തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസസ്ഥാനപങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെ മാനേജ്‌മെന്റുകള്‍ പ്രക്ഷോഭത്തിന്. വര്‍ഷങ്ങലായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. 6500 ല്‍പരം സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. മൂന്നരപതിറ്റാണ്ടായി അംഗീകാരത്തിന് കാത്തിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കേന്ദ്ര വിദ്യഭ്യാസ അവകാശനിയമവും ബാലാവകാശ കമ്മീഷന്റെ ഉത്തരവുമാണ് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ സമ്മര്‍ദ്ദവും പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
ആള്‍ കേരളാ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍സ് കോ ഓര്‍ഡിനന്‍സ് കമ്മിറ്റിയും ആള്‍കേരള പ്രൈവറ്റ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നത്. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റും എകെപിസിസി സംസ്ഥാന പ്രസിഡന്റുമായ വി.എം. സുന്ദരേശനുണ്ണിയുടെ അധ്യക്ഷതിയില്‍ കെ. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വസ്തുനിഷ്ഠമായി പഠിക്കാതെ കയ്യടി വാങ്ങാന്‍ സര്‍ക്കാര്‍ ചെയ്യുന്ന നടപടി പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. അടച്ചുപൂട്ടല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ന്തിരിയണമെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍ മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. അഡ്വ ജെ. വേണുഗോപാലന്‍നായര്‍, ഫാദര്‍ ഡോ മാത്യു മനക്കരക്കാവില്‍, എം. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
















