ദുരന്തങ്ങളും മനോഹരമായ പേരില്‍ അറിയപ്പെടുന്നതില്‍ എന്താണ് കുറ്റം. ദുരിതങ്ങളുടെ ആഴത്തിലേക്ക് എല്ലാം വലിച്ചെറിയുന്ന ചുഴലിക്കാറ്റിനും നല്കുന്നപേരും മനോഹരമാണ്. ഇപ്പോള്‍ കേരളത്തെ വിറപ്പിക്കുന്ന ചുഴലിക്കാറ്റിന്റെ പേര് ഓഖി. കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും വന്വിനാശകാരി. ബംഗ്ളാദേശാണ് ഈ പേരിട്ടത്. അര്‍ഥം കണ്ണ്. എന്നാല്‍ ഈ കണ്ണിലെ കൃഷ്ണ മണിയാകട്ടെ എഴുപതും നൂറും കിലോമീറ്റര്‍ വേഗത്തിലാകുന്ന ചെകുത്താന് കാറ്റും.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്ദത്തില്നിന്നാണ് ഓഖിയുടെ പിറവി. ഈ ഭാഗത്തുനിന്നും രൂപംകൊള്ളുന്ന ചുഴലിക്കാറ്റിനു പേരിടാനുള്ള അവകാശം ഇന്ത്യ, ബംഗ്ളാദേശ് ,ഒമാന്‍, മ്യാന്മര്, തായ്ലാന്റ് എന്നീ രാജ്യങ്ങള്‍ക്കാണ്. ഇനി വരാനിരിക്കുന്ന കാറ്റിനു പേരിടാനുള്ള അവകാശം ഇന്ത്യയ്ക്കാണ്. പക്ഷേ പേരിട്ടു കഴിഞ്ഞു, സാഗര്‍.
കത്രീന ,ഇര്‍മ, ഹാര്‍വി എന്നിങ്ങനെ അഴകിലറിയപ്പെടുന്ന ദുരന്തവാഹിയായ ചുഴലിക്കാറ്റുകള്‍ വന്‍നാശം വിതച്ചവയാണ്. 2005 ആഗസ്റ്റിലാണ് കട്രീന യുഎസില്‍ ആഞ്ഞുവീശിയത്. ബഹാമാസ്, ഫ്ളോറിഡ, മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ ഈ കാറ്റുവിതച്ച നാശത്തിനു കണക്കില്ല. ഹാര്‍വിയും ഇര്‍മയും വീശിയത് അടുത്തടുത്ത നാളുകളിലാണ്, ഇക്കഴിഞ്ഞ ആഗസ്റ്റില്‍. ഗയാന, നിക്വരാഖ്യ, ഹോണ്ടുറസ്, അമേരിക്ക എന്നിവിടങ്ങളിലാണ് ഹാര്‍വി ദുരിതം വിതച്ചത്. ആമാസം തന്നെ ഇര്‍മ പോര്‍ട്ടോ റിക്കോയിലും ഫ്ളോറിഡയിലും ദുരിതമുണ്ടാക്കി.
അടുത്തകാലത്ത് ചുഴലിക്കൊടുങ്കാറ്റുകള്‍ കൂടുതല്‍ ആക്രമിച്ചതും അമേരിക്കയെയാണ്. അമേരിക്കയുടെ ശാസ്ത്രപുരോഗതിയും എല്ലാത്തരത്തിലുമുളള പ്രതിരോധത്തേയും അമ്പേപരാജയപ്പെടുത്തിയുള്ള പരീക്ഷണമായിരുന്നു അത്. പുഴയായ നിരത്തില്‍ ബോട്ടോടിച്ചുകൊണ്ടാണ് ജനം പരക്കംപാഞ്ഞത്.
ലാബൊര് ഡേ, കാമിലെ, ആന്‍ഡ്രു, ഇന്ഡിയനോള , ഗ്രേറ്റ് മിയാമി, ഡോണ എന്നിങ്ങനെ നിരവധി ചെകുത്താന് കാറ്റുകള്‍ വന്നുപോയി. കാറ്റുകള്‍ സുന്ദരമാണ്. ഒരു ചെറുകാറ്റുനല്കുന്ന അനുഭൂതി വലുതാണ്. കാറ്റിനുമുണ്ടാകും ഒത്തിരികഥപറയാന്. പക്ഷേ എന്തും അധികമായാലോ. അധികപ്പറ്റായ ഒരുകാറ്റായി വീശുകയാണ് ഓഹി. കേരളമാകട്ടെ അതിന്റെ ആശങ്കയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: