാതെ വരുന്നവരും മക്കളുടെ വിദ്യാഭ്യാസത്തിന് വകയില്ലാതെ വരുന്നവരും കുറവല്ല. സഹായം നല്‍കാമെന്ന് വാക്ക് കൊടുക്കുമ്പോഴും എങ്ങനെയെന്ന ഉളളുപൊളളുന്ന ചോദ്യവുമായിട്ടാണ് വൈകുന്നേരം റിക്ഷാ തൊഴിലാളികള്‍ ഒത്തുകൂടുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുകയെന്ന തീരുമാനമെടുക്കും. അതാണ് ഉത്തരം.
ഒരാഴ്ചത്തെ ഓട്ടത്തില്‍ നിന്നും പെട്രോള്‍ കാശും വീട്ടില്‍ അരിമേടിക്കാനുളളതും കഴിച്ചുളളതെല്ലാം സഹായത്തിനായി മാറ്റിവയ്ക്കും. ഈ ഓട്ടോക്കാരുടെ നന്മ തിരിച്ചറിയുന്ന മറ്റുചിലര്‍ കൂടിയുണ്ട്. അവരും സഹായിക്കും. പറഞ്ഞ സമയത്തുതന്നെ സഹായധനവുമായി വിലാസം തേടിപ്പിടിച്ച് ഇവരെത്തിയിരിക്കും. പലപ്പോഴും കുടുംബത്തെ ഒപ്പം കൂട്ടിയായിരിക്കും ഈ യാത്ര. താലിമാല പണയംവച്ചും ഭര്ത്താക്കന്മാരുടെ പുണ്യപ്രവൃത്തികള്‍ക്കൊപ്പം നില്‍ക്കുന്നവരും കൂട്ടത്തിലുണ്ട്.
ഇല്ലായ്മക്കാരുടെ ദാനം
‘അധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട്’ കായംകുളത്തെ 35 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയുടെ പേരാണിത്. ജോലി ചെയ്തുണ്ടാക്കുന്നതിന്റെ ഒരു വിഹിതം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയത്. എന്നാലിപ്പോള്‍ ജോലി ചെയ്യുന്നത് തന്നെ സേവനത്തിനാണെന്ന് പറയാം.
അംഗങ്ങളില്‍ പകുതിയില്‍ അധികവും വാടക വീട്ടില്‍ താമസിക്കുന്നവരാണ്. പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന വലിയ കുടുംബങ്ങളുടെ അത്താണികളായവരുമുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നവരുണ്ട്. ഇവരാണ് ലക്ഷങ്ങളുടെ സഹായധനം വിതരണം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് സംഘടന രൂപംകൊളളുന്നത്. ആദ്യ വര്‍ഷം അഞ്ച് ലക്ഷം രൂപയോളമാണ് സഹായം നല്‍കിയത്. പിന്നീട് പ്രതിവര്‍ഷം 10 ലക്ഷം രൂപയിലധികമാണ് സഹായത്തിനായി മാറ്റി വയ്ക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ സഹായവിതരണത്തിന് വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കും. അടിയന്തിര സഹായം ആവശ്യമുളളവര്‍ക്ക് അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കകം സഹായം എത്തിക്കും.
വഴിത്തിരിവായത് സഹപ്രവര്‍ത്തകന്റെ വിയോഗം
സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗമാണ് കായംകുളത്തെ ഈ ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്. ക്യാന്‍സര്‍ ബാധിച്ച് സഹപ്രവര്ത്തകന് മരിച്ചത് നാല് വര്‍ഷം മുമ്പാണ്.
വണ്ടി ഓടിച്ചുകിട്ടുന്നതുകൊണ്ട് അല്ലലില്ലാതെ ജീവിക്കുന്നതിനിടെയാണ് വീണുപോയത്. ലക്ഷങ്ങള്‍ ചെലവാക്കിയുളള ചികിത്സ ഫലം കണ്ടില്ല. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം അനാഥമായി. കഷ്ടപ്പാടറിയാതെ ജീവിച്ച കുടുംബം ജീവിക്കാന്‍ വകയില്ലാത്ത സ്ഥിതിയിലായി. ആ മരണം സുഹൃത്തുക്കളെ ഏറെ ചിന്തിപ്പിച്ചു. ഇതുപോലെ ആയിരങ്ങള്‍ കണ്മുന്നില് ജീവിക്കുന്നത് അവര്‍ തിരിച്ചറിഞ്ഞു.
കായംകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എം.ജി. മനോജ് ഈ സമയത്താണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ ക്ലാസ് നടത്തിയത്. ഗതാഗത നിയമങ്ങള്‍ക്കപ്പുറത്ത് മനുഷ്യസ്നേഹത്തിന്റെ വലിയ ലോകമുണ്ടെന്ന് മനോജ് ഇവരോട് പറഞ്ഞു. ചെറിയ പിഴവുകള്‍ക്കുപോലും പഴികേള്‍ക്കുന്ന തങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങള്‍ അവര്‍ പങ്കുവച്ചു. സഹജീവി സ്നേഹത്തിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയെപ്പറ്റി മനോജ് പറഞ്ഞപ്പോള്‍ മുമ്പിലിരുന്നവര്‍ കൈ ഉയര്‍ത്തി. അങ്ങനെ രൂപംകൊണ്ട കൂട്ടായ്മയാണിത്.
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം എന്ന നിബന്ധനമാത്രമാണ് സംഘടനയ്ക്ക് അന്നും ഇന്നും ഉളളത്. ആദ്യം ചെറിയ തോതിലുളള സഹായങ്ങളാണ് നല്‍കിയിരുന്നത്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവരെപ്പറ്റി കേട്ടറിഞ്ഞ് സഹായം എത്തിക്കുകയായിരുന്നു. പിന്നീട് ആളുകള്‍ തേടിവന്നു തുടങ്ങി. ഇപ്പോള്‍ അഞ്ഞൂറോളം അപേക്ഷകളാണ് സഹായം തേടി ഇവര്‍ക്ക് മുന്നിലുളളത്. ഓരോ ദിവസവും ഈ പട്ടിക വലുതാകുന്നു. എല്ലാവര്ക്കും സഹായം എത്തിക്കാനുളള ഓട്ടത്തിലാണ് ഇവര്‍.
കിടക്കയില്‍ 17 വര്‍ഷം, ഒടുവില്‍ ഗീതയ്ക്ക് സംഭവിച്ചത്
അപൂര്‍വ രോഗം ബാധിച്ച് 17 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ചേര്‍ത്തല പാണാവളളി സ്വദേശി ഗീത. നാട്ടില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പലതുവന്നു. അവയൊന്നും ഗീതയ്ക്ക് തുണയായില്ല. ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷയും കുടുംബത്തിനില്ലായിരുന്നു. അവിടേക്കാണ് രണ്ട് വര്‍ഷം മുമ്പ് തിരുവോണത്തിന് കായംകുളത്തെ ഓട്ടോകൂട്ടായ്മ കടന്നുവന്നത്. രക്ഷാധികാരിയായ എം.ജി. മനോജിന്റെ നേതൃത്വത്തില്‍.
ഓണപ്പുടവയും ഓണക്കിറ്റുമായുളള ആ വരവ് ഗീതയെയും കുടുംബത്തെയും അത്ഭുതപ്പെടുത്തി. ഗീതയ്ക്ക് സഹായം കിട്ടിയിരുന്നെങ്കിലെന്ന് ആ കൂടിക്കാഴ്ചയില്‍ അമ്മ മാധവി പറഞ്ഞിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആ അമ്മയുടെ വാക്ക് മറന്നില്ല. അടുത്ത ദിവസം അവര്‍ വീണ്ടുമെത്തി. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കിടക്ക, വാട്ടര്‍ ബെഡ് എന്നിവയ്ക്കൊപ്പം ഒരു റേഡിയോകൂടി സമ്മാനിച്ചു. ഗീതയ്ക്ക് റേഡിയോ പരിപാടികള്‍ വലിയ ഇഷ്ടമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
കുട്ടനാട്ടിലെ അന്ധരായ വൃദ്ധ ദമ്പതിമാര്‍ക്ക് ശുചിമുറിയും കുടിവെളളവും എത്തിച്ച് അധ്വാന വിഹിത ജീവികാരുണ്യ പ്രവര്‍ത്തന ഫണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളുടെ ദുരിതമറിഞ്ഞ് അവിടെയും ഇവര്‍ ഓടിയെത്തി. അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സഹായവും നല്കി.
ഏവൂരില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ജീവിതമാര്‍ഗം ഒരുക്കി നല്കി ഇവര്‍ സേവനത്തിന്റെ പുതിയ വഴി തുറന്നു. 75,000 രൂപയോളം ചെലവാക്കി ഒരു പച്ചക്കറി കടയാണ് നല്‍കിയത്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ്പ നല്കാന് ബാങ്കുകള്‍ പലവിധ തടസ്സങ്ങളാണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കാനും പദ്ധതിയുണ്ട്.
നാല് വര്‍ഷത്തിനിടെ എഴുന്നൂറോളം പേര്‍ക്ക് ചികിത്സാ സഹായം നല്കി. മുന്നൂറിലധികം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവും എത്തിച്ചു. ഭിക്ഷാടനം നടത്തിവന്ന അംഗപരിമിത യുവാവിന് ലോട്ടറി കച്ചവടത്തിനായി മുച്ചക്ര സൈക്കിള്‍, അങ്ങനെ നിരവധി സ്വയം തൊഴില്‍സംരംഭങ്ങള്‍…. ഇവരുടെ കാരുണ്യം പലവഴികളിലായി ഒഴുകി പരക്കുകയാണ്.
മാവേലിക്കര സബ് ജയിലില്‍ തടവുകാര്‍ക്കുളള ലൈബ്രറിയിലേക്ക് 20,000 രൂപ വിലവരുന്ന പുസ്തകങ്ങളാണ് അധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തകര്‍ സമ്മാനിച്ചത്. മന്ത്രി ജി. സുധാകരനാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്. വായനാവാരാഘോഷത്തില്‍ ജയിലില്‍ നടന്ന ചടങ്ങാണ് ഇവരെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞ തടവുകാര്‍ പുതിയ പുസ്തകങ്ങള്‍ക്ക് ആഗ്രഹം പ്രകടിപ്പിക്കുന്നതായി സൂപ്രണ്ട് ഈ ചടങ്ങില്‍ പറഞ്ഞു. ഇതറിഞ്ഞപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പുസ്തകങ്ങള്‍ നല്കാന് തീരുമാനിച്ചത്.
അനാഥാലായങ്ങളിലേക്കൊരു സ്നേഹയാത്ര
അവധി ദിവസങ്ങളില്‍ വിനോദയാത്ര നടത്തുന്ന പതിവുള്ളവര്‍ ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കണ്ടുപഠിക്കണം. കുടുംബസമേതം അനാഥാലയങ്ങളിലേക്കാണ് ഇവരുടെ യാത്ര. അന്തേവാസികള്‍ക്ക് വസ്ത്രവും വീട്ടിലുണ്ടാക്കിയ ഭക്ഷണവും കരുതിയാണ് പോകുന്നത്. ഇവരുടെ ആര്‍ഭാടപൂര്‍വമായ ‘വിനോദയാത്ര’ പലപ്പോഴും പത്തനാപുരം ഗാന്ധിഭവനിലേക്കായിരിക്കും. അന്തേവാസികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചായിരിക്കും മടങ്ങുക.
ഗാന്ധിഭവന് ചെയര്മാന് പുനലൂര്‍ സോമരാജന് ഇവരേപ്പറ്റി നല്ലതേ പറയാനുളളു. ഇവരുടെ സഹായധന വിതരണ സമ്മേളനങ്ങളില്‍ പതിവായി ഇദ്ദേഹം പങ്കെടുക്കാറുണ്ട്. അടുത്തിടെ ഏവൂരില്‍ നടന്ന സഹായധന വിതരണ യോഗം ഉദ്ഘാടനം ചെയ്തത് പുനലൂര്‍ സോമരാജനാണ്.
ഇല്ലായ്മക്കാര്‍ എന്തിനാണ് സാമൂഹ്യസേവനം നടത്തുന്നത്? കായംകുളത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവന സംഘടനയുടെ രക്ഷാധികാരിയായ എം.ജി. മനോജ് പലപ്പോഴും നേരിടുന്ന ചോദ്യമാണിത്. സാമൂഹ്യസേവനം ഓരോരുത്തരിലുമുണ്ടാക്കുന്ന മാനസിക പരിവര്‍ത്തം തിരിച്ചറിഞ്ഞാല്‍ ഇതിനുളള ഉത്തരമായി. സഹജീവികളുടെ സങ്കടം കണ്ട് കണ്ണുനിറയുന്നവര്‍ ഒരിക്കലും സമൂഹവിരുദ്ധരാകില്ല. അവര്‍ സ്വന്തം കുടുംബത്തെപ്പറ്റി കൂടുതല്‍ കരുതലുള്ളവരായി ജീവിക്കും. അനാവശ്യ ചെലവുകളും ധൂര്‍ത്തും ഒഴിവാക്കി മറ്റുള്ളവരുടെ സങ്കടങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം കൂട്ടുനില്‍ക്കും.
യാത്രക്കാരോടുളള പെരുമാറ്റത്തില്‍പോലും ഈ വ്യത്യാസം തിരിച്ചറിയാം. ആശുപത്രിയില്‍ പോകുന്നവരോട് സവാരിയുടെ പണം വാങ്ങാത്തവരാണ് ഈ കൂട്ടായ്മയിലുള്ളവര്‍.
കായംകുളത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സേവന പ്രവര്‍ത്തനങ്ങളില്‍ അവരേക്കള്‍ കൂടുതല്‍ താത്പര്യത്തോടെ മുന്നില്‍ നില്‍ക്കുന്നത് കുടുംബാംഗങ്ങളാണ്. കുടുംബനാഥനിലുണ്ടായ പരിവര്‍ത്തനം കുടുംബത്തെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിതെന്നും ഇപ്പോള്‍ കൊല്ലം കുന്നത്തൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന എം.ജി. മനോജ് ചൂണ്ടിക്കാട്ടുന്നു.
കായംകുളത്തെ കൂട്ടായ്മയുടെ മാതൃകയില്‍ മനോജ് കുന്നത്തൂര്‍ ഓഫീസ് പരിധിയിലെ ശാസ്താംകോട്ടയിലും ഓട്ടോറിക്ഷാ തൊഴിലാളികളെ സംഘടിപ്പിച്ചിട്ടുണ്ട്. സ്നേഹകൂട്ടം എന്ന പേരില്‍ ഈ കൂട്ടായ്മ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്.
ഗുരുനിത്യചൈതന്യയതി പുരസ്കാരം, സര്‍വോദയം കുര്യന് പുരസ്കാരം
ഗുരു നിത്യചൈതന്യയതി പുരസ്കാരം കഴിഞ്ഞ വര്‍ഷം കായംകുളത്തെ ഓട്ടോറിക്ഷാ കൂട്ടായ്മയ്ക്കായിരുന്നു. 25,000 രൂപവും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഇവര്‍ അന്നുതന്നെ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി ജി. സുധാകരന് കായംകുളത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയാണ് ഈ തുക ഏറ്റുവാങ്ങിയത്. ഈ വര്‍ഷത്തെ സര്‍വോദയം കുര്യന് പുരസ്കാരവും ഇവര്‍ക്കായിരുന്നു.
അധ്വാന വിഹിതജീവകാരുണ്യ പ്രവര്‍ത്തനം നയിക്കുന്ന എം.ജി. മനോജിന് ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, ലൈഫ് ഫൗണ്ടേഷന്റെ പ്രഥമ സ്നേഹകീര്ത്തിപുരസ്കാരം എന്നിവയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: