കന്യാകുമാരി: ജില്ല ഇക്കാലമത്രയും കാണാത്ത നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. കന്യാകുമാരിയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഓഖി ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. ജില്ലയൊട്ടാകെ ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകി വീണത്. മരം വീണ് നാലുപേര്‍ മരിച്ചു. വീടിന്റെ പുറത്ത് മരം വീണ് പളുകല്‍ സ്വദേശി അലക്‌സാണ്ടര്‍ (55), ദേഹത്തു കൂടെ മരം വീണ് ഈത്താമൊഴി സ്വദേശി കുമരേശന്‍ (50), കാര്‍ത്തിക വടലി സ്വദേശി രാജേന്ദ്രന്‍ (38), മണ്ടയ്‌ക്കാട് സ്വദേശിനി സരസ്വതി(45) എന്നിവരാണ് മരിച്ചത്. നാഗര്‍കോവില്‍ കോടതി വളപ്പ്, കളക്ടറേറ്റ് വളപ്പ്, കുഴിത്തുറ പൊതുമരാമത്ത് കാര്യാലയം, കോടതി എന്നിവിടങ്ങളിലെല്ലാം മരംവീണ പട്ടികയിലുള്‍പ്പെടും. ദേശീയപാതയിലൊട്ടാകെ ആയിരക്കണക്കിന് ചെറുതും വലുതുമായ മരങ്ങള്‍ വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പതിനായിരക്കണക്കിന് വാഴകളാണ് കാറ്റില്‍പ്പെട്ട് ഒടിഞ്ഞുവീണത്. മുട്ടം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നൂറുക്കണക്കിന് മത്സ്യബന്ധനബോട്ടുകള്‍ നശിച്ചു. നിരവധി ക്ഷേത്രങ്ങളും വീടുകളും തകര്‍ന്നു. ജില്ലയില്‍ കന്യാകുമാരി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീവണ്ടി ഗതാഗതവും പൂര്‍ണമായും നിലച്ചു. പള്ളിയാടിയില്‍ മണ്ണിടിഞ്ഞതിനു പുറമെ വിവിധ സ്ഥലങ്ങളില്‍ പാളത്തില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണം തടസപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറച്ചു. വെള്ളിയാഴ്ചയും ജില്ലാഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
















