കല്‍പ്പറ്റ: ജില്ലയില്‍ കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന നേന്ത്രക്കായ നല്ല രീതിയില്‍ പായ്ക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും വിഎഫ്പി സികെ ശ്രമം തുടങ്ങിയതോടെ വയനാടന്‍ കര്‍ഷകരും പ്രതീക്ഷയില്‍. ഇതിന്റെ ആദ്യപടിയായി കര്‍ഷകര്‍ക്ക് പരിശീലനം തുടങ്ങി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേന്ത്രക്കായ ഉത്പ്പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. അമിതമായ രാസവള കീടനാശിനി പ്രയോഗം മൂലം ചില ദുഷ്പേരുകളും മാര്‍ക്കറ്റ് ബഹിഷ്കരണവും ഉണ്ടാകാറുണ്ട്. കൂടാതെ വിളവെടുപ്പ്സമയത്തെ ശ്രദ്ധകുറവ് മൂലം പതിനഞ്ച് ശതമാനത്തോളം വരുമാന നഷ്ടവും ഉണ്ടാകാറുണ്ട്. അതിനും പുറമെ ശക്തമായ കാറ്റിലും മഴയിലും വാഴ കൃഷിക്കുണ്ടാകുന്ന നഷ്ടവും കാരണം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാവുന്നു. ഇതില്‍ നിന്നും കര്‍ഷകരെ രക്ഷപ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന് കേരളയുടെ നേതൃത്വത്തില്‍ പുതിയ ഇടപെടല്‍ നടത്തുന്നത്.
കൃഷി രീതിയിലും വിളവെടുപ്പിലും വിപണനത്തിലും ഇപ്പോള്‍ സ്വീകരിച്ച് വരുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തുകയാണ് ആദ്യപടി. വിളവെടുപ്പിന് ശേഷം കമ്മനയിലെ പായ്ക്ക് ഹൗസിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തില്‍ ആധുനിക രീതിയില്‍ പായ്ക്ക് ചെയ്ത് നല്‍കും. പായ്ക്ക് ചെയ്ത വാഴക്ക വിഎഫ്പിസികെ. വഴി വിപണി ഒരുക്കി കൊടുക്കും. നേരിട്ട് വിപണനത്തിന് ശ്രമിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കും.
പ്രതിവര്‍ഷം 400 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് വിഎഫ്പിസികെ. 40 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കര്‍ഷകര്‍ വിഎഫ്പിസികെക്ക് കീഴിലുണ്ട്. കര്‍ഷകരില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ ശേഖരിച്ച് തളിര് എന്ന ബ്രാന്‍ഡില്‍ വില്‍പ്പന നടത്താനൊരുങ്ങുകയാണ്. ആദ്യ വിപണന കേന്ദ്രം ഡിസംബര്‍ 19ന് കൊട്ടാരക്കരയില്‍ ആരംഭിക്കും. ഓരോ ജില്ലയില്‍ നിന്നും ഉത്പ്പാദനം കൂടുതലുള്ള ഇനങ്ങളായിരിക്കും ശേഖരിക്കുക. വയനാട്ടില്‍നിന്ന് നേന്ത്രക്കായ തളിര് ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുമെന്ന് വിഎഫ്പിസികെ ഡയറക്ടര്‍ അജു ജോണ്‍ പറഞ്ഞു.
മൂല്യവര്‍ദ്ധിത ഉത്പ്പന്നക്കള്ക്ക് മുന്‍ഗണന നല്‍കും. ഓരോ ഉത്പ്പന്നത്തില്‍ നിന്നും ഒന്നിലധികം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും നേതൃത്വം നല്‍കും. നേന്ത്രക്കായയില് ചിപ്സ് പോലെ ബേബി ഫുഡും നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ട്. കര്‍ഷകര്‍ക്ക് സ്വന്തമായി ഈ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാം. വിഷരഹിതമായ നേത്രക്കായ കര്‍ഷകര്‍ ഉല്പാദിപ്പിച്ചാല് അതിന് വിഎഫ്പിസി കെയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പ്രചാരം നല്‍കും. വാഴക്കക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി വില ലഭിക്കുന്ന തരത്തിലാണ് പദ്ധതിയെന്നും അജു ജോണ്‍ പറഞ്ഞു.
ഇക്കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ആദ്യപടിയായി കല്‍പ്പറ്റയില്‍ തിരഞ്ഞെടുത്തവര്‍ക്കായി പരിശീലനം നല്കി. പരിപാടി വിഎഫ്പിസി കെ ഡയറക്ടര്‍ അജു ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാനേജര്‍ ജയരാജ് ജോസഫ് അധ്യക്ഷത വഹിച്ചു. സിന്ധു എസ്. നാരായണന്, ഡോ:സഫിയ എന്നിവര്‍ ക്ലാസ്സെടുത്തു. ഫാംഇന്ഫര്മേഷന് ബ്യൂറോ ഉപദേശകസമിതി അംഗം സി.ഡി.സുനീഷ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: