പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഗില്‍നെറ്റ് ബോട്ടുകള്‍ പൂര്‍ണ്ണമായും തിരിച്ചെത്തിയില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ഗില്‍ നെറ്റ് ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട 250ഓളം ബോട്ടുകളില്‍ 70 ഓളം ബോട്ടുകള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിയിരിന്നു. കൂടാതെ അഞ്ച് ബോട്ടുകള്‍ ലക്ഷദ്വീപിലും 16 ബോട്ടുകള്‍ കൊച്ചിയിലും വെള്ളിയാഴ്ച എത്തിയിരിന്നു.ശനിയാഴ്ച വൈകിട്ടോടെ 12 ബോട്ടുകള്‍ കൊച്ചിയിലെത്തി. ഇതിന് പുറമെ ബേപ്പുര്‍ 25 ബോട്ടും മംഗലാപുരത്ത് 60 ബോട്ടും എത്തിയതായി കൊച്ചിന് ലോംഗ് ലൈന്‍ ബോട്ട് ആന്റ് ബയിംഗ് ഏജന്റ് അസോസിയേഷന് പ്രസിഡന്റ് എ.എം. നൗഷാദ് പറഞ്ഞു. മറ്റു ബോട്ടുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
തിങ്കളാഴ്ചയോടെ ബോട്ടുകളെല്ലാം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച പത്ത് തൊഴിലാളികളുമായി കൊല്ലത്തിന്റെ പടിഞ്ഞാറ് വശം മുങ്ങിയ തുയന്‍ അന്തോനിയന്‍-1 എന്ന ബോട്ടിനെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെ സംബന്ധിച്ചോ യാതൊരു വിവരവുമില്ല. വെള്ളിയാഴ്ച ഹാര്‍ബറില്‍ എത്തിയ തുയന്‍ അന്തോനിയന്‍-2 എന്ന ബോട്ടിലെ തൊഴിലാളികളാണ് ഈ വിവരം അറിയിച്ചത്. മുങ്ങിയ ബോട്ടില്‍ രണ്ട് മലയാളികളുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും പോയ അത്ഭുതമാത എന്ന ബോട്ടും 70 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മുങ്ങിയതായാണ് വിവരം. ആലപ്പുഴയില്‍ നിന്നും പോയ ജോയല്‍ എന്ന ബോട്ടും അതിലെ അഞ്ച് മത്സ്യതൊഴിലാളികളെയും കാണാതായിട്ടുണ്ട്. ഈ ബോട്ടുകള്‍ കണ്ടെത്തുന്നതിന് അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: