ഒമ്പതേക്കര്‍ പാടശേഖരത്ത് പരമ്പരാഗതമായ ഒമ്പതിനം നെല്ലുകള്‍ ഒരേ സമയം കൃഷി ചെയ്യുകയാണ് വയനാട് മാനന്തവാടി എള്ളുകുന്നം പെരുഞ്ചോല തറവാട്ടിലെ കര്‍ഷകര്‍. പാടശേഖരത്ത് വരമ്പുകള്‍ ഉയര്‍ത്തി അതിരുകള്‍ വെച്ചാണ് ഓരോ നെല്ലും കൃഷി ചെയ്യുന്നത്. വെളിയന്‍, ചേറ്റു വെളിയന്‍, ഗന്ധകശാല, എച്ച് ഫോര്‍, ആതിര, ഉമ, തൈച്ചൂങ്ങ്, ഓതണ്ടന്, കുള്ളന്‍ ആതിര തുടങ്ങിയ ഇനം നെല്ലുകളാണ് പാടശേഖരത്ത് നൂറുമേനി വിളഞ്ഞ് കിടക്കുന്നത്. വളമോ കീടനാശിനി പ്രയോഗമോ നടത്താതെ കൃഷി ചെയ്യുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
കൃഷിക്ക് നേതൃത്വം നല്‍കുന്നത് തറവാട്ടിലെ അച്ഛച്ചന് ആണ്. കൂട്ടുകുടുംബമായതിനാല്‍ വിതമുതല്‍ വിളവെടുപ്പ് വരെയുള്ള പാടത്തെ ജോലികള്‍ ചെയ്യുന്നതും ഇവര്‍ തന്നെ. മഴ സീസണില്‍ മലയുടെ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം പാടശേഖരത്തിന് മുകളില്‍ തടഞ്ഞ് നിര്‍ത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പറമ്പില്‍ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ അടക്കം മലയില്‍ നിന്ന് ഊറി വരുന്ന വെള്ളത്തില്‍ ഉണ്ടാകും. അതിനാല്‍ തന്നെ ഇതില്‍ നല്ല വളവും അടങ്ങിരിക്കും. ഇത്തരത്തില്‍ തടഞ്ഞു നിര്‍ത്തുന്ന വെള്ളം നിശ്ചിത ഇടവേളകളില്‍ പാടശേഖരത്തേക്ക് ഒഴുക്കുക മാത്രമാണ് ചെയ്യുന്നത്.
കീടങ്ങളുടെ അക്രമം ഉണ്ടായാല്‍ വയനാടന്‍ മലകളില്‍ കാണപ്പെടുന്ന പ്രത്യേകം സസ്യങ്ങളുടെ ഇലകള്‍ വലയില്‍ നിക്ഷേപിച്ചാല്‍ പിന്നെ കീടങ്ങള്‍ അടുക്കില്ലന്ന് കര്‍ഷകര്‍ പറയുന്നു. പാടത്ത് വിത്തിറക്കുന്നത് മുതല്‍ വിളവെടുക്കുന്നതുവരെ തറവാട്ടിലുള്ളവര് ഒന്നിച്ചാണ്. വിളവെടുപ്പിന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. പരമ്പരാഗത രീതിയില്‍ കൊയ്താണ് നെല്ല് എടുക്കുന്നത്. വിവിധയിനം നെല്ലുകള്‍ ആയതിനാല്‍ വിളയുമ്പോള്‍ മുതല്‍ ഓഡറുകള്‍ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് ആവശ്യക്കാര്‍ അധികവും എത്തുന്നത്. പരമ്പരാഗത നെല്ലിനങ്ങള്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ ഓരോ വര്‍ഷവും ആവശ്യക്കാര്‍ കൂടിവരികയാണ്. പലപ്പോഴും നേരത്തെ ഓഡര്‍ നല്‍കുന്നവര്‍ക്കു മാത്രമാണ് നെല്ല് വില്‍ക്കാറുള്ളത്. കൂടുതലും വിത്തിനായിട്ടാണ് ആവശ്യക്കാര്‍ എത്തുന്നത്.
വര്‍ഷത്തില്‍ കൃഷി രണ്ട്; ഒപ്പം പച്ചക്കറിയും
ഒരു വര്‍ഷം രണ്ടു തവണ നെല്‍കൃഷിയും ഇതിനിടയില്‍ ലഭിക്കുന്ന സമയത്ത് പാടശേഖരത്ത് പച്ചക്കറി കൃഷിയും നടത്തി കൃഷി ആദായകരമാക്കുകയാണ് പെരുഞ്ചോല തറവാട്ടിലെ കര്‍ഷകര്‍. ഓരോ സീസണിലും വിത്തുകള്‍ പാടത്ത് മാറ്റി പരീക്ഷിക്കുകയും ചെയ്യാറുണ്ട്. വിത്തുകള്‍ മാറ്റി കൃഷി ചെയ്യുന്നതിലൂടെ പാടം ഏതു കൃഷിക്കും സജ്ജമാക്കിയെടുക്കാന്‍ സാധിക്കും. വളവും കീടനാശിനിയും ഉപയോഗിക്കാതെയാണ് പച്ചക്കറി കൃഷിയും ചെയ്യുന്നത്.
വെളളരി, കുമ്പളം, മത്തന്‍, വെണ്ട, ചീര, വിവിധയിനം പയറുകളും പാടത്ത് വിളയുന്നു.
കൃഷിവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ തേടാതെയുള്ള കൃഷി പൂര്‍ണ്ണ വിജയമാണ്. പാടശേഖരത്ത് ചെറിയ മാറ്റം ഉണ്ടായാല്‍ പരിഹരമാര്ഗം ഒന്നും ആലോചിക്കാതെ ആവലാതിയുമായി കര്‍ഷകര്‍ ഓടിയെത്തുന്നത് കൃഷഭവനുകളിലേക്കാണ്. കൃഷിയിടംപോലും സന്ദര്‍ശിക്കാതെ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന കീടനാശിനികള്‍, നിര്‍ദ്ദേശിക്കുന്ന അളവിന്റെ നാലിരട്ടി കൂട്ടി പാടത്ത് പ്രയോഗിക്കുന്നതാണ് സാധാരണ കര്‍ഷകരുടെ പതിവ്.
എന്നാല്‍ പാടത്തെ വെള്ളം വറ്റിയാല്‍ തീരാവുന്ന പ്രശ്നം മാത്രമേ നെല്ലിന് ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പെരുഞ്ചോല തറവാട്ടിലെ കര്‍ഷകര്‍ കൃഷി ഭവനുകളിലെത്തി നിര്‍ദ്ദേശങ്ങളൊന്നും ചോദിക്കാറില്ല. പരമ്പരാഗതമായി ലഭിച്ച കൃഷി അറിവുകളാണ് ഇവര്‍ കൃഷി ചെയ്യുമ്പോള്‍ പ്രയോഗിക്കാറുള്ളത്. ഈ അറിവുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നൂറ് ശതമാനവും കൃഷി വിജയകരമായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ നെല്ല് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുകയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച വിളവാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നും ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു.
ഫോണ്‍: 9605686295
പ്രതികരിക്കാൻ ഇവിടെ എഴുതുക: