വെള്ളറട: കനത്ത മഴയും കാറ്റും മലയോരമേഖലയില്‍ വന്‍നാശം. അമ്പൂരി മായം കരുമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടി. നെയ്യാര്‍ഡാം റിസര്‍വോയറിനു സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വൈദ്യുതിപോസ്റ്റുകളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടു.
വനത്തില്‍ ഉരുള്‍പൊട്ടിയതു നിമിത്തം നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. അമ്പൂരി, പന്ത എന്നിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. സമീപമുള്ള നെയ്യര്‍ഡാമില്‍ നാലുഷട്ടറുകളും ആറടി ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. പരമാവധി സംഭരണശേഷിയായ 84.750 മീറ്റര്‍ കഴിഞ്ഞു. ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോള്‍ 84.800 ന് മുകളിലാണ് ജല നിരപ്പ്. മഴ ഇനിയും ശക്തമായാല്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ടി വരും. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പലയിടത്തും ട്രാന്‍സ്‌ഫോമറുകളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. പന്തയില്‍ ഏഴ് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു. രണ്ടുദിവസത്തേക്ക് വൈദ്യുതി ഉണ്ടാകില്ല. കാരക്കോണം-വെള്ളറട റോഡില്‍ നിലമാമൂട്ടില്‍ റോഡില്‍ വന്‍മരം കടപുഴകി വീണു. ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു. പന്തയില്‍ മനു ഭവനില്‍ തങ്കച്ചന്‍ നാടാരുടെ വീട്ടില്‍ വെള്ളം കയറി. രാവിലെ 5 മണിക്കാണ് വെള്ളം കയറിയത്. കുന്നത്തുകാലില്‍ മൂന്ന് വീടുകള്‍ക്ക് മുകളില്‍ മരം ഒടിഞ്ഞുവീണു.
















