പന്തളം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന പന്തളത്ത് പാര്‍ട്ടികള്‍ തകര്‍ച്ചയിലേക്ക്. സിപിഐ പന്തളം ലോക്കല്‍ സമ്മളനത്തിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് നൂറോളം പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.
ലോക്കല്‍ കമ്മറ്റിയില്‍ അനര്‍ഹര്‍ കയറിക്കുടിയതും സിപിഐയുടെ പന്തളത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്ടിവി സ്മാരകത്തിലെ നവീകരണ പ്രവര്‍ത്തങ്ങളില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമാണ് പാര്‍ട്ടിയെ ഏറെ ഉലച്ചിരിക്കുന്നത്. അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് അവസരം കൊടുക്കാത്തതാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച മനോജ് ചരളേലിനെ സസ്പെന്ഷന് പിന്‍വലിച്ച് റാന്നി മണ്ഡലം സെക്രട്ടറിയാക്കിയതും എതിര്‍പ്പിന് കാരണമായി.
പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തിരിക്കെ കൂട്ടമായി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും. നിലവില്‍ അഞ്ചോളം ബ്രാഞ്ച് സെക്രട്ടറിമാരാണ് സ്ഥാനം രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ വിവിധ പോഷക സംഘടനകളുടെ നേതാക്കളാണ്. പന്തളത്തെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതിയും നല്‍കിയതായി അറിയുന്നു.
സിപിഎമ്മിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ യുവാക്കളെ പൂര്‍ണ്ണമായും തഴഞ്ഞത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി. സജികുമാര്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായി സമൂഹ മധ്യമങ്ങളില്‍ പറഞ്ഞിരുന്നു. പന്തളം ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള എല്ലാ ലോക്കല്‍ സെക്രട്ടറിമാരെയും പുതിയ ഏരിയാ കമ്മിറ്റിയിലുള്പ്പെടുത്തിയെങ്കിലും കുരമ്പാല ലോക്കല്‍ സെക്രട്ടറിയായിരുന്ന ബി.പ്രദീപിനെ മാത്രം ഒഴിവാക്കി. പാര്‍ട്ടിയുടെ പന്തളത്തെ സമുന്നത നേതാവായിരുന്ന ടി.എസ്. രാഘവന്‍പിള്ളയുടെ പേരിലുള്ള ലോക്കല്‍ കമ്മിറ്റി ആസ്ഥാനത്തിനു നേരെ സിപിഎമ്മിലെതന്നെ ഒരു വിഭാഗം നടത്തിയ അതിക്രമത്തില്‍ പ്രദീപിനുള്ള എതിര്‍പ്പാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: